ലുലു ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് തിരുവനന്തപുരത്ത് അല്ല; അത് ഇവിടെയാണ്
ലോകമെമ്പാടും തങ്ങളുടെ പ്രവർത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കി മുന്നോട്ട് പോകുകയാണ് ലുലു ഗ്രൂപ്പ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പുതിയ മാളുകള്‍ തുറക്കാന്‍ പോകുന്ന ഗ്രൂപ്പ് ഗള്‍ഫ് മേഖലയിലെ തങ്ങളുടെ സാന്നിധ്യവും ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. അബുദാബിയുടെ പ്രാന്തപ്രദേശങ്ങളില്‍ അടക്കം മുതിയ മാളുകള്‍ തുറക്കാന്‍ പോകുന്നു.
ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാള്‍ പ്രവർത്തിക്കുന്നത് തിരുവനന്തപുരത്താണെന്ന് ഏവർക്കും അറിയാം. 2,000 കോടി രൂപ നിക്ഷേപത്തിൽ ഏകദേശം 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണത്തിലാണ് തിരുവനന്തപുരത്തെ മാള്‍ നിർമ്മിച്ചിരിക്കുന്നത്. ഇതില്‍ 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിന്റെ മുഖ്യ ആകർഷണം.

എന്നാല്‍ വർഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇതിലും വലിയ ഹൈപ്പർ മാർക്കറ്റ് ലുലു അബുദാബായില്‍ പ്രവർത്തനം ആരംഭിച്ചിരുന്നു. തങ്ങളുടെ 108 -ാമത്തെ ഹൈപ്പർമാർക്കറ്റായി ലുലു ഗ്രൂപ്പ് അബുദാബിയിലെ മുസ്സഫയ്ക്കടുത്തുള്ള മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ (MBZ സിറ്റി) ക്യാപിറ്റൽ മാളിലാണ് വമ്പന്‍ മാള്‍ പ്രവർത്തനം ആരംഭിച്ചത്.
അബുദാബിയിലെ തന്നെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായി അന്ന് തന്നെ ഇത് പട്ടികയില്‍ ഇടം പിടിക്കുകയും ചെയ്തു. 230000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോർ അന്നത്തെ യു എ ഇ സാംസ്കാരിക, യുവജന, കമ്മ്യൂണിറ്റി വികസന മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനാണ് ഉദ്ഘാടനം ചെയ്തത്.
താഴത്തെ നിലയിൽ ഭക്ഷണവും പലചരക്ക് വിഭാഗവും പ്രവർത്തിക്കുമ്പോള്‍ ഒന്നാം നിലയില്‍ ഡിപ്പാർട്ട്‌മെൻ്റല്‍, ലൈഫ് സ്റ്റൈല്‍ ഉത്പനങ്ങള്‍ എന്ന നിലയിലാണ് മാള്‍ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ഹൈപ്പർമാർക്കറ്റ് എം ബി ഇസഡ് സിറ്റി, ഖലീഫ സിറ്റി, മുസ്സഫ എന്നിവക്ക് പുറമെ സമീപ പ്രദേശങ്ങളിലെ തിരക്കേറിയ പ്രാന്തപ്രദേശങ്ങളിലെ നിവാസികൾക്ക് ഇന്നും കൂടുതൽ മികച്ച ഷോപ്പിങ് അനുഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
"ഇത് ഞങ്ങളുടെ ഗ്രൂപ്പിൻ്റെ നാളിതുവരെയുള്ള കാലത്തിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റാണ്. മാറിക്കൊണ്ടിരിക്കുന്ന ട്രെൻഡുകളും ഉപഭോക്തൃ ആവശ്യങ്ങളും കണക്കിലെടുത്ത് ഗുണനിലവാരം, സൗകര്യങ്ങള്‍ എന്നിവയെല്ലാം ഞങ്ങള്‍ എല്ലായിടത്തും എന്നപോലെ ഇവിടേയും ഉറപ്പ് വരുത്തും. ഞങ്ങളുടെ എല്ലാ സ്റ്റോറുകളും സ്റ്റോർ ഫിറ്റിംഗുകൾ, ശുചിത്വം, ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ എന്നിവയുടെ കാര്യത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെങ്കിലും ഈ ഹൈപ്പർമാർക്കറ്റ് ഈ മേഖലയിലെ റീട്ടെയിൽ വ്യവസായത്തിന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കും." എന്നായിരുന്നു ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലി അന്ന് തന്നെ വ്യക്തമാക്കിയത്.
അതേസമയം, അബുദാബിയുടെ സബർബൻ പ്രദേശങ്ങളിൽ കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ തുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലുലു ഗ്രൂപ്പിന്റെ നീക്കമെന്ന് എംഎ യൂസഫ് അലി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
"അബുദാബി സിറ്റിയുടെ പ്രാന്തപ്രദേശങ്ങളിൽ ഹൈപ്പർമാർക്കറ്റുകൾ തുറക്കുക എന്നതാണ് ഞങ്ങളുടെ ആശയം. അവിടെയുള്ള താമസക്കാർ നഗരത്തിലെ ഞങ്ങളുടെ സ്റ്റോറുകളിലേക്ക് ദീർഘദൂരം സഞ്ചരിച്ച് എത്താന്‍ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ അവരുടെ അടുത്തേക്ക് പോകണം," ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അബുദാബി നഗരത്തിൽ നിന്ന് 40 കിലോമീറ്ററിലധികം അകലെയുള്ള ഷവാമേഖ് സെൻട്രൽ മാളിൽ 85,000 ചതുരശ്ര അടിയിൽ ഒരു ഹൈപ്പർമാർക്കറ്റും അടുത്തിടെ ലുലു ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചിരുന്നു. വത്ബ മുനിസിപ്പാലിറ്റി സെൻ്റർ ഡയറക്ടർ ഹുമൈദ് അൽ മർസൂഖിയാണ് ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ഇത്തരത്തില്‍ തങ്ങളുടെ പ്രവർത്തനം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് പോകുകയാണ് ലുലു ഗ്രൂപ്പ്.












Click it and Unblock the Notifications