വരുമാനത്തില്‍ വമ്പന്‍ കുതിപ്പ് നടത്തി ലുലു ഗ്രൂപ്പ്; മൂന്നാം പാദത്തിലെ കണക്കുകള്‍ ഇങ്ങനെ...
ഐപിഒ അവസാനിച്ചതിന് ശേഷമുള്ള മൂന്നാം പാദത്തിലെ സാമ്പത്തികഫലങ്ങള്‍ പുറത്തുവിട്ട് ലുലു ഗ്രൂപ്പ്. സെപ്റ്റംബര്‍ 30-ന് അവസാനിക്കുന്ന 2024 ലെ മൂന്നാം പാദത്തില്‍ ലുലു റീട്ടെയില്‍ ശ്രദ്ധേയമായ വരുമാന വളര്‍ച്ചയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ലുലു റീട്ടെയ്‌ലിന്റെ വരുമാനം മൂന്നാം പാദത്തില്‍ 1.86 ബില്യണ്‍ ഡോളറിലെത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിവര്‍ഷം 6.1% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ലുലു ഗ്രൂപ്പിന്റെ യുഎഇ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ പ്രധാന വിപണികളിലെ ശ്രദ്ധേയമായ വളര്‍ച്ചയാണ് ഈ ശക്തമായ പ്രകടനത്തിന് ആക്കം കൂട്ടിയത്. 2024 മൂന്നാം പാദത്തിലെ ലൈക്ക്-ഫോര്‍-ലൈക്ക് (എല്‍എഫ്എല്‍) വില്‍പ്പന 1.2 ശതമാനം ഉയര്‍ന്ന് 1.7 ബില്യണ്‍ ഡോളറിലെത്തി. ഒമ്പത് മാസ കാലയളവിലെ എല്‍എഫ്എല്‍ വില്‍പന 2.2 ശതമാനം വര്‍ധിച്ച് മൊത്തം 5.3 ബില്യണ്‍ ഡോളറായി.

2024 ലെ മൂന്നാം പാദത്തില്‍ യുഎഇയില്‍ 7.5 ശതമാനം വരുമാന വര്‍ധനവാണ് ഉണ്ടായത്. മേഖലയിലെ അനുകൂലമായ വിപണി സാഹചര്യങ്ങളുടെ പിന്തുണയോടെ ഈ പാദത്തില്‍ 4.7 ശതമാനം എന്ന ആരോഗ്യകരമായ എല്‍എഫ്എല്‍ വളര്‍ച്ചയാണ് കൈവരിച്ചത്. 2024-ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ മൂന്ന് പുതിയ സ്റ്റോറുകളും യുഎഇയില്‍ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. സൗദി അറേബ്യയില്‍ മൂന്നാം പാദത്തില്‍ വരുമാനം 5.7 ശതമാനം വര്‍ധിച്ച് 369.3 മില്യണ്‍ ഡോളറായി.
ഒമ്പത് മാസ കാലയളവില്‍ സൗദിയില്‍ അഞ്ച് പുതിയ സ്റ്റോറുകള്‍ തുറന്നു, അതില്‍ രണ്ട് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, രണ്ട് എക്‌സ്പ്രസ് സ്റ്റോറുകള്‍, ഒരു മിനി മാര്‍ക്കറ്റ് എന്നിവ ഉള്‍പ്പെടുന്നു. ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലും ലുലു ശക്തമായ വരുമാന വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ഖത്തര്‍ സ്ഥിരമായ വരുമാനം നിലനിര്‍ത്തുകയും അതിന്റെ വിപണി വിഹിതം ഉയര്‍ത്തുകയും ചെയ്തു.
ഈ ഒമ്പത് മാസത്തില്‍ ലുലുവിന്റെ ഇ-കൊമേഴ്സ് വില്‍പ്പന 237.4 മില്ല്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു. ഇത് പ്രതിവര്‍ഷം 83.5 ശതമാനം വര്‍ധനവിനെയാണ് പ്രതിഫലിപ്പിക്കുത്. ലുലു ഗ്രൂപ്പിന്റെ മൊത്തം റീട്ടെയില്‍ വില്‍പനയുടെ 4.3 ശതമാനം ഇപ്പോള്‍ ഇ-കൊമേഴ്സ് രംഗത്ത് ആണ്. അതേസമയം കമ്പനിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധനച്ചെലവ് 98.5 മില്യണ്‍ ഡോളറിലെത്തി.
മൊത്തം വില്‍പനയുടെ 1.7 ശതമാനമാണിത്. കമ്പനിയുടെ ഏറ്റവും വലിയ രണ്ട് വിപണികളായ സൗദി അറേബ്യയില്‍ അഞ്ച്, യുഎഇയില്‍ മൂന്ന് എന്നിങ്ങനെ 12 പുതിയ സ്റ്റോറുകള്‍ തുറക്കുന്നതിനാണ് ഈ ചെലവ് പ്രധാനമായും ലക്ഷ്യമിടുന്നത്. യുഎഇ ആസ്ഥാനമായുള്ള ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖല ഈ മാസം ആദ്യം ഒരു ഐപിഒയില്‍ 1.72 ബില്യണ്‍ ഡോളര്‍ സമാഹരിച്ചിരുന്നു. പ്രധാന ഉല്‍പ്പന്ന വിഭാഗങ്ങളിലുടനീളം വില്‍പ്പന വളര്‍ച്ചയുണ്ടായെന്നാണ് കമ്പനി അറിയിച്ചരിക്കുന്നത്.












Click it and Unblock the Notifications