ലുലു ഹൈപ്പർമാർക്കറ്റിൽ നിന്നും 1.62 കോടിയുമായി ജീവനക്കാരൻ മുങ്ങി; ഫോണ്‍ ഓഫ്, വീട്ടുകാരേയും കാണാനില്ല
അബുദാബിയിലെ ലുലു ഹൈപ്പർമാർക്കറ്റിൽ വൻ സാമ്പത്തിക തട്ടിപ്പ്. കോടിക്കണക്കിന് രൂപയുമായി ജീവനക്കാരൻ കടന്നുകളഞ്ഞു. ഖാലിദിയ മാൾ ശാഖയിലെ ക്യാഷ് ഓഫീസിൽ നിന്ന് ഏകദേശം 6,60,000 ദിർഹം ( 1,80,000 യുഎസ് ഡോളർ, 1.62 കോടി രൂപ) കാണാതായതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.
15 വർഷത്തിലേറെയായി സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന 38 വയസുകാരനാണ് പണവുമായി മുങ്ങിയത്. ഇയാൾക്കായിരുന്നു ക്യാഷ് ഓഫീസിൻ്റെ ചുമതല. ക്യാഷ് ഓഫീസിലെ ഫണ്ടിൽ കാര്യമായ കുറവ് കണ്ടെത്തിയതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. പണം നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയതോടെ ലുലു ഗ്രൂപ്പ് അബുദാബി പോലീസിലും ജീവനക്കാരന്റെ നാട്ടിലുള്ള പോലീസ് സ്റ്റേഷനിലും പരാതി നൽകി. ലുലു ഗ്രൂപ്പ് അധികൃതർ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആണ്. തട്ടിപ്പ് കണ്ടെത്തിയ ദിവസം ഇയാൾ ഓഫീസിലും വന്നിരുന്നില്ല. മാത്രമല്ല ഇയാളുടെ വീട്ടുകാരേയും കാണാനില്ല.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
സാമ്പത്തിക രേഖകൾ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ, ഡിജിറ്റൽ അടയാളങ്ങൾ എന്നിവ അധികാരികൾ വിശദമായി പരിശോധിക്കും. സംശയിക്കുന്നയാൾ പണവുമായി രാജ്യം വിടാൻ ശ്രമിച്ചുവെന്ന ആശങ്കയുണ്ടെങ്കിൽ പോലീസ് അലേർട്ടുകളോ യാത്രാവിലക്കുകളോ പുറപ്പെടുവിച്ചേക്കാൻ സാധ്യതയുണ്ട്. സമാനമായ മോഷണക്കേസുകളിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വേഗത്തിൽ അറസ്റ്റ് ചെയ്ത ചരിത്രമുണ്ട്.
യു എ ഇയിലെ റീട്ടെയിൽ മേഖലകളിൽ കർശന നിരീക്ഷണവും നിയന്ത്രണങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ അപൂർവമാണെന്ന് ആഭ്യന്തര വൃത്തങ്ങൾ പറയുന്നു. അതേസമയം കഴിഞ്ഞ വർഷം മറ്റൊരു സൂപ്പർമാർക്കറ്റിലും സമാനമായ സംഭവം അരങ്ങേറി. അന്ന് സേഫിൽ നിന്ന് 6,60,000 ദിർഹം മോഷ്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് പേരെ പോലീസ് വിമാനത്താവളത്തിൽ വെച്ച് പിടികൂടിയിരുന്നു.
വലിയ റീട്ടെയിൽ സ്ഥാപനങ്ങളിൽ പണം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയാണ് ഇത്തരം സംഭവങ്ങൾ എടുത്തുകാണിക്കുന്നത്. ക്യാഷ് ഓഫീസുകൾ, പ്രത്യേകിച്ച് ഉയർന്ന വിറ്റുവരവുള്ള സ്ഥാപനങ്ങളിൽ, കർശനമായ ഓഡിറ്റ്, പരിശോധനാ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ബാഹ്യ മോഷണങ്ങളെക്കാൾ , ആഭ്യന്തര മോഷണം വലിയ വെല്ലുവിളി ഉയർത്താറുണ്ടെന്ന് സുരക്ഷാ വിദഗ്ദ്ധർ പറഞ്ഞു.
തട്ടിപ്പുകൾ തടയുന്നതിനും കണ്ടെത്തുന്നതിനും ഡിജിറ്റൽ ട്രാക്കിംഗ്, തത്സമയ നിരീക്ഷണം, എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ റീട്ടെയ്ൽ മേഖലയിൽ നിർണായകമാണെന്ന് റീട്ടെയിൽ വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടി. യുഎഇ പോലുള്ള രാജ്യങ്ങളിൽ, കമ്പനികൾ കർശനമായ മേൽനോട്ടത്തിലാണ് പ്രവർത്തിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ തിരിച്ചറിഞ്ഞാൽ വളരെ പെട്ടെന്ന് നടപടിയുണ്ടാകാറുണ്ടെന്നും അധികൃത വ്യക്തമാക്കി.
അതേസമയം കുറ്റം കണ്ടെത്തിയാൽ കടുത്ത ശിക്ഷാനടപടികളായിരിക്കും കുറ്റക്കാർ നേരിടേണ്ടി വരിക. തടവ്, പിഴ, നാടുകടത്തൽ എന്നിങ്ങനെയുള്ള ശിക്ഷാനടപടികളാണ് സ്വീകരിക്കുക. .












Click it and Unblock the Notifications