ദുബായ് ഔഖാഫുമായി കൈകോർത്ത് ലുലു റീട്ടെയിൽ; കൂടുതൽ ഹൈപ്പർമാർക്കറ്റുകൾ വരും..! ധാരണാപത്രം ഒപ്പിട്ടു
അബുദാബി: ദുബായ് എമിറേറ്റിൽ കൂടുതൽ ഹൈപ്പർ മാർക്കറ്റുകളും എക്‌സ്പ്രസ് സ്‌റ്റോറുകളും ഉൾപ്പെടെ വിവിധ റീട്ടെയിൽ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനായി ദുബായ് ഔഖാഫും ലുലു ഗ്രൂപ്പും തമ്മിൽ ധാരണയിലെത്തി. ലുലു ഗ്രൂപ്പിനെ സംബന്ധിച്ച് യുഎഇയിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള ചവുട്ടുപടിയായാണ് ഈ നീക്കത്തെ അവർ നോക്കി കാണുന്നത്.
ദുബായിലുടനീളമുള്ള എൻഡോവ്‌മെന്റ് പദ്ധതികളിൽ ഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും ഒരു പരമ്പര തന്നെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു റീട്ടെയിൽ ഹോൾഡിംഗ്‌സുമായി എൻഡോവ്‌മെന്റ് ആൻഡ് മൈനേഴ്‌സ് ട്രസ്‌റ്റ് ഫൗണ്ടേഷൻ (ഔഖാഫ് ദുബായ്) ധാരണാപത്രത്തിൽ ഒപ്പിട്ടത്.

ദുബായ് ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫേഴസ് ഫൗണ്ടേഷൻ ചെയർമാൻ ഈസ അബ്‌ദുള്ള അൽ ഗുറൈർ, ലുലു ഗ്രുപ്പ് ചെയർമാൻ എംഎ യൂസഫലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ദുബായ് ഔഖാഫ് സെക്രട്ടറി ജനറൽ അലി അൽ മുത്തവ, ലുലു റീട്ടെയ്ൽ ഗ്ലോബൽ ഓപ്പറേഷൻ ഡയറക്‌ടർ എംഎ സലിം എന്നിവരാണ് ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
വിവിധ ഷോപ്പിംഗ് കേന്ദ്രങ്ങളടക്കം ദുബായിൽ വരാനിരിക്കുന്ന കമ്യൂണിറ്റി പദ്ധതികൾ ഔഖാഫിന്റെ സഹകരണത്തോടെ ലുലു യാഥാർത്ഥ്യമാക്കും. ഔഖാഫിന്റെ വിശാലമായ സാമൂഹിക-സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി റീട്ടെയിൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും ധാരണപത്രം വിഭാവനം ചെയ്യുന്നു.
പദ്ധതിയുടെ ഭാഗമായി ആദ്യത്തെ ഹൈപ്പർമാർക്കറ്റ് ഈ വർഷം പകുതിയോടെ ദുബായ് അൽ ഖവാനീജ് 2ൽ തുടങ്ങും. റീട്ടെയിൽ സേവനങ്ങൾ നൽകുന്നതിനായി ലുലുവിനെ തിരഞ്ഞെടുത്തതിൽ ദുബായ് ഭരണ നേതൃത്വത്തിനും ദുബായ് ഔഖാഫിനും എംഎ യൂസഫലി നന്ദി പറഞ്ഞു. ഔഖാഫിന്റെ വിവിധ പദ്ധതികളിൽ റീട്ടെയ്ൽ സേവനങ്ങൾ കൂടുതൽ വിപുലമായി പൊതു സമൂഹത്തിന് ലഭ്യമാക്കുന്നതിന് ഔഖാഫും ലുലുവും തമ്മിലുള്ള സഹകരണം വഴിതുറക്കുമെന്നും യൂസഫലി കൂട്ടിച്ചേർത്തു.
മേഖലയിലെ മുൻനിര ഫുൾ-ലൈൻ റീട്ടെയിലർ എന്ന നിലയിൽ, ലുലു ഗ്രൂപ്പ് യുഎഇയിലും ജിസിസിയിലും ഉടനീളം അതിന്റെ വ്യാപ്‌തി വർധിപ്പിക്കുന്നത് തുടരുകയാണ്. ഈ പങ്കാളിത്തം ദുബായിൽ ലുലുവിന്റെ ശക്തമായ സാന്നിധ്യം ശക്തിപ്പെടുത്തുക മാത്രമല്ല, പ്രതിരോധശേഷിയുള്ളതും ഉൾക്കൊള്ളുന്നതുമായ സമൂഹങ്ങൾ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഔഖാഫ് ദുബായിയുടെ വിശാലമായ സാമ്പത്തിക, സാമൂഹിക ലക്ഷ്യങ്ങളുമായി യോജിച്ചു പോവുകയും ചെയ്യുന്നു എന്നതാണ് പ്രധാനം.












Click it and Unblock the Notifications