സ്വര്‍ണം കുഴിച്ചെടുക്കാന്‍ ഒമാന്‍; ആഫ്രിക്കയില്‍ വമ്പന്‍ പദ്ധതി, മല്‍സരിക്കേണ്ടത് റഷ്യയുമായി
മസ്‌കത്ത്: ഒമാന്‍ എണ്ണ ഇതര വരുമാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആഫ്രിക്കയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നു. ബുര്‍ക്കിന ഫാസോയുമായി മൂന്ന് കരാറുകളില്‍ ഒപ്പുവച്ചു. സ്വര്‍ണ ഖനനവുമായി ബന്ധപ്പെട്ടതാണ് പ്രധാന കരാര്‍. ആഫ്രിക്കയിലെ നാലാമത്തെ സ്വര്‍ണ നിര്‍മാതാക്കളാണ് ബുര്‍ക്കിനഫാസോ. ലോകത്തെ 15ാമത്തേതും.
കൃഷിയെ ആശ്രയിച്ചാണ് ബുര്‍ക്കിന ഫാസോയുടെ സാമ്പത്തിക രംഗം മുന്നോട്ട് പോകുന്നത്. ഒമാനുമായി ഒപ്പുവച്ച ഒരു കരാര്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടതാണ്. മറ്റൊന്ന് വിവധ രംഗങ്ങളിലെ നിക്ഷേപം സംബന്ധിച്ചുള്ളതാണ്. എന്നാല്‍ 2000ന് ശേഷം സ്വര്‍ണ ഖനനത്തില്‍ നിന്ന് കോടികള്‍ കൊയ്യുന്ന ബുര്‍ക്കിന ഫാസോ ഇക്കാര്യത്തില്‍ ഒമാനെയും ചേര്‍ത്തു പിടിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് പുതിയ വിവരം.

2010ല്‍ ബുര്‍ക്കിന ഫാസോയിലെ സ്വര്‍ണ ഖനനം 23 ടണ്‍ മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 60 ടണ്‍ ആയി ഉയര്‍ന്നു. വിമത നീക്കവും സുരക്ഷാ ഭീഷണികളും പൂര്‍ണമായും ഇല്ലാതാക്കിയ ഈ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യം, എല്ലാ സ്വര്‍ണ ഖനികളും ദേശസാല്‍ക്കരിച്ചത് അടുത്തിടെയാണ്. സാമ്പത്തി രംഗത്ത് കൃത്യമായ സംവിധാനം നടപ്പാക്കാന്‍ വേണ്ടിയാണിത്.
റഷ്യയാണ് ബുര്‍ക്കിന ഫാസോയിലെ സ്വര്‍ണ ഖനന മേഖലയില്‍ നിന്ന് ലാഭം കൊയ്യുന്ന പ്രധാന വിദേശ ശക്തി. മറ്റു രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ഇവിടെ സ്വര്‍ണ ഖനനമുണ്ടായിരുന്നെങ്കിലും ഘട്ടങ്ങളായി എല്ലാം ഒഴിവാക്കി ഭരണകൂടം. ഇപ്പോള്‍ ഒമാനുമായി ചേര്‍ന്ന് സംയുക്ത സംരംഭം സ്വര്‍ണ ഖനനത്തിന് വേണ്ടി ഒരുക്കിയിരിക്കുകയാണ്.
ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത് ഇതാണ്
എണ്ണയും വാതകവുമെല്ലാമാണ് ഒമാന്റെ പ്രധാന വരുമാന മാര്‍ഗം. മറ്റു ആദായ മാര്‍ഗങ്ങള്‍ കൂടി കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ആഫ്രിക്കയിലെ സ്വര്‍ണ മേഖലയില്‍ ഒമാന്‍ പണം നിക്ഷേപിക്കുന്നത്. ഒമാന്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയാണ് ബുര്‍ക്കിന ഫാസോ ഭരണകൂടവുമായി പുതിയ കരാര്‍ ഒപ്പുവച്ചത്. ഔദ്യോഗികമായി പ്രഖ്യാപിച്ച 17 സ്വര്‍ണ ഖനികളാണ് ബുര്‍ക്കിന ഫാസോയിലുള്ളത്.
ബുര്‍ക്കിന ഫാസോയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന പ്രധാന വസ്തുക്കളില്‍ ഒന്ന് സ്വര്‍ണമാണ്. ആദായ മാര്‍ഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അടുത്തിടെയാണ് രാജ്യത്തെ സ്വര്‍ണഖനികള്‍ ബുര്‍ക്കിന ഫാസോ സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ചത്. സോപാമിബ് എന്ന ഒരു സൊസൈറ്റി രൂപീകരിച്ച് എല്ലാ സ്വര്‍ണ ഖനികളുടെയും നിയന്ത്രണം ഈ സൊസൈറ്റിക്ക് കൈമാറിയിരിക്കുകയാണ്.
സ്വര്‍ണ ഖനന മേഖല ശക്തിപ്പെടുത്തിയാല്‍ രാജ്യത്തിന്റെ കയറ്റുമതി വരുമാനം കൂട്ടാമെന്ന് ബുര്‍ക്കിന ഫാസോ സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. തുടര്‍ന്നാണ് വിദേശ കമ്പനികളില്‍ നിന്ന് എല്ലാ ഖനികളും ഏറ്റെടുത്തത്. ഒമാനുമായുള്ള സംയുക്ത സംരംഭത്തിലൂടെ ലഭിക്കുന്ന വരുമാനം സര്‍ക്കാരിലാണ് വന്നു ചേരുക. ജിസിസിയിലെ മറ്റു രാജ്യങ്ങളുമായും സ്വര്‍ണ ഖനന സഹകരണത്തിന് ബുര്‍ക്കിനഫാസോ ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications