ഖത്തര്‍ അമീര്‍ സൗദി അറേബ്യയില്‍; കിരീടവകാശി നേരിട്ട് വിമാനത്താവളത്തിലെത്തി, ലക്ഷ്യം ഇതാണ്
റിയാദ്: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി സൗദി അറേബ്യയില്‍. റിയാദിലെ വിമാനത്താവളത്തിലെത്തി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഖത്തറിന്റെ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാനും അമീറിനൊപ്പമുണ്ട്. അദ്ദേഹം കഴിഞ്ഞാഴ്ച സൗദി അറേബ്യ സന്ദര്‍ശിക്കുകയും സൗദിയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ രാജകുമാരനുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
ഖത്തറും സൗദിയും സംയുക്തമായുള്ള സമിതി നിലവിലുണ്ട്. ഈ സമിതിയുടെ യോഗം റിയാദില്‍ ചേരും. ഖത്തര്‍ അമീറും സൗദി കിരീടവകാശിയും യോഗത്തില്‍ അധ്യക്ഷത വഹിക്കും. ഏതൊക്കെ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കും സഹകരിച്ച് മുന്നോട്ട് പോകാം എന്ന് കഴിഞ്ഞാഴ്ച മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ വിഷയമയിരുന്നു. ഇതിന്റെ തുടര്‍ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുക.

നേരത്തെ ഖത്തറുമായി ഉടക്കി നിന്നിരുന്ന രാജ്യമാണ് സൗദി അരേബ്യ. സൗദിയും യുഎഇയും ബഹ്‌റൈനും ചേര്‍ന്ന് ഖത്തറിനെതിരെ നാല് വര്‍ഷം ഉപരോധം ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇടപെട്ടാണ് സമവായ ശ്രമങ്ങള്‍ തുടങ്ങിയതും നിരന്തര ചര്‍ച്ചയിലൂടെ പരിഹാരം കണ്ടതും. എങ്കിലും നയങ്ങള്‍ മാറ്റാന്‍ ഖത്തര്‍ തയ്യാറായിരുന്നില്ല.
2021ലാണ് സൗദി അറേബ്യ ഖത്തറിനെതിരായ ഉപരോധം പിന്‍വലിച്ചത്. പിന്നീട് ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കുകയും നയതന്ത്ര പ്രതിനിധികളെ പുനസ്ഥാപിക്കുകയും ചെയ്തു. ഖത്തറുമായി കരാര്‍ത്തി പങ്കിടുന്ന ഏക രാജ്യമാണ് സൗദി അറേബ്യ. ഖത്തറിന്റെ മറ്റു അതിര്‍ത്തികള്‍ ജലമേഖലയാണ്. സൗദിയെ മാത്രം ആശ്രയിച്ച് വ്യാപാരം മുന്നോട്ട് പോയിരുന്ന ഖത്തര്‍, ഉപരോധ കാലത്താണ് വിദേശ രാജ്യങ്ങളുമായി വാണിജ്യ ബന്ധം ശക്തമാക്കിയത്.
ഫുട്‌ബോള്‍ സൗഹൃദം ഊട്ടിയുറപ്പിച്ചു
ഖത്തറില്‍ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടന്ന വേളയില്‍ സൗദി കിരീടവകശി ദോഹ സന്ദര്‍ശിച്ചിരുന്നു. 2034ല്‍ സൗദി അറേബ്യയിലാണ് ലോകകപ്പ് ഫുട്‌ബോള്‍ നടക്കാന്‍ പോകുന്നത്. പശ്ചാത്തല സൗകര്യം ഒരുക്കി വരികയാണ് സൗദി അറേബ്യ. ഈ വേളയില്‍ കൂടിയാണ് ഖത്തറുമായി കൂടുതല്‍ സഹകരണത്തിന് തയ്യാറെടുക്കുന്നത്.
ഇരുരാജ്യങ്ങളുടെയും സംയുക്ത സഹകരണ സമിതിക്ക് കീഴില്‍ നിരവധി സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ മേഖലയിലും സഹകരണം ശക്തിപ്പെടുത്തുകയാണ് ഈ കമ്മിറ്റികളുടെ ദൗത്യം. രാഷ്ട്രീയം, സുരക്ഷ, ധനകാര്യം, സാമ്പത്തികം, വ്യാപാരം, നിക്ഷേപം, സംസ്‌കാരം, മാധ്യമം തുടങ്ങിയ മേഖലകളിലെല്ലാം സഹകരണം ശക്തമാക്കാന്‍ സൗദിയും ഖത്തറും തീരുമാനിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളെയും ഒരുപോലെ ബാധിക്കുന്ന വിഷയങ്ങള്‍, പശ്ചിമേഷ്യയെ ബാധിക്കുന്ന കാര്യങ്ങള്‍, പലസ്തീന്‍-ഇസ്രായേല്‍ തര്‍ക്കം എന്നിവയെല്ലാം ഖത്തര്‍ അമീറും സൗദി കിരീടവകാശിയും ചര്‍ച്ച ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. ഖത്തറുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സൗദി ലക്ഷ്യമിടുന്നു എന്നതാണ് സ്വീകരിക്കാന്‍ കിരീടവകാശി നേരിട്ടെത്തിയതിലൂടെ വ്യക്തമാകുന്നത്.












Click it and Unblock the Notifications