ഖത്തര്‍ അമീറിനെ ട്രംപ് രാത്രി വിളിച്ചു; ത്വരിത നടപടി, രഹസ്യനീക്കം വെളിപ്പെടുത്തി റിപ്പോര്‍ട്ട്
ദോഹ: 12 ദിവസം നീണ്ട ഇസ്രായേല്‍ ഇറാന്‍ യുദ്ധം സ്വിച്ചിട്ട പോലെയാണ് അവസാനിച്ചത്. ഒടുവില്‍ ഗോളടിച്ചത് ഇറാനാണ്. അമേരിക്കക്കും ഇസ്രായേലിനും താക്കീത് നല്‍കിയ ആക്രമണം നടത്തിയ ശേഷം ഇറാന്‍ വെടിനിര്‍ത്തലിന് സമ്മതിക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഖത്തര്‍ അമീര്‍ എന്നിവരാണ് വെടിനിര്‍ത്തല്‍ കരാറില്‍ മുഖ്യ പങ്ക് വഹിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
12 ദിവസം മുമ്പ് പുലര്‍ച്ചെ ഇസ്രായേല്‍ സൈന്യം ഇറാനില്‍ ആക്രമണം നടത്തി നിരവധി സൈനിക ഓഫീസര്‍മാരെയും ശാസ്ത്രജ്ഞരെയും കൊലപ്പെടുത്തിയതോടെയാണ് യുദ്ധം തുടങ്ങിയത്. ഇറാന്‍ തിരിച്ചടിച്ചതോടെ ഇരുഭാഗത്തും കനത്ത നാശനഷ്ടമുണ്ടായി. മൊസാദിന്റെ നീക്കങ്ങള്‍ ഇറാനെ വിറപ്പിച്ചു. ഇസ്രായേല്‍ നഗരങ്ങളില്‍ പ്രകമ്പനം സൃഷ്ടിച്ച് ഇറാന്റെ മിസൈലുകളെത്തി...

ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി അമേരിക്ക കൂടി ഇടപെട്ടതോടെ യുദ്ധം വ്യാപിക്കുമോ എന്ന ആശങ്കയുണ്ടായി. എന്നാല്‍ ഈ വേളയിലും ഇസ്രായേലിലേക്ക് മിസൈല്‍ പായിച്ചു ഇറാന്‍. ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇറാന്‍ തലസ്ഥാനത്ത് ഉള്‍പ്പെടെ വലിയ നഷ്ടമുണ്ടായി. അതിനിടെയാണ് ഖത്തറിലെയും ഇറാഖിലെയും അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്റെ മിസൈല്‍ എത്തിയത്.
ട്രംപ് ഖത്തര്‍ അമീറിനെ വിളിച്ചു
തിങ്കളാഴ്ച രാത്രി ഇറാന്‍ നടത്തിയ ആക്രമണം കാര്യങ്ങള്‍ കൈവിടുമെന്ന പ്രതീതിയുണ്ടാക്കി. ഗള്‍ഫ് രാജ്യങ്ങള്‍ കൂടി യുദ്ധത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യമുയര്‍ന്നു. എന്നാല്‍ പൊടുന്നനെയാണ് പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് ഖത്തര്‍ അമീര്‍ ശൈഖ് തമീമുമായി ബന്ധപ്പെട്ടു. ഇസ്രായേലുമായി സംസാരിച്ചുവെന്നും അവര്‍ വെടിനിര്‍ത്തലിന് തയ്യാറാണ് എന്നും അമീറിനെ അറിയിച്ചു. ഇറാനെ ചര്‍ച്ചയുടെ വഴിയില്‍ കൊണ്ടുവരണം എന്നും അഭ്യര്‍ഥിച്ചു.
ഇതോടെ ഖത്തര്‍ അമീര്‍ ഇറാനുമായി ബന്ധപ്പെടാനുള്ള നീക്കം തുടങ്ങി. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ഇറാനുമായി സംസാരിച്ചു. ഇസ്രായേല്‍ ആക്രമണം നിര്‍ത്തിയാല്‍ തങ്ങളും നിര്‍ത്താമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ഖത്തര്‍ നടത്തിയ നിരന്തര ഇടപെടലില്‍ ഇറാന്‍ ഒടുവില്‍ വെടിനിര്‍ത്തലിന് തയ്യാറായി. ഇക്കാര്യം ഖത്തര്‍ അമേരിക്കയെ അറിയിച്ചു.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോ, നയതന്ത്ര പ്രതിനിധി സ്റ്റീവന്‍ വിറ്റ്‌കോഫ് എന്നിവര്‍ നേരിട്ടും പരോക്ഷമായും ഇറാനുമായുള്ള ചര്‍ച്ചയുടെ ഭാഗമായി എന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് വെളിപ്പെടുത്തി. ശേഷമാണ് ട്രംപ് തന്റെ സോഷ്യല്‍ പേജ് വഴി വെടിനിര്‍ത്തല്‍ പ്രഖ്യാപനം നടത്തിയത്. മണിക്കൂറുകള്‍ക്ക് ശേഷം ഇറാനും ഇസ്രായേലും ഇക്കാര്യം സമ്മതിച്ച് പ്രതികരിക്കുകയും ചെയ്തു.
ഇസ്രായേലും ഇറാനും ജയിച്ചു, പക്ഷേ...
ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് അമേരിക്കയെ പിന്തിരിപ്പിക്കാന്‍ സാധിച്ചു, ഇറാന്റെ പ്രമുഖരായ സൈനിക ഓഫീസര്‍മാരെയും ആണവ ശാസ്ത്രജ്ഞരെയും കൊലപ്പെടുത്താനും ആണവ പദ്ധതി വൈകിപ്പിക്കാനും കഴിഞ്ഞു എന്നതെല്ലാം ഇസ്രായേല്‍ നേട്ടമായി കരുതുന്നു. അതേസമയം ഇറാന്റെ സൈനിക ശേഷി ലോകം അറിഞ്ഞു.
അമേരിക്കയും ഇസ്രായേലും ജോര്‍ദാനും സിറിയയുമെല്ലാം ഒരുമിച്ച് ശ്രമിച്ചിട്ടും ഇറാന്റെ മിസൈലുകള്‍ ടെല്‍ അവീവിലും ഹൈഫയിലും പതിച്ചു. ആദ്യമായി ഇസ്രായേല്‍ നഗരങ്ങള്‍ പ്രേതഭൂമിക്ക് സമാനമാക്കിയതിലൂടെ മേഖലയില്‍ കരുത്ത് വര്‍ധിപ്പിക്കാന്‍ സാധിച്ചത് ഇറാനും നേട്ടമായി. വര്‍ഷങ്ങള്‍ നീണ്ട ഉപരോധം, സിറിയയിലെയും ലബ്‌നാനിലെയും സഖ്യകക്ഷികളുടെ വീഴ്ച എന്നിവയൊന്നും ഇറാനെ തളര്‍ത്തിയില്ല എന്നുകൂടി യുദ്ധത്തിന്റെ ചിത്രം തെളിയിക്കുന്നു. ഇരുവരും കരുത്ത് കാട്ടുമ്പോള്‍ നിരവധി ജീവന്‍ നഷ്ടമായെന്നത് മറ്റൊരു യാഥാര്‍ഥ്യം. ഇറാനും ഇസ്രായേലും ആയുധം മൂര്‍ച്ച കൂട്ടല്‍ തുടരുമ്പോള്‍ വെടിനിര്‍ത്തലിന്റെ ആയുസ് എത്ര കാലം എന്നതും ഇനി കണ്ടറിയേണ്ടതാണ്.












Click it and Unblock the Notifications