സൗദി അറേബ്യയുടെ സുപ്രധാന തീരുമാനം; 6 രാജ്യക്കാര്‍ക്ക് കൂടി ഇ-വിസ അനുവദിച്ചു... എന്താണ് നേട്ടം
റിയാദ്: സൗദി അറേബ്യ അടുത്ത കാലത്താണ് ഇ-വിസ അനുവദിക്കാന്‍ തുടങ്ങിയത്. എല്ലാ രാജ്യങ്ങള്‍ക്കും ഇത് നല്‍കുന്നില്ല. തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കാണ് ഇ-വിസ ലഭിക്കുക. ഓണ്‍ലൈന്‍ വഴിയോ വിമാനത്താവളത്തില്‍ എത്തിയ ശേഷം നേരിട്ടോ അപേക്ഷിച്ച് കൈവശപ്പെടുത്താന്‍ സാധിക്കുന്നതാണ് ഇ-വിസ.
ടൂറിസം പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ ഇ-വിസ അനുവദിക്കുന്നത്. നിരവധി രാജ്യങ്ങള്‍ക്ക് ഇതിന്റെ നേട്ടം ലഭിക്കുന്നുണ്ട്. സൗദി അറേബ്യയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം ഈ-വിസ ലഭിച്ചാല്‍ സന്ദര്‍ശിക്കാന്‍ സാധിക്കും. മാത്രമല്ല, പുണ്യ ഭൂമിയായ മക്കയും മദീനയുമെല്ലാം സന്ദര്‍ശിക്കാം. ഇ-വിസ ആറ് രാജ്യക്കാര്‍ക്ക് കൂടി അനുവദിച്ചിരിക്കുകയാണിപ്പോള്‍.

തുര്‍ക്കി, തായ്‌ലാന്റ്, പാനമ, മൗറീഷ്യസ്, സീഷെല്‍സ്, സെയ്ന്റ് കിറ്റ്‌സ് ആന്റ് നെവിസ് എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് കൂടി ഇനി മുതല്‍ ഇ-വിസ ലഭിക്കും. ഇതോടെ ഇ-വിസ ലഭിക്കുന്ന രാജ്യങ്ങളുടെ എണ്ണം 63 ആയി ഉയര്‍ന്നു. ഘട്ടങ്ങളായി കൂടുതല്‍ രാജ്യങ്ങളെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. സൗദിയിലേക്ക് വിദേശകളെ ആകര്‍ഷിക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യം.
ഓണ്‍ലൈന്‍ ആയിട്ടാണ് ഇ-വിസയ്ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിക്കേണ്ടത്. അല്ലെങ്കില്‍ സൗദി അറേബ്യയിലെ അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തിയാല്‍ അപേക്ഷ നല്‍കാന്‍ പ്രത്യേക സൗകര്യമുണ്ട്. രാജ്യത്തെ ഏത് ടൂറിസം മേഖല സന്ദര്‍ശിക്കാനും ഇതുപയോഗിക്കാം. ഹജ്ജ് സീസണില്‍ ഒഴികെ ഉംറ നിര്‍വഹിക്കാനും ഇ-വിസ ഉപയോഗപ്പെടുത്താം.
ഇ-വിസയിലെത്തിക്കുന്നവര്‍ക്ക് സൗദിയിലെ സുഹൃത്തുകളെ സന്ദര്‍ശിക്കാം, ബന്ധുക്കളെ കാണാം, പ്രത്യേക പരിപാടികളില്‍ സംബന്ധിക്കാം. പ്രദര്‍ശനങ്ങളിലും സമ്മേളനങ്ങളിലും ഭാഗമാകാം... തുടങ്ങി ഒട്ടേറെ നേട്ടങ്ങളുണ്ട്. ഇ-വിസയ്ക്ക് ഒരു വര്‍ഷം കാലാവധിയുണ്ടാകും. ഒന്നിലധികം തവണ ഇ-വിസ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കാം. 90 ദിവസം വരെ തുടര്‍ച്ചയായി താമസിക്കാനും പറ്റും.
യൂറോപ്യന്‍ യൂണിയന്റെ ഷെങ്കണ്‍ വിസയുള്ളവര്‍, അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ വിസയുള്ളവര്‍ എന്നിവര്‍ക്കെല്ലാം സൗദി അറേബ്യയുടെ ഇ-വിസ ലഭിക്കും. കൂടാതെ യൂറോപ്യന്‍ യൂണിയനില്‍ സ്ഥിരതാമസക്കാരായവര്‍ക്കും ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കും ഇ-വിസ കിട്ടാന്‍ തടസമില്ല. ഇതിന് പുറമെ സൗദി അറേബ്യ 96 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്റ്റോപ്പ് ഓവര്‍ വിസയും നല്‍കുന്നുണ്ട്.
സൗദി വഴി യാത്ര ചെയ്യുന്നവര്‍ക്ക് സൗദിയില്‍ ഇറങ്ങാനും 96 മണിക്കൂര്‍ തങ്ങാനും അനുവദിക്കുന്നതാണ് സ്‌റ്റോപ്പ് ഓവര്‍ വിസ. സൗദിയുടെ വിമാന കമ്പനികളായ സൗദിയ, ഫ്‌ളൈനാസ് തുടങ്ങിയ വിമാനങ്ങള്‍ വഴി വരുന്നവര്‍ക്കാണ് ഈ വിസ ലഭിക്കുക. ടൂറിസ്റ്റുകളെ പരമാവധി ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. 2021നെ അപേക്ഷിച്ച് 2022ല്‍ 93 ശതമാനം ടൂറിസ്റ്റുകള്‍ വര്‍ധിച്ചു എന്നാണ് സൗദിയുടെ കണക്ക്. 2030 ആകുമ്പോഴേക്കും ടൂറിസം മേഖലയില്‍ 10 ലക്ഷം തൊഴിലും സൗദി ലക്ഷ്യമിടുന്നു.












Click it and Unblock the Notifications