സൗദി അരാംകോ 'ഞെരുങ്ങുന്നു'; പണം കണ്ടെത്താന്‍ പുതിയ മാര്‍ഗം, എന്താണ് ഇസ്ലാമിക് ബോണ്ട്
റിയാദ്: സൗദി അറേബ്യയുടെ എണ്ണ കമ്പനിയാണ് അരാംകോ. ലോകത്തെ മിക്ക രാജ്യങ്ങളുമായും ഇടപാടുള്ള ഈ കമ്പനിയാണ് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്നത്. സൗദിയിലും പുറത്തുമായി കോടികളുടെ നിക്ഷേപം അരാംകോയ്ക്കുണ്ട്. എന്നാല്‍ അടുത്ത കാലത്തായി അരാംകോ വലിയ സാമ്പത്തിക വെല്ലുവിളി നേരിടുകയാണ്. ഈ വെല്ലുവിളി മറികടക്കാനുള്ള വഴി കണ്ടെത്തുകയാണ് കമ്പനി.
ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് സൗദി അരാംകോയ്ക്ക് പ്രതിസന്ധിയുണ്ടാക്കിയത്. ഒട്ടേറെ ബൃഹദ് പദ്ധതികള്‍ അരാംകോ ആലോചിച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും പണില്ലാത്ത അവസ്ഥയാണ്. സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗം കൂടിയാണ് ക്രൂഡ് ഓയില്‍. വില കുറഞ്ഞതിനാല്‍ വരുമാനം ഇടിയുകയും ബജറ്റ് കമ്മി വര്‍ധിക്കുകയും ചെയ്യുന്നതാണ് വെല്ലുവിളി. പരിഹാരമായി സൗദി ചെയ്യുന്നത് ഇതാണ്...

ബോണ്ടുകള്‍ ഇറക്കാനാണ് തീരുമാനം. ഡോളര്‍ അടിസ്ഥാനമാക്കി അരാംകോ ഇസ്ലാമിക് ബോണ്ടുകള്‍ ഇറക്കുമെന്ന് ബ്ലൂബെര്‍ഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് വര്‍ഷം, പത്ത് വര്‍ഷം കാലാവധി കണക്കാക്കിയാണ് ബോണ്ടുകള്‍ ഇറക്കുക. ഈ വര്‍ഷം രണ്ടാം തവണയാണ് അരാംകോ ബോണ്ടുകള്‍ ഇറക്കാന്‍ പോകുന്നത്. സൗദി അറേബ്യയുടെ ആഴ്ചയിലെ മൂന്നാമത്തേതും.
കഴിഞ്ഞ മെയ് മാസത്തിലാണ് ഈ വര്‍ഷത്തെ ആദ്യ ബോണ്ട് അരംകോ പുറത്തിറക്കിയത്. 500 കോടി ഡോളറിന്റെ ബോണ്ടായിരുന്നു അത്. 5, 10, 30 വര്‍ഷത്തേക്കുള്ള ബോണ്ട് ഗ്ലോബര്‍ മീഡിയം ടേം നോട്ട് പ്രോഗ്രാമിന്റെ കീഴിലാണ് ഇറക്കിയത്. ക്രൂഡ് ഓയില്‍ വില ഇനിയും ഉയര്‍ന്നില്ലെങ്കില്‍ സൗദി അറേബ്യയുടെ സാമ്പത്തിക രംഗം കൂടുതല്‍ ഞെരുങ്ങും.
സൗദിയുടെ ബജറ്റ് പദ്ധതികള്‍ പൂര്‍ണമായ തോതില്‍ നടക്കണം എങ്കില്‍ കൂടുതല്‍ വരുമാനം കിട്ടേണ്ടതുണ്ട്. ബാരല്‍ എണ്ണയ്ക്ക് 90 ഡോളര്‍ വില എത്തണം എന്നാണ് സൗദിയുടെ താല്‍പ്പര്യം. എന്നാല്‍ ഇപ്പോള്‍ 67 ഡോളറിലാണുള്ളത്. ഇടക്കാലത്ത് 60 ഡോളര്‍ വരെ ഇടിയുകയും ചെയ്തിരുന്നു. ബോണ്ടുകള്‍ ഇറക്കുന്നതിലൂടെ എങ്ങനെയാണ് പ്രതിസന്ധികള്‍ പരിഹരിക്കുക എന്ന് അറിയാമോ.
സൗദിയുടേത് ഇസ്ലാമിക് ബോണ്ട്, ലാഭം ഇങ്ങനെ
രാജ്യങ്ങളും കമ്പനികളും ബോണ്ടുകള്‍ അഥവാ കടപത്രങ്ങള്‍ വിപണിയില്‍ ഇറക്കാറുണ്ട്. പദ്ധതിയിട്ട പ്രൊജക്ടുകള്‍ക്ക് പണം കണ്ടെത്താന്‍, സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍, കടം വീട്ടാന്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കാണ് ബോണ്ടുകള്‍ ഇറക്കുക. നിശ്ചിത കാലത്തേക്ക് ആയിരിക്കും ബോണ്ടുകള്‍ ഇറക്കുക. ആറ് മാസം അല്ലെങ്കില്‍ ഒരു വര്‍ഷം എന്നിവ കണക്കാക്കി നിശ്ചിത പലിശ ബോണ്ട് വാങ്ങുന്നവര്‍ക്ക് കിട്ടും.
വലിയ തുകകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ നേട്ടമാണ് ബോണ്ടുകള്‍ വാങ്ങുന്നത്. സര്‍ക്കാര്‍ ബോണ്ടുകള്‍ ആണെങ്കില്‍ വിശ്വാസ്യത കൂടുതലായിരിക്കും. നിശ്ചിത ഇടവേളകളില്‍ പലിശ കിട്ടുന്നതിന് പുറമെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുടക്കിയ തുകയും തിരികെ ലഭിക്കും. ഇടക്കാലത്ത് പ്രതിസന്ധി വന്നാല്‍ വാങ്ങിയ ബോണ്ട് മറിച്ച് വില്‍ക്കാനും സാധിക്കും. ഇതിന് ഡെബ്റ്റ് മാര്‍ക്കറ്റില്‍ സെക്കണ്ടറി വിപണിയുണ്ട്.
എന്നാല്‍ സൗദി ഇറക്കുന്നത് ഇസ്ലാമിക് ബോണ്ട് ആണ്. ശരീഅത്ത് നിയമ പ്രകാരം പലിശ നല്‍കാന്‍ പാടില്ല. അതുകൊണ്ടാണ് സൗദി ഇസ്ലാമിക് ബോണ്ട് എന്ന് പ്രത്യേകം പറയുന്നത്. ഏതെങ്കിലും പ്രൊജക്ട് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ബോണ്ടുകള്‍ ഇറക്കുക. വാങ്ങുന്ന വ്യക്തിക്ക് പ്രൊജക്ടില്‍ ഓഹരി പങ്കാളിത്തം ലഭിക്കും. അതിന്റെ ലാഭവിഹിതം കിട്ടും. ലാഭത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. കാലാവധി കഴിയുമ്പോള്‍ മുടക്കിയ പണവും തിരികെ കിട്ടും.












Click it and Unblock the Notifications