സൗദി അറേബ്യയില്‍ പുതിയ വിമാന സർവീസ്, യുഎഇ കമ്പനി: കുറഞ്ഞ നിരക്കില്‍ ടിക്കറ്റ്; കേരളത്തിലേക്കും
കുറഞ്ഞ ചിലവില്‍ യാത്രാ സൗകര്യം ഒരുക്കിക്കൊണ്ട് സൗദി അറേബ്യയില്‍ പുതിയ ഒരു വിമാന സർവ്വീസ് കൂടി ആരംഭിക്കുന്നു. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ അറേബ്യ, മൂന്ന് കമ്പനികളുടെ കൂട്ടായ്മയിൽ പുതിയ ഒരു ദേശീയ ലോ-കോസ്റ്റ് എയർലൈന്‍ പ്രവർത്തിപ്പിക്കാനുള്ള അനുമതി നേടിയതായി സൗദി അറേബ്യന്‍ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
പുതിയ എയർലൈന്‍ 45 വിമാനങ്ങളുമായി 24 ആഭ്യന്തര സർവ്വീസുകളും 57 അന്താരാഷ്ട്ര വിമാനാത്തവളങ്ങളിലേക്കും സർവ്വീസ് നടത്തും. ഇതില്‍ കേരളത്തിലെ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടേയുണ്ടെന്നാണ് വിവരം. 2030-ഓടെ 10 ദശലക്ഷം യാത്രക്കാരെ വഹിക്കുകയെന്ന ലക്ഷ്യവും എയർലൈനിനുണ്ട്. . ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ഹബ് ആക്കി പ്രവർത്തിക്കുന്ന എയർലൈൻ, കിഴക്കൻ മേഖലയിലെ വിമാന സർവ്വീസിനെ ശക്തിപ്പെടുത്താനും, സീറ്റ് ശേഷി വർധിപ്പിക്കാനും സഹായകമാകും.

കുറഞ്ഞ നിരക്കില്‍ യാത്രക്കാർക്ക് സേവനം ഉറപ്പ് വരുത്തുകയെന്നതാണ് പ്രധാന ലക്ഷ്യം. "കിഴക്കൻ മേഖലയിലെ വ്യോമ സർവ്വീസ് മെച്ചപ്പെടുത്തുക, സീറ്റ് ശേഷി വർധിപ്പിക്കുക, യാത്രക്കാർക്ക് മത്സരാധിഷ്ഠിത യാത്രാ ഓപ്ഷനുകൾ നൽകുക എന്നിവയാണ് ഈ പുതിയ എയർലൈനിന്റെ ലക്ഷ്യം." സൗദി സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽഅസീസ് അൽ ദുവൈലെജ് വ്യക്തമാക്കി.
"ഈ എയർലൈൻ മത്സരം വർധിപ്പിക്കുകയും യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുകയും 2,400-ലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും." സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സലേഹ് അൽ-ജാസറും കൂട്ടിച്ചേർത്തു.
'ദമ്മാമിൽ ആസ്ഥാനമായി പുതിയ ദേശീയ ലോ-കോസ്റ്റ് എയർലൈൻ ആരംഭിക്കാൻ GACA ഞങ്ങളെ തിരഞ്ഞെടുത്തതിൽ ഞങ്ങൾ അഭിമാനിക്കുന്നു. മേഖലയിലെ മുൻനിര ലോ-കോസ്റ്റ് എയർലൈൻ ഓപ്പ ർട്ടർ എന്ന നിലയിൽ, സൗദി അറേബ്യയുടെ വ്യോമയാന മേഖലയുടെ വളർച്ചയ്ക്കും വികസനത്തിനും പിന്തുണ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ഈ നേട്ടം ഊട്ടിയുറപ്പിക്കുന്നു. ഞങ്ങളുടെ സാമ്പത്തിക മാതൃകയും പ്രാദേശിക വൈദഗ്ധ്യവും ഉപയോഗിച്ച്, യാത്രക്കാർക്ക് വിശ്വസനീയവും മൂല്യാധിഷ്ഠിതവുമായ യാത്രാ അനുഭവം നൽകും' എയർ അറേബ്യ ഗ്രൂപ്പ് സിഇഒ അഡെൽ അൽ അലിയും വ്യക്തമാക്കി.
സമ്പദ്‌വ്യവസ്ഥയെ എണ്ണയിൽ നിന്ന് വൈവിധ്യവത്കരിക്കാനും ടൂറിസം പ്രോത്സാഹിപ്പിക്കാനും ആഗോള വ്യോമയാന ഹബ്ബായി മാറാനും ലക്ഷ്യമിട്ട് വ്യോമയാന മേഖലയിൽ വളരെ വലിയ പരിഷ്കരണങ്ങളാണ് സൗദി അറേബ്യ അടുത്ത കാലത്തായി നടത്തി വരുന്നത്. 2030-ഓടെ 100 ബില്യൺ ഡോളറിന്റെ നിക്ഷേപവും, പൊതു വ്യോമയാനത്തിന്റെ ജിഡിപി സംഭാവന 2 ബില്യൺ ഡോളറായി പത്തിരട്ടി വർധിപ്പിക്കാനുള്ള പദ്ധതികളും രാജ്യം ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
2023 മാർച്ചിൽ, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പിന്തുണയോടെ റിയാദ് എയർ എന്ന പുതിയ ദേശീയ എയർലൈൻ സൗദി പ്രഖ്യാപിച്ചിരുന്നു. 2030-ഓടെ 100-ലധികം ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്താൻ റിയാദ് എയർ ലക്ഷ്യമിടുന്നു. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള സൗദിയുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തി കൂടുതല്‍ വിമാന സർവ്വീസുകള്‍ രാജ്യത്തേക്ക് എത്തിക്കാനും സൗദിക്ക് പദ്ധതികളുണ്ട്.












Click it and Unblock the Notifications