സൗദി അറേബ്യ തിളങ്ങുന്നു; ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് 4 മണിക്കൂര്‍ മാത്രം, 700 കോടി ചെലവിട്ട് പുതിയ ഇടനാഴി
സൗദി അറേബ്യ ഗതാഗത രംഗത്ത് വലിയ പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നു. പുതിയ റെയില്‍വെ ഇടനാഴിയും ഇതിന്റെ ഭാഗമാണ്. രണ്ട് കടലുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റൂട്ട് ആയതിനാല്‍ ലാന്‍ഡ് ബ്രിഡ്ജ് എന്നാണ് പുതിയ പാതയെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. 700 കോടി ഡോളര്‍ ചെലവിട്ടാണ് ജിദ്ദയ്ക്കും റിയാദിനുമിടയില്‍ അതിവേഗ റെയില്‍ പാത വരുന്നത്.
ഇതോടെ ഇരു നഗരങ്ങള്‍ക്കിടയിലെ യാത്ര സമയം നാല് മണിക്കൂറായി ചുരുങ്ങും. സൗദിയുടെ ബൃഹദ് പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായിട്ടാണ് പുതിയ റെയില്‍ പാതയും. ചെങ്കടല്‍-അറേബ്യന്‍ ഉള്‍ക്കടല്‍ എന്നിവയെ ബന്ധിപ്പിക്കുന്നതാകും അതിവേഗ റെയില്‍പാത. 1500 കിലോമീറ്ററിലാകും പാത. ജിദ്ദ, ദമ്മാം നഗരങ്ങളെ റിയാദുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

AI Generated Image
നിലവില്‍ റോഡ് മാര്‍ഗം ജിദ്ദയില്‍ നിന്ന് റിയാദിലേക്ക് പോകുമ്പോള്‍ 12 മണിക്കൂര്‍ വരെ സമയം വേണ്ടി വരുന്നുണ്ട്. എന്നാല്‍ അതിവേഗ റെയില്‍പാത സജ്ജമായാല്‍ 4 മണിക്കൂര്‍ ആയി ചുരുങ്ങും. ഇത് യാത്രക്കാര്‍ക്ക് മാത്രമല്ല, ചരക്കു ഗതാഗതത്തിനും എളുപ്പ വഴിയൊരുക്കും. വാണിജ്യ മേഖലയും ഇതോടെ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.
2034ലെ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയാകുക സൗദി അറേബ്യയാണ്. ഖത്തറില്‍ നിന്ന് വ്യത്യസ്തമായി സൗദിയില്‍ എല്ലാ മല്‍സരങ്ങളും എല്ലാവര്‍ക്കും കാണാന്‍ സാധിക്കില്ല എന്നാണ് കരുതുന്നത്. സ്‌റ്റേഡിയങ്ങള്‍ തമ്മിലുള്ള അകലമാണ് ഇതിന് കാരണം. എന്നാല്‍ ഗതാഗത സൗകര്യം മെച്ചപ്പെടുത്തിയാല്‍ ഈ വെല്ലുവിളി മറികടക്കാന്‍ സാധിക്കും.
15 ട്രെയിനുകള്‍ വരും
സൗദി റെയില്‍വെ കമ്പനി ആധുനിക വല്‍ക്കരിക്കാന്‍ ഭരണകൂടം തീരുമാനിച്ചിരുന്നു. നിലവില്‍ സൗദിയുടെ റെയില്‍വെ ശൃംഖല 5300 കിലോമീറ്ററിലാണുള്ളത്. ഇത് 8000 ആക്കി ഉയര്‍ത്താനാണ് തീരുമാനം. പുതിയ 15 ട്രെയിനുകള്‍ വാങ്ങാന്‍ സൗദി റെയില്‍വെ കമ്പനി തീരുമാനിച്ചിട്ടുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാവുന്ന ട്രെയിനുകളാണ് വാങ്ങുക.
ജിസിസി രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയില്‍വെ ശൃംഖല പദ്ധതിയിലുണ്ട്. സൗദി അറേബ്യ, ഒമാന്‍, യുഎഇ, കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ബന്ധിപ്പിച്ചാകും സര്‍വീസ്. ഇതിനുള്ള പശ്ചാത്തലം ഒരുക്കുക കൂടിയാണ് സൗദി. 2030 ഡിസംബറില്‍ പുതിയ അതിവേഗ പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിര്‍മാണം അതിവേഗം പുരോഗമിക്കുന്നതിനാല്‍ അഞ്ച് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഹറമൈന്‍ ഹൈസ്പീഡ് ലൈനില്‍ കുറഞ്ഞ ടിക്കറ്റ് നിരക്ക് 40 റിയാല്‍ ആണ്. പുതിയ പാതയിലും ഇതേ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുമോ എന്ന് വ്യക്തമല്ല. എങ്കിലും തലസ്ഥാനമായ റിയാദിനെയും ചെങ്കടല്‍ നഗരമായ ജിദ്ദയെയും അതിവേഗം ബന്ധിപ്പിക്കുന്ന റെയില്‍പാത വരുന്നത് സൗദിയുടെ ഗതാഗത രംഗത്ത് വിപ്ലകരമായ മാറ്റമായിരിക്കും.












Click it and Unblock the Notifications