ഇറാന്റെ തന്ത്രം പൊളിക്കാന്‍ സൗദി അറേബ്യ; ഹോര്‍മുസ് ഇല്ലെങ്കില്‍ മറ്റുവഴി, ക്രൂഡ് വില കുതിക്കുന്നു
റിയാദ്: പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമാകവെ ലോകരാജ്യങ്ങളില്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ ഹോര്‍മുസ് കടലിടുക്ക് പാത അടച്ചിരിക്കുകയാണ് ഇറാന്‍. ലോകത്തെ ചരക്കുകടത്തിന്റെ മൂന്നിലൊന്ന് പോകുന്നത് ഇതിലൂടെയാണ്. ഇവിടെ അടച്ചാല്‍ ആഗോള വിപണി പ്രതിസന്ധിയിലാകും. ഇതോടെ അമേരിക്കക്കും ഇസ്രായേലിനും യുദ്ധത്തില്‍ നിന്ന് പിന്തിരിയാന്‍ സമ്മര്‍ദ്ദമേറും. ഇറാന്‍ ഈ തന്ത്രം പയറ്റുമ്പോള്‍ ബദല്‍ തേടുകയാണ് സൗദി അറേബ്യ.
സൗദി അറേബ്യ ഓരോ ദിവസവും ഒരു കോടി ബാരല്‍ എണ്ണയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇതില്‍ 72 ലക്ഷം ബാരല്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യ, ചൈന ഉള്‍പ്പെടെ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലേക്കാണ് അരാംകോയുടെ പ്രധാന കയറ്റുമതി. ഹോര്‍മുസ് വഴിയാണ് ഈ ചരക്ക് പോയിരുന്നത്. ഇവിടെ അടച്ചപ്പോള്‍ സൗദി പുതിയ വഴി കണ്ടെത്തുകയാണ്.

ചെങ്കടല്‍ വഴി എണ്ണ കയറ്റുമതി ചെയ്യാനാണ് സൗദി അറേബ്യ ഇപ്പോള്‍ നോക്കുന്നത്. പേര്‍ഷ്യന്‍ കടല്‍ വഴിയായിരുന്നു ഹോര്‍മുസിലൂടെയുള്ള കയറ്റുമതി. സൗദിയിലെ വിവിധ റിഫൈനറികളിലുള്ള എണ്ണ യാമ്പുവിലെ തുറമുഖത്തേക്ക് എത്തിക്കാനാണ് പുതിയ നീക്കം. ഇവിടെ നിന്ന് ചെങ്കടല്‍ വഴി കയറ്റുമതി ചെയ്യും. ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഈ വാര്‍ത്ത നല്‍കിയിരിക്കുന്നത്. അരാംകോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ നിന്ന് പടിഞ്ഞാറന്‍ മേഖലയിലെ ചെങ്കടല്‍ തീരത്തേക്ക് എണ്ണ എത്തിക്കും. ഇതിന് പൈപ്പ് ലൈന്‍ ഉപയോഗിക്കും. എന്നാല്‍ 50 ലക്ഷം ബാരല്‍ എണ്ണയാണ് പരമാവധി ഇങ്ങനെ എത്തിക്കാന്‍ സാധിക്കുക. ഇതിനേക്കാള്‍ സൗദിക്ക് കയറ്റുമതി ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ പൈപ്പ് ലൈന്‍ വഴി രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത് എത്തിച്ച് കയറ്റുമതി ചെയ്യുക എന്നത് സമ്പൂര്‍ണമായി വിജയിക്കണം എന്നില്ല.
ചെങ്കടലില്‍ മറ്റൊരു വെല്ലുവിളി പതിയിരിക്കുന്നു
നിലവില്‍ ചെങ്കടല്‍ ചരക്കുപാതയില്‍ വെല്ലുവിളി ഇല്ല. എന്നാല്‍ യമനിലെ ഹൂത്തികള്‍ ഈ പാത ഉപരോധിക്കുമെന്ന് ആശങ്കയുണ്ട്. ഇറാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് ഹൂത്തികള്‍. ഇസ്രായേലിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ചെങ്കടല്‍ പാത ഹൂത്തികള്‍ ഉപരോധിച്ചേക്കാം. അങ്ങനെ സംഭവിച്ചാല്‍ സൗദിയുടെ പ്ലാന്‍ പൊളിയും. ഇസ്രായേല്‍ ഇറാനില്‍ ആക്രമണം തുടങ്ങിയപ്പോള്‍ ഹൂത്തികള്‍ ഇസ്രായേലിലേക്ക് മിസൈല്‍ അയച്ചിരുന്നു.
സൗദി അറേബ്യയുടെ കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെ നീളുന്ന പൈപ്പ് ലൈന്‍ നിലവിലുണ്ട്. 746 മൈല്‍ ദൂരത്തിലാണ് ഈ പൈപ്പ് ലൈന്‍. എന്നാല്‍ അഞ്ച് ദശലക്ഷം ബാരല്‍ എണ്ണ മാത്രമാണ് ഇതിലൂടെ യാമ്പുവില്‍ എത്തിക്കാന്‍ സാധിക്കുക. ഹോര്‍മുസ് അടച്ചാലുള്ള വെല്ലുവിളി ഒരു പരിധി വരെ ചെറുക്കാന്‍ സാധിക്കുമെന്ന് മാത്രം. ഇറാന്‍ ഹൂത്തികളെ ഉപയോഗിച്ച് ചെങ്കടല്‍ പാത അടച്ചാല്‍ ആഗോള വിപണി മറ്റൊരു പ്രതിസന്ധി കൂടി നേരിടേണ്ടി വരും.
ജിസിസി രാജ്യങ്ങളില്‍ അമേരിക്കന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം നടത്തുന്നുണ്ട്. സൗദിയിലെ അരാംകോ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. തുടര്‍ന്ന് റാസ് തനുറ റിഫൈനറി താല്‍ക്കാലികമായി അരാംകോ അടച്ചു. സൗദി അറേബ്യയിലെ ഏറ്റവും വലിയ റിഫൈനറി ആണിത്. അതേസമയം, ഹോര്‍മുസ് അടച്ചതോടെ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 82 ഡോളറിലെത്തിയത് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്.












Click it and Unblock the Notifications