മക്കള്‍ സ്കൂളില്‍ വന്നില്ലെങ്കില്‍ രക്ഷിതാക്കളെ പിടിച്ച് ജയിലിലിടും: പുതിയ നിയമവുമായി സൗദി അറേബ്യ
ജിദ്ദ: മക്കള്‍ സ്കൂളില്‍ എത്തിയില്ലെങ്കില്‍ രക്ഷിതാക്കള്‍ ജയിലിലായേക്കുന്ന നിയമ പരിഷ്കരണവുമായി സൗദി അറേബ്യ. ന്യായമായ കാരണമില്ലാതെ കുട്ടികൾ 20 ദിവസത്തോളം സ്കൂളില്‍ വരാതിരുന്നാല്‍ സൗദി അറേബ്യയിലെ മാതാപിതാക്കൾക്ക് തടവ് ശിക്ഷ ലഭിച്ചേക്കുമെന്നാണ് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ശിശു സംരക്ഷണ നിയമം അനുസരിച്ചാണ് ഈ നടപടി. വരുന്ന അധ്യയന വർഷത്തിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം വർധിപ്പിക്കുകയാണ് ഈ നീക്കത്തിലുടെ ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്കൂളില്‍ വരാതിരിക്കുന്ന കുട്ടികളുടെ രക്ഷാധികാരി രാജ്യത്തിന്റെ ശിശു സംരക്ഷണ നിയമപ്രകാരം പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിന് വിധേയനാകുമെന്നാണ് സൗദി ഔട്ട്ലെറ്റ് മക്ക പത്രത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. അന്വേഷണം പൂർത്തിയാക്കിയ ശേഷം കേസ് കോടതിക്ക് കൈമാറും.

വിദ്യാർത്ഥി സ്കൂളില്‍ വരാത്തതില്‍ രക്ഷിതാവ് അശ്രദ്ധ കാണിച്ചുവെന്ന് തെളിയിക്കപ്പെട്ടാൽ, രക്ഷിതാവിനെതിരെ ഉചിതമായ തടവ് ശിക്ഷ വിധിക്കാൻ ജഡ്ജിക്ക് അധികാരമുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. പുതിയ അധ്യയന വർഷത്തോടെ എല്ലാ വിദ്യാർത്ഥികള്‍ക്കും വിദ്യാഭ്യാസം ഉറപ്പ് വരുത്തകയാണ് സർക്കാർ ലക്ഷ്യം.
നിരവധി ഘട്ടങ്ങളിലൂടെയായിരിക്കും രക്ഷിതാവിനെതിരായ ശിക്ഷ വിധിക്കുക. ആദ്യം, സ്‌കൂൾ പ്രിൻസിപ്പൽ കേസ് അന്വേഷണം ആരംഭിക്കുന്ന ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന് സംഭവം റിപ്പോർട്ട് ചെയ്യണം. തുടർന്ന്, കേസിന്റെ നടപടികൾ രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും. അതിന് ശേഷം സ്കൂളിൽ ഹാജരാകാത്തതിന്റെ കാരണം നിർണ്ണയിക്കാൻ ഒരു കുടുംബ പരിപാലന വിഭാഗം വിദ്യാർത്ഥിയുടെ മൊഴി കേൾക്കും.
ആവശ്യമെങ്കിൽ, കേസ് കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് രക്ഷാധികാരിയെ പ്രോസിക്യൂഷന്റെ അന്വേഷണത്തിന് വിധേയമാക്കാം. അതേസമയം സൗദി അറേബ്യയിലെ 6 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ രണ്ട് മാസത്തെ വേനൽക്കാല അവധിക്ക് ശേഷം സ്കൂളിലേക്ക് മടങ്ങി. സൗദി വിദ്യാഭ്യാസ മന്ത്രാലയം ഭൂമി ശാസ്ത്രം, ബഹിരാകാശം, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയ പുതിയ വിഷയങ്ങൾ ഇനി മുതല്‍ സെക്കൻഡറി സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും അനുമതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications