യുഎഇക്കൊപ്പം കറന്‍സി അച്ചടിക്കാന്‍ ജർമ്മനിയും: നിർണ്ണായക നീക്കവുമായി സിറിയ; പണികിട്ടിയത് റഷ്യക്ക്
രാജ്യത്തെ പുതിയ കറന്‍സി അച്ചടിക്കാന്‍ യു എ ഇയും ജർമ്മനിയുമായി ധാരണയിലെത്താനുള്ള നീക്കവുമായി സിറിയ. 13 വർഷത്തെ യുദ്ധത്തിനു ശേഷം സിറിയയുടെ പുതിയ ഭരണകൂടം, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ രൂപത്തിലുള്ള കറന്‍സി ഉത്പാദിപ്പിക്കാന്‍ ഒരുങ്ങുകയാണ് സിറിയ. ഇതിനായാണ് യു എ ഇയേയും ജർമ്മനിയേയും സമീപിക്കാന്‍ സിറിയ ഒരുങ്ങുന്നത്.
ഇതോടെ, ഒരു ദശാബ്ദത്തിലേറെ നീണ്ട യുദ്ധകാല സഹകരണത്തിനു ശേഷം റഷ്യയുമായുള്ള കറൻസി അച്ഛടി ബന്ധം സിറിയ അവസാനിപ്പിക്കും. ഡിസംബറിൽ റഷ്യയുടെ പിന്തുണയുള്ള ഭരണാധികാരി ബഷാർ അൽ-അസദിന്റെ പതനത്തിനു ശേഷം സിറിയയുടെ വിദേശനയതന്ത്രവും സാമ്പത്തിക നിലപാടും വലിയ തോതില്‍ മാറുന്നു എന്നതിന്റെ വ്യക്തമായ സൂചനയുമാണ്.

സിറിയയ്ക്കു മേലുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ ലഘൂകരിക്കപ്പെടുന്ന സാഹചര്യത്തിൽ, പുതിയ ഭരണകൂടം അറബ്, പാശ്ചാത്യ രാജ്യങ്ങളുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഈ നീക്കമെന്നും അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ തീരുമാനപ്രകാരം റഷ്യയെ ആശ്രയിച്ചിരുന്ന കറൻസി അച്ഛടി ഇനി പൂർണ്ണമായും യുഎഇ, ജർമനി എന്നിവിടങ്ങളിലേക്ക് മാറും.
13 വർഷത്തെ ആഭ്യന്തരയുദ്ധത്തിൽ ആകെ തകർന്നടിഞ്ഞിരിക്കുന്ന സമ്പദ് വ്യവസ്ഥയാണ് സിറിയയുടേത്. യുദ്ധം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയും വ്യവസായങ്ങളെയും വലിയ തോതില്‍ തകിടം മറിച്ചു. ജനങ്ങളുടെ ജീവിതനിലവാരം മറ്റ് പല അറബ് രാജ്യങ്ങളേക്കാളും മോശമായി. ഈ സാഹചര്യത്തില്‍ പുതിയ കറൻസി അച്ഛടിക്കുന്നതിലൂടെ, സാമ്പത്തിക പരിഷ്കരണങ്ങൾക്ക് തുടക്കമിടാനും രാജ്യത്തിന്റെ സ്ഥിരത വീണ്ടെടുക്കാനുമാണ് ഭരണകൂടം ലക്ഷ്യമിടുന്നുത്.
യുഎഇയും ജർമനിയും സാമ്പത്തിക, സാങ്കേതിക മേഖലകളിൽ ശക്തമായ രാജ്യങ്ങളാണ്. ഇവിടങ്ങളിൽ കറൻസി അച്ഛടിക്കുന്നത്, സിറിയയുടെ പുതിയ ഭരണകൂടത്തിന്റെ അന്താരാഷ്ട്ര സ്വീകാര്യത വർധിപ്പിക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ. റഷ്യയുമായുള്ള ബന്ധം കുറയ്ക്കുന്നതിലൂടെ അറബ് ലോകത്തോടും പാശ്ചാത്യ രാജ്യങ്ങളോടും കൂടുതൽ അടുക്കാനും സാധിക്കുമെന്നും സിറിയ വിലയിരുത്തുന്നു.
അസദിന്റെ ഭരണകാലത്ത്, റഷ്യ സിറിയയുടെ പ്രധാന സഖ്യകക്ഷിയായിരുന്നു. സൈനികവും സാമ്പത്തികവുമായ പിന്തുണയിലൂടെ റഷ്യ, അസദിന്റെ ഭരണം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. എന്നാൽ, അസദിന്റെ പതനത്തോടെ, സിറിയയുടെ പുതിയ ഭരണകൂടം അന്താരാഷ്ട്ര ബന്ധങ്ങളിൽ പുതിയ ദിശ തേടുകയാണ്. ഈ നീക്കം, സിറിയയുടെ സാമ്പത്തിക പുനർനിർമാണത്തിന്റെ ആദ്യപടിയായി വിലയിരുത്തപ്പെടുന്നു. എന്നാൽ, യുദ്ധാനന്തര സിറിയയിൽ സ്ഥിരതയും വികസനവും കൈവരിക്കാൻ ഭരണകൂടത്തിന് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉള്ളത്.
അതേസമയം, സിറിയക്ക് മേല്‍ അമേരിക്ക രേഖപ്പെടുത്തിയ എല്ല ഉപരോധങ്ങളും നീക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നാല് ദിവസത്തെ ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിനിടെ, റിയാദിൽ നടന്ന യുഎസ്-സൗദി ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ വെച്ചാണ് ട്രംപ് സുപ്രധാനമായ പ്രഖ്യാപനം നടത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനുമായും നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു ഉപരോധങ്ങൾ നീക്കാനുള്ള തീരുമാനം.
'സിറിയയ്‌ക്കെതിരായ ഉപരോധങ്ങൾ ഞാൻ അവസാനിപ്പിക്കാൻ ഉത്തരവിടും. അതുവഴി അവർക്ക് വികസനം നേടാനുള്ള അവസരം നൽകും. ഇപ്പോൾ അവരുടെ സമയമാണ്. ഞങ്ങൾ എല്ലാം നീക്കം ചെയ്യുന്നു" ട്രംപ് പറഞ്ഞു. ഉപരോധങ്ങൾ ക്രൂരമായിരുന്നു. സിറിയയിലെ പുതിയ ഭരണകൂടം രാജ്യത്തെ സ്ഥിരപ്പെടുത്തി സമാധാനം നിലനിർത്തുമെന്നാണ് തന്റെ പ്രതീക്ഷ' അദ്ദേഹം പറഞ്ഞു. സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അൽ ഷരാ ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബില്‍ സല്‍മാനൊപ്പമായിരുന്നു കൂടിക്കാഴ്ച.












Click it and Unblock the Notifications