അമേരിക്കയുമായി ചേർന്ന് ചില വന്‍ കളികള്‍ക്ക് യുഎഇ: അൽ നഹ്യാന്‍ വാഷിംഗ്ടൺ ഡിസിയില്‍
യുഎഇയും അമേരിക്കയും തമ്മില്‍ വ്യാപര ബന്ധം കൂടുതല്‍ ശക്തമാക്കുന്നു. യു എ ഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ആദ്യ ഔദ്യോഗിക അമേരിക്കന്‍ യാത്ര യു എ ഇ - യു എസ് സാമ്പത്തിക വളർച്ചയെയും നവീകരണത്തെയും പ്രോല്‍സാഹിപ്പിക്കുമെന്നാണ് തിങ്കളാഴ്ച വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ, വൈസ് പ്രസിഡൻ്റ് കമലാ ഹാരിസ് എന്നിവരുമായി ഷെയ്ഖ് മുഹമ്മദിൻ്റെ കൂടിക്കാഴ്ചയുടെ അജണ്ടയിൽ ഗാസയിലെ യുദ്ധം പോലുള്ള പ്രധാന പ്രാദേശിക വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകൾ ഉൾപ്പെട്ടേക്കും. എന്നാൽ പരമ്പരാഗതമായ ബന്ധത്തിന് അപ്പുറത്തേക്ക് ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ യുഎഇ ശ്രമിക്കുന്നതിനാൽ സാമ്പത്തിക പുനഃക്രമീകരണമാണ് പ്രാഥമിക ലക്ഷ്യമെന്നാണ് യു എ ഇ പ്രസിഡന്റിന്റെ ഏറ്റവും മുതിർന്ന നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് വ്യാഴാഴ്ച ദുബായിൽ ഒരു ബ്രീഫിംഗിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രാദേശിക സംഘർഷം, എണ്ണ, പ്രതിരോധം എന്നിവയോടൊപ്പം തന്നെ വ്യാപാര പങ്കാളിത്തവും ചർച്ചാ വിഷയമാകും. സാമ്പത്തിക, സുരക്ഷാ സഹകരണം വിപുലീകരിക്കാൻ യു എ ഇ പ്രസിഡൻ്റ് ശ്രമിക്കുമെന്ന് മാത്രമല്ല, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, പുനരുപയോഗ ഊർജം, കാലാവസ്ഥ, ബഹിരാകാശം തുടങ്ങിയ പ്രധാന മേഖലകളിലും പുതിയ കാല്‍വെപ്പുകള്‍ നടത്തും.
യുഎഇയിലെ മുൻനിര ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സ്ഥാപനമായ ജി42-ൽ 1.5 ബില്യൺ ഡോളറിൻ്റെ നിക്ഷേപം മൈക്രോസോഫ്റ്റ് ഏപ്രിലിൽ നടത്തിയിരുന്നു. ചൈനയുമായുള്ള നിക്ഷേപവും നയതന്ത്ര ബന്ധങ്ങളും നിലനിർത്തുന്നതിനൊപ്പം തന്നെ അമേരിക്കൻ നിക്ഷേപം ആകർഷിക്കുക എന്ന യു എഇയുടെ ലക്ഷ്യത്തെ ശക്തിപ്പെടുത്തിക്കൊണ്ട് യുഎസിൻ്റെ പ്രധാന ബിസിനസ്സ് നേതാക്കളുമായും ടെക് എക്സിക്യൂട്ടീവുകളുമായും അല്‍നഹ്യാന്‍ കൂടിക്കാഴ്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ബെയ്ജിംഗുമായി അമേരിക്കൻ സാങ്കേതികവിദ്യ പങ്കിടുന്നതിനെക്കുറിച്ചുള്ള ഭയം കാരണം യു എ ഇക്ക് ചിപ്പ് സാങ്കേതിക വിദ്യ നല്‍കുന്നതില്‍ അമേരിക്ക ചില നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം ചില നിയന്ത്രണങ്ങളുണ്ടെങ്കിലും അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന വ്യാപാര നിക്ഷേപ പങ്കാളിത്തമാണ് അമേരിക്കയ്ക്കും യു എ ഇയ്ക്കും ഇടയിലുള്ളത്.
2023-ൽ, യു എ ഇയും യു എസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 31.4 ബില്യൺ ഡോളറായിരുന്നു. യു എ ഇയിലേക്കുള്ള യു എസിൻ്റെ കയറ്റുമതി 24.8 ബില്യൺ ഡോളറിൽ കൂടുതലാണെന്ന് വാഷിംഗ്ടൺ ഡി സി യിലെ യു എ ഇ എംബസിയും അറിയിച്ചിട്ടുണ്ട്. ലോകത്തെ എണ്ണ വിതരണത്തിൻ്റെ ഏകദേശം 4% ഉത്പാദിപ്പിക്കുന്ന യുഎഇക്ക് അമേരിക്കയിൽ മൊത്തം 1 ട്രില്യൺ ഡോളറിൻ്റെ നിക്ഷേപമുണ്ട്.
അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് അതോറിറ്റിയും മുബദാലയും ഉൾപ്പെടെയുള്ള യുഎഇ സോവറിൻ വെൽത്ത് ഫണ്ടുകൾ അമേരിക്കൻ റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ, ടെക്‌നോളജി മേഖലകളിലെ പ്രധാന നിക്ഷേപകരുമാണ്.












Click it and Unblock the Notifications