Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലെ വിമാന സർവ്വീസുകള്‍ താറുമാറായി: നിരവധി സർവ്വീസുകള്‍ റദ്ദാക്കി, ടിക്കറ്റ് നിരക്ക് കുത്തനെ കൂടി

ഇസ്രായേലിനെതിരായ ഇറാന്‍ ആക്രമണം പശ്ചിമേഷ്യയില്‍ വീണ്ടും സംഘർഷ സാഹചര്യം രൂക്ഷമായിരിക്കുകയാണ്. ഇറാന്റെ ആക്രമണത്തോട് ഇസ്രായേല്‍ ഏത് തരത്തിലാണ് പ്രതികരിക്കുക എന്നതാണ് ലോകം ആശങ്കയോടെ നോക്കുന്നത്. സംഘർഷ സാഹചര്യം രൂക്ഷമായതോടെ മേഖലയിലെ വ്യോമഗതാഗതവും ആകെ താറുമാറായിരിക്കുകയാണ്.

നിരവധി വ്യോമപാതകള്‍ അടച്ചതോടെ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകളുടെ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും റൂട്ട് മാറ്റുകയും ചെയ്തിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. എമിറേറ്റ്സ്, ബ്രിട്ടീഷ് എയർവേസ്, ലുഫ്താൻസ, ഖത്തർ എയർവേയ്‌സ് എന്നീ പ്രമുഖ കമ്പനികളുടെ ദുബായ്, ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ കെയ്‌റോയ്ക്ക് പുറമെ വിവിധ യൂറോപ്യൻ നഗരങ്ങളിലേക്ക് വഴിതിരിച്ച് വിടുകയും ചെയ്തുവെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

uae-flight

പല എയർലൈനുകളും ഈ മേഖലയിലേക്കുള്ള ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ചില സർവ്വീസുകള്‍ വഴി തിരിച്ച് വിടുകയും ചെയ്തു. ദുബായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഒക്ടോബർ 2, 3 തീയതികളിൽ ഇറാഖിലെ ബസ്ര, ബാഗ്ദാദ്, ഇറാനിലെ ടെഹ്‌റാൻ, ജോർദാനിലെ അമ്മാൻ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി അറിയിച്ചു.

ദുബായ്-ബഹ്റൈന്‍-ദുബായി, ദുബായി-കുവൈത്ത്-ദുബായി, ദുബായി-ലണ്ടന്‍ ഹീത്രൂ-ദുബായി, ദുബായ്-മസ്കറ്റ്-ദുബായി എന്നീ സർവ്വീസുകളും കമ്പനി താല്‍ക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ഒക്ടോബർ 2,3 തിയതികളിലായി ഇറാൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നതായി ദുബായ് ആസ്ഥാനമായുള്ള മറ്റൊരു എയർലൈനായ ഫ്ലൈദുബായും അറിയിച്ചു.

സംഭവങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും അതിന് അനുസരിച്ച് ഫ്ലൈറ്റ് ഷെഡ്യൂൾ ഭേദഗതി ചെയ്യുകയുമെന്നും ഫ്ലൈദുബായ് വക്താവ് അറിയിച്ചു. ഇത്തിഹാദ് എയർവേയ്‌സും ഈ ദിവസങ്ങളില്‍ തങ്ങളുടെ സർവ്വീസുകളില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ നിരവധി വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയാണ് ചെയ്തത്.

ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിലേക്കുള്ള സർവീസ് ഇത്തിഹാദ് പൂർണ്ണമായും റദ്ദാക്കി. 'ഇത്തിഹാദ് എയർവേയ്‌സ് ഫ്ലൈറ്റുകൾ അംഗീകൃത വ്യോമാതിർത്തിയിലൂടെ മാത്രമേ പ്രവർത്തിക്കൂ, സുരക്ഷയ്ക്കാണ് ഞങ്ങള്‍ ഏറ്റവും വലിയ പ്രധാന്യം നല്‍കുന്നത്, റൂട്ട് സുരക്ഷിതമല്ലെങ്കിൽ ഞങ്ങൾ ഒരിക്കലും ഒരു വിമാനം പ്രവർത്തിപ്പിക്കില്ല'- ഇത്തിഹാദ് കമ്പനി അറിയിച്ചു.

അതേസമയം തന്നെ സർവ്വീസ് നടത്തുന്ന കമ്പനികള്‍ തങ്ങളുടെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ലെബനനില്‍ നിന്നും യു എ ഇയിലേക്കുള്ള സർവ്വീസ് ചാർജ്ജാണ് പ്രധാനമായും വർധിച്ചത്. ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം രൂക്ഷമായതോടെ ലെബനനില്‍ നിന്നും കൂടുതല്‍ ആളുകള്‍ യു എ ഇയിലേക്ക് സഞ്ചരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് ടിക്കറ്റ് നിരക്കിലെ വർധനവ്.

ബെയ്‌റൂട്ടിൽ നിന്ന് ദുബായിലേക്കുള്ള വൺ-വേ ടിക്കറ്റിന്റെ നിരക്ക് 42000 ദിർഹം വരേയായിട്ടാണ് ഉയർന്നിരിക്കുന്നത്. പൈസ കൊടുത്താല്‍ തന്നെയും ടിക്കറ്റുകള്‍ ലഭ്യമല്ലാത്ത സാഹചര്യമുണ്ടെന്നും വിവിധ ലെബനീസ് പൗരന്മാരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+