യുഎഇ പാസ്‌പോര്‍ട്ട് സേവന കരാര്‍ റദ്ദാക്കി; അല്‍ഹിന്ദിന് തിരിച്ചടി, മറ്റു 3 രാജ്യങ്ങളിലും പുതിയ ടെന്‍ഡര്‍
ന്യൂഡല്‍ഹി: യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട്, വിസ, കോണ്‍സുലര്‍ സേവനങ്ങള്‍ നടത്തുന്നതിനായി അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് നല്‍കിയ കരാര്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. കരാര്‍ നല്‍കുന്നതിനായി സ്വീകരിച്ച ടെന്‍ഡര്‍ നടപടിക്രമം നിയമപരമായി നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയ കോടതി, വിദേശകാര്യ മന്ത്രാലയത്തോട് പുതിയ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനും നിര്‍ദേശിച്ചു.
കുവൈത്ത്, സിംഗപ്പൂര്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്കായുള്ള കോണ്‍സുലര്‍, പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ടെന്‍ഡര്‍ നടപടിയും ഹൈക്കോടതി റദ്ദാക്കി. നാല് മിഷനുകള്‍ക്കും ഒരു മാസത്തിനകം പുതിയ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങാനാണ് നിര്‍ദേശം. ടെന്‍ഡര്‍ നടപടിയിലെ സാങ്കേതിക വിലയിരുത്തലിനെ ചോദ്യം ചെയ്ത് ഇട്രാവ് ടെക് ലിമിറ്റഡും വെരാസിസ് സിസ്റ്റംസും നല്‍കിയ ഹരജികളിലാണ് ഹൈക്കോടതി നടപടി.

സാങ്കേതിക വിലയിരുത്തല്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിജയികളായ കമ്പനികള്‍ക്ക് നല്‍കിയ കരാറുകള്‍ അസാധുവാക്കി. പുതിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകാതിരിക്കാന്‍ നിലവിലുള്ള സേവനദാതാക്കളെ തുടരാന്‍ അനുവദിക്കാമെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ നിലവിലെ സേവനദാതാവ് ആരാണെന്ന് വിധിയില്‍ വ്യക്തമാക്കിയിട്ടില്ല.
യുഎഇയിലെ ഇന്ത്യന്‍ എംബസി കഴിഞ്ഞ നവംബറിലാണ് പാസ്പോര്‍ട്ട്, വിസ, മറ്റ് കോണ്‍സുലര്‍ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചത്. ഏറ്റവും കുറഞ്ഞ സാമ്പത്തിക നിരക്ക് രേഖപ്പെടുത്തിയ കേരളത്തിലെ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം ഒന്നുമുതല്‍ യുഎഇയിലുടനീളം ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ടെന്‍ഡര്‍ നടപടിക്കെതിരേ പരാജയപ്പെട്ട കമ്പനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.
എംബസി ഏറ്റെടുത്തത് 17 വര്‍ഷത്തിനിടെ ആദ്യം
ബിഎല്‍എസ് ഇന്റര്‍നാഷണല്‍, എസ്ജിഐവിഎസ് ഗ്ലോബല്‍ സര്‍വീസസ് എന്നീ കമ്പനികളാണ് നേരത്തെ യുഎഇയിലെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ചെയ്തിരുന്നത്. ഇവരുടെ കാലാവധി ജൂണ്‍ 30ന് അവസാനിച്ചു. ജൂലൈ ഒന്ന് മുതല്‍ പുതിയ കരാര്‍ ലഭിച്ച അല്‍ഹിന്ദ് ആണ് സേവനം നടത്തേണ്ടിയിരുന്നത്. കോടതി ഇടപെടലുണ്ടായതോടെ കാര്യങ്ങളില്‍ അനിശ്ചിതത്വമായി. തുടര്‍ന്ന് എംബസിയും കോണ്‍സുലേറ്റും നിയന്ത്രിതമായ സേവനങ്ങള്‍ നല്‍കി വരികയായിരുന്നു.
17 വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരം സേവനങ്ങള്‍ സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കി ഇന്ത്യന്‍ കാര്യാലയങ്ങള്‍ നേരിട്ട് കൈകാര്യം ചെയ്യുന്നത്. നിലവിലെ സേവനം തുടരാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതായത്, ജൂണ്‍ 30ന് മുമ്പ് സേവനം നടത്തിയ കമ്പനികളാണോ അതിന് ശേഷം സേവനം നല്‍കുന്ന ഇന്ത്യന്‍ എംബസിയുടെ സേവനമാണോ പുതിയ സംവിധാനം വരുന്നത് വരെ തുടരുക എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
അബൂദബി എംബസി പ്രവൃത്തി ദിവസങ്ങളില്‍ പരിമിതമായ വാക്ക്ഇന്‍ അപേക്ഷകളും സ്വീകരിക്കുന്നുണ്ടെങ്കിലും ദുബൈ കോണ്‍സുലേറ്റ് പൂര്‍ണമായും മുന്‍കൂട്ടി നിശ്ചയിച്ച അപ്പോയിന്റ്മെന്റുകളുടെ അടിസ്ഥാനത്തിലാണ് സേവനം നല്‍കുന്നത്. ഇത് പാസ്പോര്‍ട്ട് പുതുക്കല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കാന്‍ കാരണമായിട്ടുണ്ട്. അടിയന്തര പ്രധാന്യം വ്യക്തമാക്കുന്ന രേഖ കൂടി അപേക്ഷയോടൊപ്പം നല്‍കണം എന്നാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുള്ളത്.















Click it and Unblock the Notifications