ഇന്ത്യയെപ്പോലെയല്ല യുഎഇ: മനപ്പൂർവ്വം നെഗറ്റീവ് റിവ്യൂ ഇട്ട യുവാവിന് 70000 ദിർഹം പിഴയിട്ട് കോടതി
തങ്ങള്‍ക്ക് പരസ്യം നല്‍കാത്തവരുടെയോ അല്ലെങ്കില്‍ എന്തെങ്കിലും തരത്തില്‍ എതിർപ്പുള്ളവരുടെയോ സ്ഥാപനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് റിവ്യൂ ഇടുന്നവർ ഇന്ത്യയില്‍ നിരവധിയാണ്. ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചാലും പലപ്പോഴും കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നില്ല. ഇന്ത്യയിലെ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ യു എ ഇയിലെ സാഹചര്യം ഇതില്‍ നിന്നും നേരെ വ്യത്യസ്തമാണ്.
സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ട് ഒരു വ്യാപാര സ്ഥാപനത്തിന്റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുകയും സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും ചെയ്ത യുവാവിനോട് 70000 ദിർഹം (ഏകദേശം 16.21 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാനാണ് യു എ ഇയിലെ അൽ ഐൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. അൽ ഐൻ സിവിൽ, കൊമേഴ്സ്യൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഒരു വ്യാപാര സ്ഥാപനത്തിന്റെ ഉടമ ഫയൽ ചെയ്ത കേസിനെ തുടർന്നാണ് നടപടി. യുവാവിന്റെ സോഷ്യൽ മീഡിയാ പോസ്റ്റുകൾ തന്റെ കടയുടെ പ്രതിച്ഛായയെ ബാധിക്കുകയും വിൽപ്പനയിൽ കാര്യമായ ഇടിവ് ഉണ്ടാക്കുകയും ചെയ്തതായി ഉടമ കോടതിയിൽ വാദിച്ചു. ആദ്യഘട്ടത്തിൽ, വസ്തുപരവും മാനസികവുമായ നഷ്ടങ്ങൾക്ക് 200000 ദിർഹം നഷ്ടപരിഹാരവും കോടതി ചെലവുകളുമായിരുന്നു പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്.
യുവാവ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിൽ സ്ഥാപനത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയും മറ്റ് തെളിവുകളും പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കി. ഈ തെളിവുകള്‍ പരിശോധിച്ച കോടതി യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. മുമ്പ് ഒരു ക്രിമിനൽ കോടതിയും യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
സിവിൽ നടപടികളിൽ നഷ്ടപരിഹാരം എന്ന ആവശ്യം തള്ളണമെന്ന് പ്രതി ഉന്നയിച്ചിരുന്നു. അപകീർത്തിയുണ്ടായി എന്നത് ആരോപിക്കപ്പെട്ട കാലത്ത് വിൽപ്പനയിൽ യഥാർത്ഥത്തിൽ ഇടിവുണ്ടായോ എന്നറിയാൻ ഫെഡറൽ ടാക്സ് അതോറിറ്റിയോട് വ്യാപാര സ്ഥാപനത്തിന്റെ നികുതി രേഖകൾ ഹാജരാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ഒരു ഡിപ്പൻഡന്റ് സർട്ടിഫിക്കറ്റും ഓൺലൈൻ ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും ഉൾപ്പെടെയുള്ള രേഖകൾ അദ്ദേഹം സമർപ്പിച്ചു.
എന്നാൽ കോടതി ക്രിമിനല്‍ കോടതിയുടെ മുൻ വിധി ശരിവെക്കുകയും യുവാവ് കുറ്റം ചെയ്തതായി വിലയിരുത്തുകയും ചെയ്തു. ഇതോടൊപ്പം തന്നെ വ്യാപാരിക്ക് 70000 ദിർഹം നഷ്ടപരിഹാരം നൽകാൻ യുവാവിനോട് കോടതി ഉത്തരവിടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുമ്പോൾ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്നത് കൂടിയാണ് ഈ വിധി. അപകീർത്തികരമായ പോസ്റ്റുകൾ വ്യക്തികൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications