യുഎഇ പ്രവാസികള്‍ തന്ത്രം മാറ്റി; മൂല്യം കുറഞ്ഞിട്ടും പണം അയക്കുന്നില്ല, പുതിയ ട്രെന്‍ഡ് ശക്തമാകുന്നു
ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ പണം കൈയ്യിലെത്താനുള്ള അവസരമാണ് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം അവര്‍ നാട്ടിലേക്ക് അയച്ചപ്പോള്‍ കിട്ടിയ തുകയേക്കാള്‍ അധികം കിട്ടുന്നുണ്ട് ഇപ്പോള്‍. എന്നാല്‍ ഇങ്ങനെ മാറിയിട്ടും പലരും പണം നാട്ടിലേക്ക് അയക്കുന്നില്ല.
രൂപയുടെ മൂല്യം ഇനിയും കുറയുമെന്നാണ് മിക്ക പ്രവാസികളും കരുതുന്നത്. അതുകൊണ്ടുതന്നെ കാത്തിരുന്ന് കാണാം എന്ന നിലപാടിലേക്ക് അവര്‍ മാറിയിരിക്കുന്നു. അമേരിക്കയുമായുള്ള താരിഫ് പ്രശ്‌നം അത്ര വേഗത്തില്‍ പരിഹരിക്കില്ലെന്നും അതുവരെ രൂപ ഇടിയാന്‍ തന്നെയാണ് സാധ്യത എന്നും അവര്‍ മനസിലാക്കുന്നു. ശമ്പളം ദിര്‍ഹമായി തന്നെ സൂക്ഷിക്കുകയാണ് പല പ്രവാസികളും...

ഈ മാസം ഒന്നിന് ഒരു ദിര്‍ഹത്തിന് 24.068 ആയിരുന്നു നിരക്ക്. രൂപയുടെ എക്കാലത്തെയും താഴ്ന്ന നിരക്കായിരുന്നു അത്. എന്നാല്‍ സെപ്തംബര്‍ അഞ്ചിന് വീണ്ടും മൂല്യം കുറഞ്ഞു. 24.076 എന്ന നിരക്കിലേക്ക് എത്തി. എന്നിട്ടും പല പ്രവാസികളും നാട്ടിലേക്ക് പണം അയക്കുന്നില്ല. ചിലര്‍ ആവശ്യത്തിന് മാത്രം അയക്കുകയാണ്. ഓണം ചെലവിന് മാത്രമുള്ള തുക അയച്ചുകൊടുക്കുകയാണ് ചില പ്രവാസികള്‍ ചെയ്തതത്രെ.
ഇന്ത്യന്‍ രൂപ തുടര്‍ച്ചയായി മൂല്യം കുറയുകയാണ്. നേരത്തെ പതിയെ കുറഞ്ഞു വന്ന മൂല്യം സെപ്തംബറില്‍ ഇടിവ് വേഗത്തിലാക്കി. ഇതിന് കാരണം അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയ ഇറക്കുമതി ചുങ്കമാണ്. ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ 50 ശതമാനമാണ് ചുങ്കം. ഇത്രയും ചുങ്കം ഒരു രാജ്യങ്ങള്‍ക്കും അമേരിക്ക ചുമത്തിയിട്ടില്ല.
പ്രവാസികളുടെ മനംമാറ്റത്തിന് കാരണം ഇതാണ്
സമീപകാലം വരെ ഇന്ത്യയെ അമേരിക്ക ഉറ്റ ചങ്ങാതി രാജ്യമായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ മറിച്ചാണ് കാര്യങ്ങള്‍. ചൈനയേക്കാള്‍ ഉയര്‍ന്ന താരിഫ് ഇന്ത്യയ്ക്കാണ് ചുമത്തിയിട്ടുള്ളത്. ഇന്ത്യയുടെ കയറ്റുമതി കൂടുതല്‍ അമേരിക്കയിലേക്കാണ്. എന്നാല്‍ ഇപ്പോള്‍ കയറ്റുമതി പ്രതിസന്ധിയിലായി. ഇതോടെ ഇന്ത്യന്‍ കയറ്റുമതിക്ക് ചെലവേറി. മാത്രമല്ല, ഇന്ത്യയില്‍ നിരവധി പേര്‍ക്ക് ജോലി പോകാനുള്ള സാധ്യതയും തെളിഞ്ഞു. ഈ സാഹചര്യത്തില്‍ ഓഹരികളില്‍ നിന്ന് വിദേശ നിക്ഷേപകര്‍ പിന്മാറുകയാണ്.
ഇന്ത്യന്‍ ഓഹരി ഒഴിവാക്കലും കയറ്റുമതി പ്രതിസന്ധി നേരിടുകയും ചെയ്തതോടെ വ്യാപാര കമ്മി വര്‍ധിക്കുന്ന സാഹചര്യമുണ്ടായതാണ് രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയാന്‍ കാരണമായത്. നേരത്തെ യുഎഇ, സൗദി അറേബ്യ തുടങ്ങിയ ജിസിസി രാജ്യങ്ങളില്‍ നിന്നായിരുന്നു കൂടുതല്‍ പണം നാട്ടിലേക്ക് വന്നിരുന്നത് എങ്കില്‍ ഇപ്പോള്‍ അമേരിക്ക, യൂറോപ്പ് എന്നീ മേഖലകളില്‍ നിന്നാണ്.
ഈ മാറ്റം ഒരു ഭാഗത്ത് നടക്കുന്നതിനിടെയാണ് യുഎഇ പ്രവാസികള്‍ നാട്ടിലേക്ക് പണം അയക്കാതെ ഇനിയും രൂപയുടെ മൂല്യം ഇടിയാന്‍ കാത്തിരിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാര പ്രതിസന്ധി പരിഹരിക്കാത്തിടത്തോളം കാലം ഇന്ത്യന്‍ രൂപ കൂടുതല്‍ ഇടിയുമെന്ന് പ്രവാസികള്‍ കരുതുന്നു. അതിനിടെ ചിലര്‍ നാട്ടിലേക്ക് പണം അയക്കുന്നതിന് കൂടുതല്‍ തുക തരുന്ന ആപ്പുകളെ ആശ്രയിക്കുന്നു എന്ന മാറ്റവും വന്നിട്ടുണ്ട്. ചിലര്‍ യുഎഇയില്‍ തന്നെ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു എന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications