യുഎഇക്ക് തിരിച്ചടി? സൗദി അറേബ്യക്കൊപ്പം 6 രാജ്യങ്ങള്‍; ക്രൂഡ് ഓയില്‍ ഒഴുക്കാന്‍ പുതിയ തീരുമാനം
റിയാദ്: ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് അടുത്തിടെയാണ് യുഎഇ രാജിവെച്ചത്. കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും വേണ്ടിയായിരുന്നു ഇത്. ഒപെകില്‍ നില്‍ക്കുമ്പോള്‍ നിയന്ത്രണങ്ങളുണ്ടെന്നതാണ് യുഎഇ നേരിട്ട വെല്ലുവിളി. യുഎഇ പുറത്തു പോയ പിന്നാലെ ഇറാഖും രാജിവച്ചേക്കുമെന്നാണ് വിവരം. ഈ വേളയില്‍ ട്രാക്ക് മാറ്റിയിരിക്കുകയാണ് സൗദി അറേബ്യ.
ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കുത്തനെ വര്‍ധിപ്പിക്കാനാണ് ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം. ഇന്ന് ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഏഴ് രാജ്യങ്ങളുടെ യോഗത്തിലാണ് എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ ധാരണയായത്. സൗദി അറേബ്യ, റഷ്യ, ഇറാഖ്, കുവൈത്ത്, ഒമാന്‍, കസാഖിസ്താന്, അള്‍ജീരിയ എന്നീ രാജ്യങ്ങളുടെ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. പുതിയ തീരുമാനം ഓഗസ്റ്റ് മുതല്‍ നടപ്പില്‍ വരും.

ഓഗസ്റ്റ് മുതല്‍ ഓരോ ദിവസവും 188000 ബാരല്‍ ക്രൂഡ് ഓയില്‍ അധികമായി ഉല്‍പ്പാദിപ്പിക്കാനാണ് ഏഴ് രാജ്യങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. അതായത്, ഇത്രയും അധികം എണ്ണ വിപണിയില്‍ എത്തും. ഇത് എണ്ണവില ഇടിയാന്‍ കാരണമാകും. എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങള്‍ക്ക് സന്തോഷമായ കാര്യമാണിത്.
ഇന്ത്യയില്‍ പെട്രോള്‍ വില കുറയുമോ?
ഹോര്‍മുസ് കടല്‍പാത അടഞ്ഞു കിടന്നതിനാല്‍ പശ്ചിമേഷ്യയിലെ പല രാജ്യങ്ങളും കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം മരവിപ്പിക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിരുന്നു. യുദ്ധം അവസാനിക്കുകയും ഹോര്‍മുസ് പാത തുറക്കുകയും ചെയ്തതോടെയാണ് ഉല്‍പ്പാദനം കൂട്ടുന്നത്. ഇതോടെ കൂടുതല്‍ എണ്ണ അതിവേഗം വിപണിയിലെത്തും. ഇന്ത്യയില്‍ പെട്രോള്‍ വില കുറയാനുള്ള വഴിയൊരുങ്ങും. ഇക്കാര്യത്തില്‍ തീരുമാനം സര്‍ക്കാരാണ് എടുക്കേണ്ടത്.
അതേസമയം, ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കൂടി ആഗോള വിപണിയില്‍ എത്താനുള്ള സാധ്യതയുണ്ട്. അമേരിക്കയുമായി ശാശ്വത പരിഹാര കരാര്‍ ഒപ്പുവച്ചാല്‍ ഇറാന്റെ എണ്ണയും വിപണിയിലെത്തും. ഒപെകില്‍ പുതിയ ധാരണയുണ്ടാക്കിയ രാജ്യങ്ങള്‍ക്ക് പുറമെയാണിത്. അതോടെ ക്രൂഡ് ഓയില്‍ വില കുത്തനെ കുറയും. എന്നാല്‍ ഇപ്പോള്‍ ഒപെക് എടുത്ത തീരുമാനം അന്തിമമല്ല. ആവശ്യമുള്ള സമയം ഉല്‍പ്പാദനം കുറയ്ക്കാനും കൂട്ടാനുമുള്ള ശേഷി ഒപെകിനുണ്ട്.
ഒരു വെടിക്ക് രണ്ട് പക്ഷി
നിലവില്‍ ക്രൂഡ് ഓയില്‍ ബാരല്‍ വില 70 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് ഈ വിലയായിരുന്നു. യുദ്ധ വേളയില്‍ ബാരലിന് 120 ഡോളര്‍ എന്ന വിലയിലേക്ക് വരെ എത്തിയിരുന്നു. ഇനി ഉല്‍പ്പാദനം ഉയര്‍ത്തുമ്പോള്‍ വില വീണ്ടും താഴും. അടുത്ത വര്‍ഷം വിപണിയില്‍ ആവശ്യത്തിന് കൂടുതല്‍ ക്രൂഡ് ഓയില്‍ ലഭ്യമാകാനുള്ള സാധ്യതയുണ്ട്. യുഎഇ അധികം ഉല്‍പ്പാദിപ്പിച്ച് നേട്ടം കൊയ്യാനുള്ള സാധ്യത ഇതോടെ ഇല്ലാതായി.
പുതിയ തീരുമാനത്തിന് പിന്നില്‍ സൗദി അറേബ്യയും റഷ്യയുമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അധികം ഉള്‍പ്പാദിപ്പിക്കണം എന്ന ആവശ്യവുമായി ഒപെക് വിട്ട യുഎഇക്കും ഉടന്‍ രാജിവെക്കുമെന്ന് പറയുന്ന ഇറാഖിനും സമ്മര്‍ദ്ദം ശക്തമാക്കുന്ന തീരുമാനമാണിത്. അതേസമയം ഹോര്‍മുസ് അടച്ചപ്പോള്‍ ഉല്‍പ്പാദനം മരവിപ്പിച്ച കുവൈത്തിന് പുതിയ തീരുമാനം വലിയ ആശ്വാസമാകും.















Click it and Unblock the Notifications