India-UAE Trade: യുഎഇ വീണു, ഇന്ത്യന്‍ കയറ്റുമതി കേന്ദ്രമായി കുതിച്ചെത്തി സിംഗപ്പൂര്‍; സൗദി അറേബ്യ മുന്നേറി
ദുബായ്: ഇന്ത്യന്‍ കയറ്റുമതിയുടെ കേന്ദ്രം എന്ന ഖ്യാതി യുഎഇക്ക് നഷ്ടമായി. പകരം ഈ പദവിയിലേക്ക് എത്തിയത് സിംഗപ്പൂര്‍ ആണ്. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ സിംഗപ്പൂര്‍ വഴി കയറ്റുമതി ചെയ്യുന്നത് വന്‍തോതില്‍ വര്‍ധിച്ചു. ഇറാന്‍ ഹോര്‍മുസ് പാത അടച്ചതാണ് യുഎഇക്ക് തിരിച്ചടിയായത്. അതേസമയം, ജിസിസി രാജ്യങ്ങളില്‍ ഒമാന്‍ ആണ് ഇന്ത്യയുമായുള്ള വ്യാപാരത്തില്‍ നേട്ടം കൊയ്തത്.
വാണിജ്യ മന്ത്രാലയത്തിന്റെ ഡാറ്റ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ കയറ്റുമതി ചെയ്യുമ്പോള്‍ വിദേശത്ത് രണ്ട് കേന്ദ്രങ്ങളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. യുഎഇയും സിംഗപ്പൂരും. ഇവിടേക്ക് എത്തിച്ചാണ് ഇന്ത്യന്‍ ചരക്കുകള്‍ മറ്റു പല രാജ്യങ്ങളിലേക്കും പോകുന്നത്. ഇരുരാജ്യങ്ങളുമായും ഇന്ത്യയ്ക്ക് സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സിംഗപ്പൂര്‍ വഴിയുള്ള ഇന്ത്യയുടെ കയറ്റുമതി 1.14 ബില്യണ്‍ ഡോളര്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ഇത് 3.20 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അതായത്, 180 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ യുഎഇ വഴിയുള്ള ഇന്ത്യയുടെ കയറ്റുമതി 3.43 ബില്യണ്‍ ഡോളറിന്റേതായിരുന്നു. കഴിഞ്ഞ മാസം ഇത് 2.18 ഡോളറായി കുറഞ്ഞു. 36 ശതമാനം ഇടിവാണുണ്ടായത്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചത്. മാര്‍ച്ച് രണ്ടിനാണ് ഇറാന്‍ ഹോര്‍മുസ് വഴിയുള്ള കടല്‍ ചരക്കുപാത അടച്ചത്. ഇതോടെ ഇന്ത്യയുടെ വ്യാപാരത്തില്‍ മാറ്റം സംഭവിക്കുകയായിരുന്നു. മാര്‍ച്ച് മാസം മുതല്‍ സിംഗപ്പൂര്‍ വഴിയുള്ള ഇന്ത്യയുടെ ചരക്കുകയറ്റുമതി ഓരോ മാസവും വര്‍ധിച്ചിട്ടുണ്ട്. ഹോര്‍മുസ് വഴിയുള്ള ഇന്ത്യയുടെ കയറ്റുമതി കുറയുകയും ചെയ്തു.
ഇറാന്റെ ടോള്‍ പിരിവ് അടുത്ത പണിയാകും
ഒമാന്‍, പെറു, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി വന്‍തോതില്‍ വര്‍ധിച്ചു. ഒമാന്‍ ജിസിസി രാജ്യമാണെങ്കിലും ഹോര്‍മുസ് പാത ആശ്രയിക്കാതെ ചരക്കുകള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒമാനില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 429 മില്യണ്‍ ഡോളറായിരുന്നു എങ്കില്‍ കഴിഞ്ഞ മാസം 1.48 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മൂന്നിരട്ടിയായിട്ടാണ് വര്‍ധന.
അതേസമയം, ഖത്തറില്‍ നിന്നുള്ള ഇറക്കുമതിയില്‍ 47 ശതമാനം ഇടിവാണ് വന്നിരിക്കുന്നത്. എന്നാല്‍ സൗദിയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി ഏപ്രിലില്‍ അല്‍പ്പം മെച്ചപ്പെട്ടു. മാര്‍ച്ചില്‍ 2.06 ബില്യണ്‍ ഡോളര്‍ ആയിരുന്നു എങ്കില്‍ ഏപ്രിലില്‍ 3.85 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഹോര്‍മുസ് പാത തുറന്നാല്‍ മാത്രമാണ് ജിസിസി രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ കയറ്റുമതിയും ഇറക്കുമതിയും മെച്ചപ്പെടുക.
ഹോര്‍മുസ് പാതയ്ക്ക് ടോള്‍ നിശ്ചയിക്കുമെന്ന് ഇറാന്‍ സൂചിപ്പിച്ചു. ഇതിന്റെ കണക്കുകള്‍ വൈകാതെ പുറത്തുവിട്ടേക്കും. എല്ലാ രാജ്യങ്ങള്‍ക്കും ഒരേ നിരക്ക് ആകില്ലെന്നാണ് വിവരം. ഇന്ത്യയുമായി സൗഹൃദം നിലനിര്‍ത്തുന്നതിനാല്‍ നിരക്ക് കുറച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ടോള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ അമേരിക്ക രംഗത്തുവന്നിട്ടുണ്ട്.















Click it and Unblock the Notifications