കടം കൊണ്ട് നെട്ടോട്ടം ഓടിയ പ്രവാസി ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു: കനിഞ്ഞത് യുഎഇ ഫാസ്റ്റ് ഫൈവ്
യുഎഇ ലോട്ടറികളില്‍ ഇന്ത്യക്കാർക്ക് സമ്മാനം ലഭിക്കുന്നത് ഒരു പതിവ് സംഭവമാണ്. ഇന്ത്യയില്‍ നിന്നും എത്തുന്ന പ്രവാസികള്‍ക്ക് ലോട്ടറികളില്‍ പ്രത്യേക ഭാഗ്യമുണ്ടെന്ന വിശ്വാസം തദ്ദേശീയരായ അറബികള്‍ക്കുമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്കാരെക്കൊണ്ട് ടിക്കറ്റ് എടുപ്പിക്കുന്ന അറബികളുമുണ്ട്. അത്തരത്തില്‍ ലോട്ടറി എടുക്കുകയും ഒന്നാം സമ്മാനം നേടുകയും ചെയ്തോ കോഴിക്കോട് സ്വദേശിയായ പ്രവാസിയുടെ വാർത്തകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
ഇന്ത്യക്കാരുടെ ലോട്ടറി ഭാഗ്യമെന്ന വിശ്വാസം കാത്തുകൊണ്ട് ഇപ്പോഴിതാ മറ്റൊരു ഇന്ത്യന്‍ പ്രവാസി കൂടി യുഎഇയില്‍ നിന്നും ലക്ഷപ്രഭുവായിരിക്കുകയാണ്. ഏറ്റവും പുതിയ ഫാസ്റ്റ്5 എമിറേറ്റ്‌സ് നറുക്കെടുപ്പിലൂടെ 42 കാരനായ ഇന്ത്യന്‍ പ്രവാസി മനോജ് ഭവസർ ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 75,000 ദിർഹമാണ് മനോജിന് സമ്മാനമായി ലഭിക്കുക. അതായത് 17 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ.

42 പന്തുകളുടെ ഒരു പൂളിൽ നിന്ന് അഞ്ച് അക്കങ്ങൾ ഒത്തുചേർന്നതോടെയാണ് മനോജിനെ തേടി മെഗാ സമ്മാനം എത്തിയത്. മുംബൈയിൽ നിന്നുള്ള ഇദ്ദേഹം കഴിഞ്ഞ 16 വർഷമായി അബുദാബിയില്‍ താമസിച്ച് വരികയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വലിയ തോതില്‍ അലട്ടിയിരുന്ന വ്യക്തിയായിരുന്നു മനോജ്. എല്ലാ പ്രതിസന്ധികളില്‍ നിന്നും ഒരു ആശ്വാസം തന്നെ തേടിയെത്തുമെന്ന വിശ്വാസത്തിലാണ് ലോട്ടറി ടിക്കറ്റുകള്‍ എടുക്കാന്‍ തുടങ്ങിയത്.
സുഹൃത്തുകളുമായി ചേർന്നാണ് അധികവും നറുക്കെടുപ്പുകളില്‍ പങ്കാളികളാവാറുള്ളത്. ആഴ്ചയില്‍ നടക്കുന്ന മൂന്ന് ഗെയിമുകളിലും ഇദ്ദേഹം പങ്കെടുക്കുകയും ചെയ്യും. കണ്ണുകൾ അടച്ച് ക്രമരഹിതമായി നമ്പറുകൾ തിരഞ്ഞെടുക്കുന്നതാണ് മനോജ് ഭാവ്‌സാറിന്റെ ശൈലി. നേരത്തെ പലതവണ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ഇത്രയും വലിയ സമ്മാനം ലഭിക്കുന്നത്.
കടം വീട്ടാന്‍ സമ്മാനത്തുക ഉപയോഗിക്കും. ബാക്കി തുക വീട്ടിലേക്ക് അയക്കുമെന്ന് ഭാഗ്യശാലി പറയുന്നു. കഴിഞ്ഞ രണ്ട് വർഷമായി വലിയ കടബാധ്യതയിലൂടെയാണ് താന്‍ കടന്ന് പോകുന്നത്. ഉറക്കമില്ലാത്ത രാത്രികളായിരുന്നു. എങ്കിലും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ലോട്ടറി എടുക്കുന്നത് തുടർന്നതെന്നും മനോജ് വ്യക്തമാക്കുന്നു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന 153ാമത് ദുബായ് മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ക്ക് 100,000 ദിര്‍ഹം (22,66,178 രൂപ) വീതം സമ്മാനം ലഭിച്ചിരുന്നു. യുഎഇയില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന 50 കാരന്‍ ഷെറിയന്‍, കുവൈറ്റില്‍ സിവില്‍ എഞ്ചിനീയറായ 35 കാരനായ ഭഗവത് എന്നിവരാണ് ജനപ്രിയ നറുക്കെടുപ്പായ മഹ്സൂസിലൂടെ ലക്ഷപ്രഭുക്കളായത്.












Click it and Unblock the Notifications