Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ മീന്‍ വില കുതിക്കുന്നു; മത്തിയൊന്നും കിട്ടാനില്ല, ഇരട്ടിയിലേറെ വർധനവ്; കാരണം ഇതാണ്

ദുബായ്: മധ്യേഷ്യയില്‍ ദീർഘ നാളായി തുടരുന്ന സംഘർഷ സാഹചര്യം വിവിധ തരത്തിലാണ് ലോകത്തെ ബാധിച്ചത്. ക്രൂഡ് ഓയില്‍ മുതല്‍ സ്വർണത്തിന്റെ വരെ വിലയില്‍ വർധനവുണ്ടാക്കുന്നതിന് മേഖലയിലെ സംഘർഷം നിർണ്ണായക ഘടകമായി മാറിയിട്ടുണ്ട്. ഹൂത്തി വിമതരുടെ ഭീഷണയുടെ പശ്ചാത്തലത്തില്‍ ചെങ്കടല്‍ ഒഴിവാക്കി യാത്ര ചെയ്യേണ്ടി വന്നത് അന്താരാഷ്ട്ര കപ്പല്‍ ഗതാഗത വ്യാപാരത്തില്‍ ചിലവ് ഉയർത്തി. ഏറ്റവും ഒടുവില്‍ ഇതാ മേഖലയിലെ സംഘർഷ സാഹചര്യം യു എ ഇയിലെ മീന്‍ വിലയിലെ വർധനവിനും കാരണമായിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

മേഖലയില്‍ സംഘർഷം വർധിച്ചതോടെ ദുബായ് അടക്കമുള്ള എമിറേറ്റുകളിലേക്ക് മീന്‍ എത്തുന്നത് വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്. ഇതോടെയാണ് വില വലിയ തോതില്‍ ഉയർന്നിരിക്കുന്നത്. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെല്ലാം വില വർധനവ് പ്രകടമാണ്. മീനിന്റെ വില വർധനവ് കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികളും.

uae-fish-

മാളില്‍ നിന്നും സ്ഥിരമായ മീന്‍ വാങ്ങുന്ന വ്യക്തിയാണ് അബുദാബിയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് യാക്കൂബ്. നാട്ടില്‍ പോയി ഒരു മാസത്തിന് ശേഷം മടങ്ങിയെത്തിയ താന്‍ മീന്‍ വില കണ്ട് ഞെട്ടിപ്പോയെന്നാണ് അദ്ദേഹം പറയുന്നത്. "ഞാൻ കഴിഞ്ഞ ഒരു മാസമായി ഇവിടെയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇക്കാലയളവില്‍ ഷോപ്പിംഗ് നടത്തിയിട്ടില്ല. എന്നാല്‍ കഴിഞ്ഞയാഴ്ച തിരിച്ചെത്തിയ ഞാന്‍ മീന്‍ വാങ്ങാന്‍ പോയപ്പോള്‍ വില കണ്ട് ഞെട്ടിപ്പോയി," മുഹമ്മദ് യാക്കൂബിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

"വിലക്കയറ്റത്തെക്കുറിച്ച് ഞാൻ ദുബായിലുള്ള കസിന്‍ സഹോദരന്മാരുമായി സംസാരിച്ചപ്പോള്‍ അബുദാബിയിലേതിന് സമാനമാണ് സ്ഥിതിയാണ് അവിടേയുള്ളതെന്ന് അവർ പറഞ്ഞു. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് നൽകിയിരുന്നതിനേക്കാൾ 70 ശതമാനം കൂടുതലാണ് എൻ്റെ പ്രിയപ്പെട്ട മത്സ്യത്തിന് ഇപ്പോൾ വില." മുഹമ്മദ് യാക്കൂബ് പറയുന്നു.

'പ്രാദേശിക സംഘർഷം കാരണം പല ബോട്ടുകളും കടലിലേക്ക് മത്സ്യ ബന്ധനത്തിന് ഇറങ്ങാത്തതാണ് വിലക്കയറ്റത്തിന് ഇടയാക്കിയതെന്നാണ് കച്ചവടക്കാർ പറയുന്നത്" അൽ ഖുസൈസിലെ ലുലു വില്ലേജിലെ താമസക്കാരനായ മുഹമ്മദ് ഖാലിദും വ്യക്തമാക്കുന്നു. രണ്ടാഴ്ച കൂടുമ്പോൾ ദെയ്‌റ വാട്ടർഫ്രണ്ട് മാർക്കറ്റില്‍ നിന്നും പച്ചക്കറികളും പഴങ്ങളും മാംസവും മത്സ്യവും വാങ്ങുന്ന വ്യക്തിയാണ് മുഹമ്മദ് ഖാലിദ്. എന്നാല്‍ നിലവില്‍ തന്റെ പിയപ്പെട്ട മത്സ്യത്തിന്റെ വില ഇരട്ടിയോളം വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മീന്‍ വില കുതിച്ച് ഉയർന്നതോടെ വില്‍പ്പനയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. "ഞങ്ങളുടെ സ്ഥിരം ഉപഭോക്താക്കളിൽ പലരും ഇപ്പോൾ വിലകൂടിയ മത്സ്യങ്ങള്‍ വാങ്ങാൻ മടിക്കുന്നു. വിലകൂടിയതോടെ ചിലർ മീന്‍ വാങ്ങുന്നതിന്റെ അളവ് പകുതിയോളമായി കുറച്ചിട്ടുണ്ട്. ചിക്കനിലേക്കും മറ്റും തിരിയുന്നവരും കൂടി "മാർക്കറ്റിലെ കച്ചവടക്കാരനായ ഷഹറെസ് ഖാന്‍ ഖലീജ് ടൈംസിനോട് പറഞ്ഞു.

മലയാളികളുടെ ഇഷ്ട വിഭവങ്ങളായ മത്തി, ആവോലി, അയല തുടങ്ങിയവയ്ക്കെല്ലാം വന്‍തോതില്‍ വില വർധിച്ചിട്ടുണ്ട്. പലപ്പോഴും ഈ മീനുകള്‍ കിട്ടാത്ത സാഹചര്യവുമുണ്ടായിട്ടുണ്ട്. മത്തിക്ക് രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 5 ദിർഹം, അതായത് ഏകദേശം 115 രൂപയായിരുന്നു വില. എന്നാല്‍ നിലവില്‍ അത് 10 ദിർഹം വരെയായി ഉയർന്നിട്ടുണ്ട്. അയലക്ക് 15 ദിർഹവും ആവോലിക്ക് 25 ദിർഹവുമാണ് നിലവിലെ വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+