ഒരു ഗ്രാം സ്വര്‍ണത്തിന് വര്‍ധിച്ചത് 100 ദിര്‍ഹം..! യുഎഇയില്‍ സ്വര്‍ണം ടോപ് ഗിയറില്‍; വില്‍ക്കാന്‍ പറ്റിയ സമയം?
ആഗോള വിപണിയില്‍ കഴിഞ്ഞ കുറെ നാളുകളായി സ്വര്‍ണത്തിന്റെ വിലയില്‍ വലിയ മാറ്റമാണ് ഉണ്ടായത്. ഇത് ആഭ്യന്തര വിപണികളിലും പ്രതിഫലിച്ചിരുന്നു. സ്വര്‍ണത്തിന്റെ ഏറ്റവും വലിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായ യുഎഇയിലും ഇതിന്റെ അലയൊലികള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യുഎഇയില്‍ സ്വര്‍ണ വില ഗ്രാമിന് ഏകദേശം 100 ദിര്‍ഹത്തോളമാണ് വര്‍ധിച്ചത്.
അതിനാല്‍ തന്നെ എമിറേറ്റ് നിവാസികളില്‍ പലരും ഏറ്റവും മികച്ച നിക്ഷേപ മാര്‍ഗമായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതാണ് ഉചിതം എന്ന തരത്തിലേക്ക് ചിന്തിച്ചു. കഴിഞ്ഞ വേനല്‍ക്കാലത്ത്, 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 279 ദിര്‍ഹത്തിനും 290 ദിര്‍ഹത്തിനും ഇടയിലായിരുന്നു വ്യാപാരം. എന്നാല്‍ ഇന്നലത്തെ വില നിലവാര പ്രകാരം 22 കാരറ്റിന് ഗ്രാമിന് 380 ദിര്‍ഹത്തില്‍ കൂടുതലായിരുന്നു.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഡാറ്റ പ്രകാരം, 2023 ലെ മൂന്നാം പാദം മുതല്‍ വില ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. 2025 ലെ ആദ്യ പാദത്തില്‍ വിലകള്‍ വര്‍ഷം തോറും ഔണ്‍സിന് ഏകദേശം 800 ഡോളര്‍ വര്‍ധിച്ചു. 2023 ലെ മൂന്നാം പാദത്തില്‍ സ്വര്‍ണ്ണ വില ഔണ്‍സിന് ശരാശരി 1,928.5 ഡോളര്‍ ആയിരുന്നെന്നും ആ വര്‍ഷം നാലാം പാദത്തില്‍ അത് 1,971.5 ഡോളര്‍ ആയി ഉയര്‍ന്നെന്നും ഡാറ്റ കാണിക്കുന്നു.
2024 ല്‍, ആദ്യ പാദത്തില്‍ ഔണ്‍സിന് ശരാശരി 2,069.8 ഡോളര്‍ ആയിരുന്നു, രണ്ടാം പാദത്തില്‍ 2,338.2 ഡോളര്‍, മൂന്നാം പാദത്തില്‍ 2,474.3 ഡോളര്‍, നാലാം പാദത്തില്‍ 2,663.4 ഡോളര്‍, 2025 ലെ ആദ്യ പാദത്തില്‍ 2,859.6 ഡോളര്‍ എന്നിങ്ങനെ ആയി ഉയര്‍ന്നു. ''2024 ല്‍ ഞാന്‍ സ്വര്‍ണ്ണം വാങ്ങിയപ്പോള്‍, 22 കാരറ്റിന്റെ വില ഗ്രാമിന് ഏകദേശം 290 ദിര്‍ഹം ആയിരുന്നു,'' പിആര്‍, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് പ്രൊഫഷണലായ രജിത നായര്‍ പറഞ്ഞു.
''ഞാന്‍ പതിവായി നിരക്കുകള്‍ പരിശോധിക്കാറുണ്ടായിരുന്നു, നിക്ഷേപിക്കാന്‍ നല്ല സമയമാണിതെന്ന് എനിക്ക് തോന്നി. ഇപ്പോള്‍ വില 380 ദിര്‍ഹത്തിന് മുകളിലായതിനാല്‍ ഇന്ന് വാങ്ങുന്നത് കൂടുതല്‍ ചെലവേറിയതായിരിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ സ്വര്‍ണത്തിന് എത്രമാത്രം മൂല്യം വര്‍ദ്ധിച്ചുവെന്ന് ഇത് കാണിക്കുന്നു.'' അവര്‍ ചൂണ്ടിക്കാട്ടി. താന്‍ നടത്തിയ ഏറ്റവും പ്രതിഫലദായകമായ നിക്ഷേപങ്ങളില്‍ ഒന്നാണിതെന്നും രജിത ചൂണ്ടിക്കാട്ടി.
'ആഭരണങ്ങള്‍ വൈകാരിക മൂല്യമുള്ള ഒരു മൂര്‍ത്തമായ ആസ്തിയാണ്. നാണയങ്ങളും ബാറുകളും ശുദ്ധമായ നിക്ഷേപത്തിന് മികച്ചതാണെങ്കിലും, ആഭരണങ്ങള്‍ വ്യക്തിപരമായ സംതൃപ്തിയും സൗന്ദര്യവും നല്‍കുന്നു' എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാലമായി യുഎഇയില്‍ താമസിക്കുന്ന മറ്റൊരു സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവായ പൂജ കഴിഞ്ഞ വര്‍ഷം 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 277 ദിര്‍ഹം വിലയുണ്ടായിരുന്നപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയിരുന്നു.
പൂജ സ്വര്‍ണ്ണക്കട്ടികളിലും നാണയങ്ങളിലും ആണ് നിക്ഷേപിക്കുന്നത്. അതിനാല്‍ തന്നെ മഞ്ഞ ലോഹത്തെ സുരക്ഷിതവും വിശ്വസനീയവുമായ മൂല്യശേഖരമായി കാണുന്നു. ഈ ഘട്ടത്തില്‍ സ്വര്‍ണം വില്‍ക്കുന്നതിനുപകരം സൂക്ഷിച്ച് വെക്കണം എന്നും വിലകള്‍ ക്രമാനുഗതമായി ഉയരുന്നതിനാല്‍ കത്തിരിക്കുന്നതാണ് ബുദ്ധിയെന്ന് താന്‍ കരുതുന്നു എന്നു അവര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ അല്‍പ്പം ക്ഷമ കാണിച്ചാല്‍ പിന്നീട് മികച്ച വരുമാനം ലഭിച്ചേക്കാം.
സ്വര്‍ണ്ണത്തിന്റെ നിലനില്‍ക്കുന്ന പ്രാധാന്യവും അവര്‍ വ്യക്തമാക്കി. സാമ്പത്തിക കാലാവസ്ഥ എന്തുതന്നെയായാലും സ്വര്‍ണ്ണം പ്രസക്തമായി തുടരുന്നു. അത് സാമ്പത്തിക വരുമാനത്തെക്കുറിച്ച് മാത്രമല്ല, സാംസ്‌കാരിക പൈതൃകം, സുരക്ഷ, കാലാതീതമായ സൗന്ദര്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. പ്രത്യേകിച്ച് നമ്മുടെ മേഖലയില്‍ സ്വര്‍ണം ഒരു നിക്ഷേപവും പാരമ്പര്യവുമാണ്.












Click it and Unblock the Notifications