Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയുടെ ആ തീരുമാനം നേട്ടമായത് യുഎഇക്ക്; കൊയ്യുന്നത് വന്‍ ലാഭം... മുതലാക്കി ഇന്ത്യ

ദുബായ്: ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക രംഗത്തെ മാറ്റങ്ങള്‍ വളരെ രസകരമാണ്. മറ്റു വരുമാന മാര്‍ഗങ്ങള്‍ ആരായുന്നുണ്ടെങ്കിലും എണ്ണവിലയെ ആശ്രയിച്ചാണ് ഇപ്പോഴും ഗള്‍ഫ് രാജ്യങ്ങളുടെ നിലനില്‍പ്പ്. ആഗോള വിപണിയിലെ എണ്ണവില തീരുമാനിക്കുന്നതില്‍ ജിസിസി രാജ്യങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. വില കുറഞ്ഞാല്‍ ഗള്‍ഫ് സാമ്പത്തിക രംഗം പ്രതിസന്ധിയിലാകും.

എണ്ണ വില ഉയര്‍ന്ന് നില്‍ക്കാന്‍ ഇവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. സമീപകാലത്ത് വില കുത്തനെ ഇടിഞ്ഞിരുന്നു. കൊവിഡ് കാരണം ലോകത്ത് ഗതാഗതം നിലച്ച മട്ടിലേക്ക് എത്തിയപ്പോഴായിരുന്നു ഇത്. ആവശ്യക്കാര്‍ കുറഞ്ഞതോടെ എണ്ണവില കുത്തനെ കുറഞ്ഞത് സ്വാഭാവികം. ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ സൗദി സുപ്രധാന തീരുമാനമെടുത്തു. അതാകട്ടെ യുഎഇക്ക് നേട്ടവുമായി.

uae

എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഈ കൂട്ടായ്മയില്‍ അംഗമല്ലാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അവരില്‍ പ്രമുഖ രാജ്യം റഷ്യയാണ്. അതുകൊണ്ടുതന്നെ സൗദിയും റഷ്യയുമാണ് എണ്ണവില നിശ്ചയിക്കുന്ന ശക്തികള്‍ എന്ന് പറയാം. വില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യ വന്‍തോതില്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചു. നേരിയ അളവില്‍ റഷ്യയും കുറച്ചു. എന്നാല്‍ യുഎഇ കുറച്ചില്ലെന്ന് മാത്രമല്ല, ഉല്‍പ്പാദനം ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.

ജൂലൈ മുതല്‍ സൗദി അറേബ്യ വന്‍തോതില്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. ദിവസവും 10 ലക്ഷം ബാരല്‍ എണ്ണയാണ് കുറച്ചിരിക്കുന്നത്. എല്ലാവരും ഉല്‍പ്പാദനം കുറയ്ക്കണമെന്ന് സൗദി അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുഎഇ ഇതിനോട് യോജിച്ചില്ല. സൗദി ഉല്‍പ്പാദനം കുറച്ചതിനാല്‍ വിപണിയിലെ സന്തുലിതത്വം നിലനിര്‍ത്താന്‍ സാധിക്കുമെന്ന് യുഎഇ നിലപാടെടുത്തു.

ഒപെകില്‍ ഓരോ രാജ്യങ്ങള്‍ക്കും എണ്ണ ഉല്‍പ്പാദനത്തിനും വിതരണത്തിനും ക്വാട്ട നിശ്ചയിച്ചിട്ടുണ്ട്. തങ്ങളുടെ ക്വാട്ട ഉയര്‍ത്തണം എന്ന് യുഎഇ ഏറെ കാലമായി ആവശ്യപ്പെട്ടുവരികയാണ്. ഒപെകില്‍ എണ്ണ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂന്നാമത്തെ രാജ്യമാണ് യുഎഇ. നിലവിലുള്ള ഉല്‍പ്പാദനത്തിന്റെ അളവ് തുടരാന്‍ തന്നെയാണ് യുഎഇയുടെ തീരുമാനം.

2024 മുതല്‍ എണ്ണ ഉല്‍പ്പാദനം ഉയര്‍ത്താന്‍ യുഎഇക്ക് ഒപെക് അനുമതി നല്‍കിയിട്ടുണ്ട്. പ്രതിദിനം 32 ലക്ഷം ബാരല്‍ ആയി ഉയര്‍ത്താമെന്നാണ് ഇളവ്. എന്നാല്‍ 2024 വരെ കാത്തിരിക്കാന്‍ യുഎഇ തയ്യാറല്ല. സൗദി അറേബ്യ ഉല്‍പ്പാദനം കുറച്ചപ്പോള്‍ എണ്ണ വില 15 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. ഈ അവസരം മുതലെടുത്ത് കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് ലാഭം കൊയ്യാനാണ് യുഎഇയുടെ ശ്രമം.

സൗദി പ്രതിദിനം 10 ലക്ഷം ബാരല്‍ ഉല്‍പ്പാദനം കുറച്ചതോടെ ലാഭം കൊയ്യുന്നത് യുഎഇയാണ്. അവര്‍ നിലവിലുള്ള ഉല്‍പ്പാദനം തുടരുകയും ഇനി ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതോടെ വില കൂടിയ വേളയില്‍ കൂടുതല്‍ വിറ്റ് വലിയ ലാഭം നേടാന്‍ അവസരമൊരുങ്ങി. 2027 ആകുമ്പോഴേക്കും പ്രതിദിനം 50 ലക്ഷം ബാരല്‍ ഉല്‍പ്പാദിപ്പിക്കാനാണ് യുഎഇയുടെ പദ്ധതി. യുഎഇയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കി ഇന്ത്യ അവസരം മുതലെടുക്കുന്നുണ്ട്.

നിലവിലെ സാഹചര്യത്തില്‍ യുഎഇക്കാണ് വലിയ ലാഭമുണ്ടാകുന്നതെന്ന് ക്രൂഡ് അവലോകന ഏജന്‍സിയായ കെപ്ലര്‍ മേധാവി വിക്ടര്‍ കറ്റോണ പറയുന്നു. സൗദി സെപ്തംബറില്‍ ഇനിയും ഉല്‍പ്പാദനം കുറച്ചേക്കുമെന്നാണ് വിവരം. ബാരല്‍ വില 100 ഡോളറിലെത്തിക്കാനാണ് സൗദിയുടെ ശ്രമം. അപ്പോള്‍ യുഎഇക്ക് കൂടുതല്‍ നേട്ടമാകും. സൗദിയേക്കാള്‍ ഉല്‍പ്പാദന ചെലവ് കുറവാണ് യുഎഇയില്‍ എന്നതും യുഎഇയുടെ ലാഭം ഇരട്ടിയാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+