ഗോള്‍ഡന്‍ വിസ അല്ല; ബ്ലൂ വിസ പ്രഖ്യാപിച്ച് യുഎഇ, ആദ്യം 20 പേര്‍ക്ക് മാത്രം, യോഗ്യത ഇതാണ്
ദുബായ്: വ്യത്യസ്തമായ വിസകള്‍ പ്രഖ്യാപിച്ച് പ്രമുഖരെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് യുഎഇ ഭരണകൂടം. നേരത്തെ പ്രഖ്യാപിച്ച ഗോള്‍ഡന്‍ വിസ അന്താരാഷ്ട്ര തലത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. കേരളത്തില്‍ നിന്നുള്ള പ്രമുഖ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ ഈ വിസ നേടുകയും ചെയ്തു. മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ഈ വിസ നേടിയവരാണ്.
ഇപ്പോള്‍ യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത് ബ്ലൂ വിസയാണ്. ഗോള്‍ഡന്‍ വിസ പോലെ പത്ത് വര്‍ഷത്തേക്കുള്ള താമസ വിസയാണിത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ താമസ അനുമതി നല്‍കി പ്രമുഖരുടെ പ്രാഗല്‍ഭ്യം രാജ്യത്തിന് ഉപകാരപ്രദമാക്കുക എന്ന ലക്ഷ്യമാണ് യുഎഇക്ക്. പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പൗരത്വം നല്‍കുന്ന ഫെഡറല്‍ അതോറിറ്റി (ഐസിപി) യുമായി സഹകരിച്ചാണ് പുതിയ വിസ അനുവദിക്കുന്നത്.

പരിസ്ഥിതി മേഖലയ്ക്ക് മികവുറ്റ സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് ബ്ലൂ വിസ അനുവദിക്കുക. ദുബായില്‍ നടക്കുന്ന വേള്‍ഡ് ഗവണ്‍മെന്റ്‌സ് സമ്മിറ്റ് 2025 ഉച്ചകോടിയിലാണ് പുതിയ പ്രഖ്യാപനം. ആദ്യഘട്ടത്തില്‍ 20 പ്രമുഖര്‍ക്കാണ് ബ്ലൂ വിസ അനുവദിക്കാന്‍ പോകുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് അതുല്യ സംഭാവന നല്‍കിയവരെയാണ് പരിഗണിക്കുക.
പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളിലെ അംഗങ്ങള്‍, സര്‍ക്കാര്‍ ഇതര ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, കോര്‍പറേറ്റ് നേതാക്കള്‍, ആഗോള തലത്തില്‍ പ്രശസ്തമായ പുരസ്‌കാരം നേടിയവര്‍, ഗവേഷകര്‍ എന്നിവരെയാണ് ബ്ലൂ വിസയ്ക്ക് പരിഗണിക്കുക. ഐസിപി വഴി നേരിട്ടോ, ഓണ്‍ലൈന്‍ വഴിയോ വിസയ്ക്ക് അപേക്ഷിക്കാം. യുഎഇ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്താലും ബ്ലൂ വിസ കിട്ടും.
പരിസ്ഥിതി സൗഹൃദമായ അന്തരീക്ഷത്തിന് വേണ്ടി യുഎഇ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. ഈ രംഗത്ത് സംഭാവന നല്‍കിയവരെ കൂടുതലായി യുഎഇയിലേക്ക് ആകര്‍ഷിക്കുകയാണ് ബ്ലൂ വിസയുടെ ലക്ഷ്യം. അതുവഴി അവരുടെ ആശയങ്ങള്‍ യുഎഇ ഉപയോഗപ്പെടുത്തും. യുഎഇക്കും ലോകത്തിനും ഇത് നേട്ടമുണ്ടാക്കുമെന്നും ഭരണകൂടം പ്രതീക്ഷിക്കുന്നുവെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹക് പറഞ്ഞു.
ബ്ലൂ വിസ സര്‍വീസ് 24 മണിക്കൂറും ലഭ്യമാണ് എന്ന് ഐസിപി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സഈദ് അല്‍ ഖലീലി പറഞ്ഞു. അതോറിറ്റിയുടെ വെബ് സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ സര്‍വീസ് ഉപയോഗപ്പെടുത്താം. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ താമസിക്കാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ക്രമസമാധാന നില മികച്ച നിലവാരം പുലര്‍ത്തുന്നതാണ് കാരണം.












Click it and Unblock the Notifications