യുഎഇ പെട്രോൾ വില; മാർച്ചിൽ വില കുറയുമോ? അറിയാം സാധ്യതകൾ
ഇന്ത്യയില്‍ നിന്നും വ്യത്യസ്തമായി ഒരോ മാസവും എണ്ണ വില പുതുക്കി നിശ്ചയിക്കുന്നതാണ് യു എ ഇയിലെ രീതി. മാർച്ച് മാസത്തിലെ പെട്രോൾ വില ഉടൻ പ്രഖ്യാപിക്കും. ജനുവരിയിലെ വിലയെ അപേക്ഷിച്ച് ഫിബ്രവരിയിൽ പെട്രോൾ വില രാജ്യത്ത് ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ മാർച്ചിൽ എണ്ണവിലയിൽ എന്ത് മാറ്റമാണ് ഉണ്ടാകുകയെന്നാണ് ഉറ്റനോക്കപ്പെടുന്നത്.
ജനുവരിയിൽ രാജ്യത്ത് സൂപ്പർ 98 പെട്രോൾ വില ലിറ്ററിന് 2.61 ദിർഹമായിരുന്നു. ഫെബ്രുവരിയിൽ ഇത് അൽപം വർധിച്ച് 2.74 ദിർഹമായി. സ്പെഷ്യൽ 95 പെട്രോൾ വില ലിറ്ററിന് 2.50 ൽ നിന്ന് 2.63 ദിർഹമായും ഉയർന്നു. ഇ പ്ലസ് 91 പെട്രോളിന്റെ വില ഫെബ്രുവരിയിൽ 2.55 ദിർഹമായിരുന്നു. അതേസമയം ജനവരയിൽ കുറഞ്ഞ ഡീസൽ വിലയും കഴിഞ്ഞ മാസം കൂടി, 2.68 ദിർഹത്തിൽ നിന്നും 2.82 ദിർഹമായാണ് വർധിച്ചത്.

ട്രംപ് തുണക്കുമോ?
സാമ്പത്തിക അനിശ്ചിതത്വങ്ങൾ ആഗോളതലത്തിൽ എണ്ണ വില ഇടിയാൻ കാരണമായിട്ടുണ്ട്. വെസ്റ്റ് ടാക്സസ് ഇന്റർമീഡിയറ്റ് എന്ന ഡബ്ല്യു ടി ഐ ക്രൂഡ് ഓയിൽ വില രണ്ട് ശതമാനം ഇടിഞ്ഞ് ബാരലിന് 69 ഡോളറിൽ താഴെയെത്തിയിരുന്നു. ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഉപഭോക്തൃ ആത്മവിശ്വാസം ഇടിഞ്ഞതും നിക്ഷേപകർ അപകടസാധ്യതയുള്ള ആസ്തികൾ ഒഴിവാക്കിയതുമെല്ലാം ഈ ഇടിവിന് കാരണമായിട്ടുണ്ട്.
ചൈനയുമായുള്ള ബന്ധം കുറയ്ക്കുന്ന ട്രംപിന്റെ വ്യാപാര നയങ്ങളും വിപണിയിൽ അസ്ഥിരതയ്ക്ക് വഴിവെച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവ് കൂടിയായ യുഎസിൽ ഇത് എണ്ണയുടെ ആവശ്യത്തിലും കുറവ് വരുത്തി. 'ദുർബലമായ സാമ്പത്തിക സൂചികകൾ എണ്ണ വിപണിയെ വലിയ സമ്മർദ്ദത്തിലാണ് കൊണ്ടെത്തിച്ചിരിക്കുന്നതെന്നും സാമ്പത്തിക മന്ദത ക്രൂഡ് ഓയിലിന്റെ ഡിമാന്റ് കുറച്ചെന്നും ബഫല്ലോ ബയൂ കമ്മോഡിറ്റീസിലെ മാക്രോ ട്രേഡിംഗ് മേധാവി ഫ്രാങ്ക് മോങ്കം ചൂണ്ടിക്കാട്ടി.
ഈ വർഷം ആദ്യം അസംസ്‌കൃത എണ്ണ ബാരലിന് 80 ഡോളറിന് മുകളിലായിരുന്നു, എന്നാൽ ചൈനയിൽ നിന്നുള്ള ഡിമാന്റ് കുറഞ്ഞതും വിതരണം, വ്യാപാര മാന്ദ്യം എന്നിവയെക്കുറിച്ചുള്ള ആശങ്കകളുമെല്ലാം വില കുറയാൻ കാരണമായി. ഈ സാഹചര്യത്തിൽ ഒപെകിന്റെ തീരുമാനങ്ങളും ആഗോള സാമ്പത്തിക പ്രവണതകളും നിക്ഷേപകർ കാര്യമായി നിരീക്ഷിക്കും. വിതരണവും ഡിമാൻഡും തമ്മിലുള്ള സന്തുലിതാവസ്ഥ വിപണി എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ കൂടി ആശ്രയിച്ചിരിക്കും ഇനി ക്രൂഡ് ഓയിൽ വില.












Click it and Unblock the Notifications