ഷെയ്ഖ് ഹസീനയുടെ അടുത്ത നീക്കം, ബ്രിട്ടനില്‍ രാഷ്ട്രീയ അഭയത്തിന് അഭ്യര്‍ത്ഥിച്ചു; ഇന്ന് മടങ്ങില്ല
ന്യൂഡല്‍ഹി: രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. ഗാസിയാബാദിലെ ഹിന്‍ഡന്‍ എയര്‍ബേസിലാണ് അവര്‍ വിമാനമിറങ്ങിയത്. രാജ്യതലസ്ഥാനത്ത് അവര്‍ ഇന്ന് രാത്രിയില്‍ അഭയം തേടും. അതിന് ശേഷം ബ്രിട്ടനിലേക്ക് പോകുമെന്നാണ് സൂചന. ലണ്ടനില്‍ അഭയം തേടാനുള്ള ശ്രമത്തിലാണ് അവര്‍.
ബ്രിട്ടനോട് അവര്‍ രാഷ്ട്രീയ അഭയത്തിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഹസീനയ്‌ക്കൊപ്പം സഹോദരി റെഹാനയുമുണ്ട്. സഹോദരിക്ക് യുകെ പൗരത്വമുണ്ട്. ഈ സാഹചര്യത്തിലാണ് ബ്രിട്ടനില്‍ അഭയം തേടാന്‍ ഷെയ്ഖ് ഹസീന തീരുമാനിച്ചത്. അവര്‍ നാളെ മടങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതിന് അനുമതി ലഭിച്ച ശേഷമേ ഹസീന ഇന്ത്യ വിടാന്‍ സാധ്യതയുള്ളൂ എന്നാണ് വിലയിരുത്തല്‍.

അതേസമയം ഹസീനയുടെ വസതിയിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാര്‍ അവിടം കൈയ്യടക്കിയിരുന്നു. ഹസീനയുടെ വസതിയില്‍ വ്യാപകമായ കൊള്ളയാണ് നടന്നത്. സകല സാധനങ്ങളും പ്രതിഷേധക്കാര്‍ കൊണ്ടുപോയി. ഈ വസതി നില്‍ക്കുന്ന പരിസരമാകെ ഇവര്‍ അടിച്ച് തകര്‍ത്തു.
ബംഗ്ലാദേശിന്റെ ദേശീയപതാക ഉയര്‍ത്തി കൊണ്ടാണ് പ്രതിഷേധക്കാര്‍ ഹസീനയുടെ വസതിയായ ഗണഭവനിലേക്ക് ഇരച്ചെത്തിയത്. സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങളില്‍ നിന്ന് ഇവര്‍ കമ്പിളിപ്പുതപ്പ്, പാത്രങ്ങള്‍, എന്നിവയെല്ലാം മോഷ്ടിച്ച് കൊണ്ടുപോകുന്നത് കാണാം. ചിലര്‍ ഇതിനുള്ള മേശകളില്‍ ഇരിക്കുന്നതും ചിത്രങ്ങളെടുക്കുന്നതും കാണാനാവും.
അതേസമയം ചിലര്‍ രേഖകളും ഫയലുകളെല്ലാം അലങ്കോലമാക്കുന്നതും വീഡിയോയില്‍ കാണാനാവും. പ്രതിഷേധക്കാരില്‍ ചിലര്‍ കിടക്കയില്‍ കിടക്കുന്നതും, സെല്‍ഫികള്‍ എടുക്കുന്നതും, പൂന്തോട്ടത്തില്‍ നടക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാനാവും. ചില പ്രതിഷേധക്കാര്‍ വീട്ടില്‍ നിന്ന് ഭക്ഷണം മോഷ്ടിച്ച് കഴിക്കുന്നുണ്ടായിരുന്നു.
പ്രതിഷേധ സംഘത്തിലെ മറ്റൊരു ഹസീനയുടെ സാരി മോഷ്ടിക്കുന്നതും, അതിന്റെ സെല്‍ഫി എടുക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ധാക്കയിലെ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമയും പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തു. ബംഗ്ലാദേശിന്റെ സ്ഥാപകരിലൊരാളാണ് മുജീബുര്‍ റഹ്‌മാന്‍. കോടാലി ഉപയോഗിച്ച് ഈ പ്രതിമയുടെ തല വെട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം ഹസീന ഇന്ത്യയിലെ വ്യോമസേനയിലെ വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡ് ചീഫ് എയര്‍ മാര്‍ഷന്‍ പിഎം സിന്‍ഹയെയും സന്ദര്‍ശിച്ചു. ഇതിനിടെ ബംഗ്ലാദേശില്‍ സൈനിക മേധാവി വാക്കിറുസ്സമാന്‍ വിദ്യാര്‍ത്ഥി-അധ്യാപക പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തി.
ധന്‍മോണ്ടിയില്‍ ഇന്ദിരാ ഗാന്ധി സാംസ്‌കാരിക കേന്ദ്രവുും ബംഗബന്ധു സ്മാരക മ്യൂസിവയും അക്രമാസക്തരായ ജനക്കൂട്ടം അടിച്ചുതകര്‍ത്തു. ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസാദുസ്സമാന്‍ ഖാന്റെ വീടുകള്‍ക്കും അക്രമത്തില്‍ കേടുപാടുകളുണ്ട്. നിരവധി അവാമി ലീഗ് ഓഫീസുകള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.












Click it and Unblock the Notifications