പരിപാടിയില്‍ പങ്കെടുത്തത് കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ക്ഷണിച്ചത് കൊണ്ട്: സിദ്ധരാമയ്യ
ബെംഗളൂരു: ബെംഗളൂരുവില്‍ 11 പേരുടെ മരണത്തിന് ഇടയാക്കിയ ആര്‍സിബി വിജയാഘോഷ ചടങ്ങില്‍ പങ്കെടുത്തത് കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ ക്ഷണിച്ചത് കൊണ്ട് മാത്രമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ചടങ്ങിലേക്ക് ക്ഷണിക്കുമ്പോള്‍ പ്രശ്‌നങ്ങളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ഗവര്‍ണറും പങ്കെടുക്കുമെന്ന് അറിയിച്ചത് കൊണ്ട് മാത്രമാണ് മുഖ്യമന്ത്രി എന്ന നിലയില്‍ താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നും സിദ്ധരാമയ്യ പറഞ്ഞു.
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഐപിഎല്‍ കിരീട നേട്ടത്തോടനുബന്ധിച്ച് നടത്തിയ വിജയാഘോഷ ചടങ്ങാണ് വന്‍ ദുരന്തത്തില്‍ കലാശിച്ചത്. അനിയന്ത്രിതമായ ആള്‍ക്കൂട്ടത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേരാണ് മരിച്ചത്. നാല്‍പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഈ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങള്‍ നടത്താതെയാണ് ലക്ഷക്കണക്കിന് ആരാധകര്‍ പങ്കെടുത്ത പരിപാടി നടത്തിയതെന്നും ദുരന്തത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും ബിജെപി അടക്കം ആരോപണം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

'കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്റെ സെക്രട്ടറിയും ട്രഷററുമാണ് എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത്. സര്‍ക്കാര്‍ ചടങ്ങ് സംഘടിപ്പിച്ചിട്ടില്ല. ഗവര്‍ണറും വരുന്നുണ്ടെന്ന് അവര്‍ എന്നെ അറിയിച്ചു. ഔദ്യോഗികമായി ക്ഷണിച്ചത് കൊണ്ട് മാത്രമാണ് ഞാന്‍ അവിടെ പോയത്. അവര്‍ എന്നെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചതുമില്ല. ഇതല്ലാതെ തനിക്ക് മറ്റൊന്നും അറിയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള വിധാന്‍ സൗധയ്ക്ക് പുറത്താണ് മുഖ്യമന്ത്രി മറ്റു നേതാക്കളും ആഘോഷത്തില്‍ പങ്കെടുത്തത്. പരിപാടികളിലെ വിഐപികളുടെ സാന്നിധ്യം പൊലീസിന് സമ്മര്‍ദം സൃഷ്ടിക്കുകയും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെടുകയും ചെയ്തു. തിക്കും തിരക്കും ഉണ്ടാകാന്‍ ഇതൊരു കാരണമായതായി ബിജെപി ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ജൂണ്‍ നാലാം തീയതിയാണ് കര്‍ണാടകയെ ഞെട്ടിച്ച അപകടം ഉണ്ടായത്. ഐപിഎല്ലില്‍ ആദ്യമായി കിരീടം ചൂടിയ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെയാണ് തിക്കിലും തിരക്കിലും 11 പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പെട്ടത്.
പരിപാടിക്ക് പൊലീസ് മതിയായ തയ്യാറെടുപ്പുകള്‍ നടത്തിയില്ലെന്ന് ആരോപിച്ച് സംസ്ഥാന സര്‍ക്കാര്‍ സിറ്റി പൊലീസ് മേധാവി ഉള്‍പ്പെടെ സേനയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. അതേസമയം, പൊലീസിനെതിരായ നടപടിയില്‍ ബിജെപി പ്രതിഷേധം അറിയിച്ചു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പൊലീസിനെ ബലിയാടാക്കിയിരിക്കുകയാണെന്ന് കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആര്‍. അശോക കുറ്റപ്പെടുത്തി.
സംഭവത്തിനു പിന്നാലെ ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ 'ഡിഎന്‍എ'യുടെ പ്രതിനിധി എന്നിവരടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications