ഓപ്പറേഷന്‍ സിന്ദൂർ: ഇന്ത്യ ആറ് പാക് വിമാനങ്ങള്‍ വീഴ്ത്തി; അവകാശവാദം ആവർത്തിച്ച് ട്രംപും
ഓപ്പറേഷൻ സിന്ദൂർ ഓപ്പറേഷനിടെ ആറ് പാകിസ്ഥാൻ വിമാനങ്ങൾ ഇന്ത്യ വീഴ്ത്തിയതായി എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് . അഞ്ച് ഫൈറ്റർ ജെറ്റുകളും ഒരു നിരീക്ഷണ വിമാനവും (എ.ഡബ്ല്യു.എ.സി.എസ്. - എയർബോൺ വാർനിംഗ് ആൻഡ് കൺട്രോൾ സിസ്റ്റം) ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഏകദേശം 300 കിലോമീറ്റർ ദൂരത്തുനിന്ന് വീഴ്ത്തിയതെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇതാണ് ഏറ്റവും വലിയ ഉപരിതല-വ്യോമ ആക്രമണ വിജയമെന്ന് അവകാശപ്പെടുകയും ചെയ്തു.
ബെംഗളൂരുവിൽ നടന്ന എയർ ചീഫ് മാർഷൽ എൽ.എം. കാത്രെ മെമ്മോറിയൽ ലക്ചറിൽ സംസാരിക്കവേ, 2025 മെയ് 7-ന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂർ, ഏപ്രിലിൽ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ പ്രതികാരമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ജെയ്ഷെ-മുഹമ്മദിന്റെ (ജെ.ഇ.എം.) ബഹവാൽപൂർ ആസ്ഥാനവും പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമുള്ള ഒമ്പത് ഭീകര ക്യാമ്പുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. ഈ നടപടിയിലൂടെ 100-ലധികം ഭീകരരെ കൊലപ്പെടുത്തിയതായും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു.

"ബഹവാൽപൂരിൽ നാം നടത്തിയ ആക്രമണത്തിന്റെ മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഇതാ. സമീപത്തെ കെട്ടിടങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല, ഇത് നമ്മുടെ ആക്രമണത്തിന്റെ കൃത്യത കാണിക്കുന്നു," എന്ന് സാറ്റലൈറ്റ് ചിത്രങ്ങളും രഹസ്യവിവരങ്ങളും അവതരിപ്പിച്ചുകൊണ്ട് അമർ പ്രീത് സിംഗ് പറഞ്ഞു. ബ്രഹ്മോസ് ക്രൂയിസ് മിസൈലുകൾ, ലോയിറ്ററിംഗ് മ്യൂനിഷനുകൾ, അഡ്വാൻസ്ഡ് ഡ്രോണുകൾ, ഇലക്ട്രോണിക് വാർഫെയർ ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഈ ആക്രമണം നടത്തിയത്.
റഷ്യൻ നിർമിത എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഈ ഓപ്പറേഷനിൽ നിർണായക പങ്കുവഹിച്ചു. "എസ്-400 പാക് വിമാനങ്ങളെ അവരുടെ ദീർഘദൂര ഗ്ലൈഡ് ബോംബുകൾ ഉപയോഗിക്കുന്നതിൽ നിന്ന് തടഞ്ഞു," എന്ന് സിംഗ് വിശദീകരിച്ചു. ഭോലാരി, റഹിം യാർ ഖാൻ, ഷഹ്ബാസ് ജേക്കബാബാദ്, സർഗോധ തുടങ്ങിയ പാക് വ്യോമതാവളങ്ങളും മുരിദ്, ചക്ലാല എന്നിവിടങ്ങളിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളും ആക്രമിക്കപ്പെട്ടു. നാല് ദിവസത്തെ ഓപ്പറേഷന് ശേഷം, പാകിസ്ഥാൻ വെടിനിർത്തൽ അഭ്യർത്ഥിച്ചു. "ഇത് വെറും പ്രതികാരമല്ല, കൃത്യത, പ്രൊഫഷണലിസം, ലക്ഷ്യബോധം എന്നിവയും വ്യക്തമാക്കുന്നു," എന്നും സിംഗ് അവകാശപ്പെട്ടു.
അതിനിടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നാല് ദിവസത്തെ സൈനിക സംഘർഷം "പരിഹരിക്കാൻ" താൻ സഹായിച്ചുവെന്ന് 36-ാം തവണയും ആവർത്തിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നു. വൈറ്റ് ഹൗസിൽ വെള്ളിയാഴ്ച നടന്ന ഒരു ചടങ്ങിൽ, അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനും ആർമേനിയ പ്രധാനമന്ത്രി നിക്കോൾ പഷിനിയനും ഒപ്പം യു.എസ്. മധ്യസ്ഥതയിൽ ഒപ്പുവെച്ച സമാധാന കരാറിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപ് പഴയ അവകാശവാദം വീണ്ടും ആവർത്തിച്ചത്.
"എന്റെ ഏറ്റവും വലിയ ആഗ്രഹം ലോകത്ത് സമാധാനവും സ്ഥിരതയും കൊണ്ടുവരിക എന്നതാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിജയത്തിന് ശേഷമാണ് ഇന്നത്തെ ഈ കരാർ," ട്രംപ് പറഞ്ഞു. ഇന്ത്യ-പാക് സംഘർഷം ആണവ യുദ്ധത്തിലേക്ക് നീങ്ങിയിരുന്നുവെന്നും, തന്റെ വ്യാപാര ചർച്ചകൾ വഴി അത് തടഞ്ഞുവെന്നുമാണ് ട്രംപ് നിരന്തരം അവകാശപ്പെടുന്നത്.
എന്നാല്‍ ഇന്ത്യ ട്രംപിന്റെ വാദം ശക്തമായി നിഷേധിക്കുന്നു. ഇന്ത്യ-പാകിസ്ഥാൻ സൈനിക ഡയറക്ടർ ജനറൽമാർ (ഡി.ജി.എം.ഒ.) തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളാണ് 2025 മെയ് 10-ന് വെടിനിർത്തലിലേക്ക് നയിച്ചതെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓപ്പറേഷൻ സിന്ദൂർ നിർത്താൻ ഒരു ലോകനേതാവും ആവശ്യപ്പെട്ടിട്ടില്ലെന്ന് പാർലമെന്റിലും പറഞ്ഞു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ട്രംപുമായി ഏപ്രിൽ 22 മുതൽ ജൂൺ 16 വരെ യാതൊരു ഫോൺ സംഭാഷണവും നടന്നിട്ടില്ലെന്ന് വ്യക്തമാക്കി. ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വിമർശനവും ക്ഷണിച്ചുവരുത്തിയിരുന്നു.












Click it and Unblock the Notifications