''ഇങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് ഫൈനലിൽ വിജയിക്കുമായിരുന്നു'', അഖിലേഷ് യാദവ് പറയുന്നു
ലഖ്‌നൗ: ഇന്ത്യന്‍ ടീം ലോകകപ്പ് വിജയിക്കാത്തതിന്റെ നിരാശ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇതുവരെ മാറിയിട്ടില്ല. ഫൈനല്‍ വരെയുളള എല്ലാ മത്സരങ്ങളും വിജയിച്ച ടീമിന് അവസാനം കാലിടറിയതിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി പറഞ്ഞത് നരേന്ദ്ര മോദിയുടെ സാന്നിധ്യമാണ്. ദുശ്ശകുനം എന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്.
സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കണ്ടെത്തിയ കാരണം മറ്റൊന്നാണ്. ഫൈനല്‍ മത്സരം ഗുജറാത്തില്‍ നടത്തിയതാണ് തോല്‍വിക്ക് കാരണമെന്നും ലഖ്‌നൗവില്‍ നടത്തിയിരുന്നെങ്കില്‍ ഇന്ത്യ വിജയിക്കുമായിരുന്നു എന്നും അഖിലേഷ് യാദവ് പറഞ്ഞു. ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ ഏറ്റുമുട്ടിയത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയില്‍ വെച്ചായിരുന്നു.

ഗുജറാത്തില്‍ നടന്ന ഫൈനല്‍ മത്സരം ലഖ്‌നൗവില്‍ ആയിരുന്നുവെങ്കില്‍ ഇന്ത്യന്‍ ടീമിന് നിരവധി പേരുടെ അനുഗ്രഹം ലഭിക്കുമായിരുന്നു. ലഖ്‌നൗവില്‍ വെച്ച് ഫൈനല്‍ നടത്തിയിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് ഭഗവാന്‍ വിഷ്ണുവിന്റെയും അടല്‍ ബിഹാരി വാജ്‌പേയിയുടേയും അടക്കം അനുഗ്രഹം ലഭിക്കുമായിരുന്നുവെന്നും അതുവഴി വിജയിക്കാനാകുമായിരുന്നും അഖിലേഷ് യാദവ് പറഞ്ഞു. പിച്ചിന് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത് എന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.
ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ 6 വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ കിരീടം ചൂടിയത്. 50 ഓവറില്‍ ഇന്ത്യ 240 റണ്‍സ് എടുത്തു. ബാറ്റിംഗ് നിര പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. ഇന്ത്യന്‍ ബൗളര്‍മാരും നിരാശപ്പെടുത്തിയപ്പോള്‍ ഓസ്‌ട്രേലിയ അനായാസം ലക്ഷ്യം കണ്ടു. ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയാണ് ഓസ്‌ട്രേലിയയ്ക്ക് തുണയായത്.












Click it and Unblock the Notifications