രോഹിത് ശര്‍മയെ പുറത്താക്കിയത് തന്നെ, ഹര്‍ദിക്ക് പാണ്ഡ്യ കളിച്ചത് ഇങ്ങനെ; മുംബൈക്ക് ഓപ്ഷനില്ല
മുംബൈ: രോഹിത് ശര്‍മയെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം മാസങ്ങള്‍ക്ക് മുമ്പേ നടന്നതായി റിപ്പോര്‍ട്ട്. മുംബൈക്ക് നേരത്തെ രോഹിത്തിനെ മാറ്റാനുള്ള ഉദ്ദേശമില്ലായിരുന്നു. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയുടെ നിബന്ധനയിലാണ് ഇത് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. മുംബൈയിലെ ടീമംഗങ്ങളും മറ്റ് താരങ്ങളുമെല്ലാം അമ്പരന്ന് നില്‍ക്കുകയാണ്. രോഹിത്ത് ശര്‍മ മുംബൈക്കായി അഞ്ച് കിരീടങ്ങള്‍ സമ്മാനിച്ചതാണ്.
അതുകൊണ്ട് അദ്ദേഹത്തെ മാറ്റുമെന്ന് ഒരിക്കല്‍ പോലും ടീം കരുതിയിട്ടില്ലായിരുന്നു. അതേസമയം രോഹിത്തിനെ നേരത്തെ തന്നെ ഹര്‍ദിക് പാണ്ഡ്യയെ തിരിച്ചുകൊണ്ടുവരുന്ന കാര്യം മുംബൈ ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നുവെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഹര്‍ദിക് പാണ്ഡ്യ മുംബൈയിലേക്ക് തിരിച്ചുവരാന്‍ നിബന്ധന വെക്കുകയായിരുന്നു.

മുംബൈ ടീമിലേക്ക് ക്യാപ്റ്റനായിട്ടല്ലാതെ വരില്ലെന്നായിരുന്നു ഹര്‍ദിക് അറിയിച്ചത്. ഇത് മുംബൈക്ക് അംഗീകരിക്കേണ്ടി വരികയായിരുന്നു. രോഹിത്തിനെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു. ലോകകപ്പിന് മുമ്പ് തന്നെ മുംബൈ ക്യാപ്റ്റന്റെ കാര്യം തീരുമാനിക്കുന്നതിനായി നിരവധി യോഗങ്ങള്‍ ചേര്‍ന്നിരുന്നു.
ഇതിലെടുത്ത തീരുമാനം രോഹിത്തിനെ ലോകകപ്പിന് മുമ്പ് തന്നെ അറിയിച്ചിരുന്നു. ഹര്‍ദിക്കിന് കീഴില്‍ കളിക്കാമെന്ന് രോഹിത് അറിയിക്കുകയായിരുന്നു. തിരിച്ചുവരാന്‍ താന്‍ തയ്യാറാണെന്ന് ഹര്‍ദിക് പാണ്ഡ്യ മുംബൈയെ അറിയിച്ചിരുന്നു. ക്യാപ്റ്റന്‍സി എന്ന നിബന്ധന മാത്രമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്.അതേസമയം രോഹിത്തിനെ മാറ്റാനുള്ള തീരുമാനം മുംബൈ ആരാധകര്‍ അംഗീകരിച്ചിട്ടില്ല.
നിരവധി ആരാധകര്‍ മുംബൈ ഇന്ത്യന്‍സിന്റെ പതാക കത്തിച്ചാണ് പ്രതിഷേധിച്ചത്. സൂര്യകുമാര്‍ യാദവ് ഹൃദയം തകരുന്ന ഇമോജിയാണ് ട്വീറ്റ് ചെയ്തത്. പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഒരു മണിക്കൂറിനുള്ളില്‍ മുംബൈ ഇന്ത്യന്‍സിന് ട്വിറ്ററില്‍ നാല് ലക്ഷത്തോളം ഫോളോവേഴ്‌സിനെയാണ് നഷ്ടമായത്. നിരവധി പേരാണ് ടീമിന്റെ ഔദ്യോഗിക അക്കൗണ്ട് അണ്‍ഫോളോ ചെയ്തത്.
മുംബൈ ഒറ്റയടിക്ക് തീരുമാനം പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ച് രോഹിത്ത് തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാകുമായിരുന്നു. ഹര്‍ദിക് പാണ്ഡ്യയെ വീണ്ടും ടീമിലേക്ക് കൊണ്ടുവന്നപ്പോള്‍ തന്നെ സഹതാരങ്ങള്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉള്ളതായിട്ടാണ് സൂചന.
പ്രധാന കാരണം രോഹിത്ത് വിരമിച്ചാല്‍ ക്യാപ്റ്റന്‍സി അടുത്തതായി ജസ്പ്രീത് ബുംറയ്‌ക്കോ,സൂര്യകുമാറിനോ ലഭിക്കുമായിരുന്നു. എന്നാല്‍ ഹര്‍ദിക് തിരിച്ചുവന്നതോടെ ഇവര്‍ക്ക് ക്യാപ്റ്റന്‍സി ലഭിക്കാനുള്ള സാധ്യതയും അടഞ്ഞിരിക്കുകയാണ്. ഇരുവര്‍ക്കും ഹര്‍ദിക് തിരിച്ചുവന്നതില്‍ അതുകൊണ്ട് അതൃപ്തിയുണ്ട്. മുംബൈ ആരാധകര്‍ക്കും ഹര്‍ദിക്കിന്റെ തിരിച്ചുവരവിനോട് വലിയ താല്‍പര്യമില്ല. ഇത് മത്സരത്തില്‍ പ്രതിഫലിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.












Click it and Unblock the Notifications