സ്വർണവില പവന് 7.5 ലക്ഷത്തിന് മുകളിലേക്ക്? ഞെട്ടേണ്ട, റോബർട്ട് കിയോസാക്കി പ്രവചിക്കുന്നതും ഇതുതന്നെ
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണത്തിന് കടുത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്. ക്രൂഡ് ഓയിൽ വിലക്കയറ്റം ഡോളറിൻ്റെ മൂല്യം ഉയർത്തിയതും പണപ്പെരുപ്പ ഭീഷണി ശക്തമായതുമെല്ലാമാണ് സ്വർണത്തിൻ്റെ വില കുറയാൻ കാരണമായത്. എന്നാൽ ഇപ്പോഴത്തെ വിലയിടവിൽ അമിത പ്രതീക്ഷ വെയ്ക്കേണ്ടതില്ലെന്ന സൂചനയാണ് പ്രശസ്ത എഴുത്തുകാരനും സാമ്പത്തിക വിദഗ്ദ്ധനുമായ റോബർട്ട് കിയോസാക്കി പറയുന്നത്. സ്വർണം വൈകാതെ തന്നെ കുതിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ പ്രവചനം.
'ലോകത്താകെ കടബാധ്യതകൾ കുതിച്ചുയരുകയാണ്. ഇത് വൻ സാമ്പത്തിക തകർച്ചയ്ക്ക് കാരണമാകും. അതിനാൽ സ്വർണം വാങ്ങിക്കൂട്ടാൻ ഇതാണ് ഏറ്റവും നല്ല സമയം',സമൂഹമാധ്യമമായ എക്സിൽ അദ്ദേഹം കുറിച്ചു. 'നിലവിൽ വിപണിയിൽ വിലയിടിവുണ്ട്. എന്നാൽ ഇത് താൽക്കാലിക പ്രതിഭാസം മാത്രമാണ്. ഭാവിയിൽ സ്വർണവില 35,000 ഡോളർ വരെ ഉയർന്നേക്കാം' പ്രമുഖ മാർക്കറ്റ് നിരീക്ഷകൻ ജിം റിക്കാർഡ്സിന്റെ പ്രവചനം ഉദ്ധരിച്ച് കിയോസാക്കി പറഞ്ഞു. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 29 ലക്ഷത്തിലധികം വരും.

'സ്വർണവില ഇപ്പോൾ പുതിയൊരു വഴിത്തിരിവിലാണ്. എന്റെ പ്രവചനങ്ങൾ ചിലപ്പോൾ തെറ്റിയിട്ടുണ്ടാകാം. എന്നാൽ ഇനിയുള്ള ദീർഘകാലം സ്വർണവില ഉയരുക തന്നെ ചെയ്യും,' കിയോസാക്കി കുറിച്ചു. 2000ത്തിൽ സ്വർണത്തിന് ഔൺസിന് 300 ഡോളർ മാത്രമായിരുന്നു വില. അന്ന് മുതൽ താൻ സ്വർണം വാങ്ങുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇപ്പോഴത്തെ വിലയിലും സ്വർണം വാങ്ങുന്നത് ലാഭകരമാണ്.
'കടലാസ് പണമല്ല, സ്വർണമാണ് യഥാർത്ഥ പണം'
നിലവിലെ ആഗോള സാമ്പത്തികാവസ്ഥ വളരെ സങ്കീർണ്ണമാണ്. ആഗോള കടബാധ്യത വലിയൊരു ബലൂൺ പോലെയാണ്. അത് എപ്പോൾ വേണമെങ്കിലും പൊട്ടിച്ചിതറാം. സ്വർണമാണ് യഥാർത്ഥ പണം, ബാക്കിയുള്ളതെല്ലാം വെറും ക്രെഡിറ്റ് മാത്രമാണ് എന്ന ലോകപ്രശസ്ത ബാങ്കർ ജെ പി മോർഗന്റെ വാക്കുകളും അദ്ദേഹം ഓർമ്മിപ്പിച്ചു.
അമേരിക്കൻ ഡോളർ ഉൾപ്പെടെയുള്ള കറൻസികൾ വെറും കടപ്പത്രങ്ങളാണ്. പണപ്പെരുപ്പവും അനിയന്ത്രിതമായ നോട്ടടിയും സാധാരണ കറൻസികളുടെ മൂല്യം തകർക്കും. എന്നാൽ സ്വർണം, വെള്ളി, ബിറ്റ്‌കോയിൻ എന്നിവ സമ്പാദ്യം ചോർന്നുപോകാതെ സംരക്ഷിക്കും. കിയോസാക്കി പറഞ്ഞു.
നിർമ്മിത ബുദ്ധി (AI) ലോകത്താകെ വലിയ മാറ്റങ്ങൾ കൊണ്ടുവരും. നിക്ഷേപ രംഗത്തും ഇത് പ്രതിഫലിക്കും. അതിനാൽ കാര്യങ്ങൾ കൃത്യമായി പഠിച്ചതിനു ശേഷം മാത്രം തീരുമാനങ്ങളെടുക്കുകയെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
ആഗോള സ്വർണ വില കുറയുന്നു
കിയോസാക്കിയുടെ പ്രവചനം ഇങ്ങനെയൊക്കെയാണെങ്കിലും നിലവിൽ സ്വർണവില കുറയുകയാണ്. ഡോളർ കരുത്താർജ്ജിക്കുന്നതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. അമേരിക്കയിലെ ഉയർന്ന പലിശനിരക്കും സ്വർണത്തിൻ്റെ പെരുമ നഷ്ടപ്പെടാണ കാരണമായി. തുടർച്ചയായ നാലാം വാരമാണ് വില താഴേക്ക് പോകുന്നത്.
നിലവിൽ സ്പോട്ട് ഗോൾഡ് വില: ഔൺസിന് 0.9 ശതമാനം ഇടിഞ്ഞ് 3,991.49 ഡോളറിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ്: 1 ശതമാനം ഇടിവോടെ 4,007.30 ഡോളറിലും എത്തി നിൽക്കുകയാണ്. വെള്ളിയും വലിയ തകർച്ചയാണ് നേരിട്ടത്. 3.2 ശതമാനം ഇടിഞ്ഞ് ഔൺസിന് 56.01 ഡോളറായി.
2025 നവംബറിന് ശേഷം ആദ്യമായാണ് സ്വർണവില 4,000 ഡോളറിന് താഴേക്ക് വരുന്നത്. ഈ വർഷം ജനുവരി 29-ന് സ്വർണം റെക്കോർഡ് വിലയിലായിരുന്നു. അന്ന് ഔൺസിന് 5,594.82 ഡോളർ ആയിരുന്നു വില അതിൽ നിന്നും ഏകദേശം 29 ശതമാനത്തോളം ഇടിവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സ്വർണവില കുറഞ്ഞുനിൽക്കുന്ന ഈ അവസരം നിക്ഷേപകർക്ക് അനുകൂലമാക്കാം.
സ്വർണവില പവന് 7.5 ലക്ഷത്തിന് മുകളിലേക്ക്?
ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 35,000 ഡോളർ വരെ ഉയർന്നേക്കാമെന്ന ജിം റിക്കാർഡ്സിന്റെ പ്രവചനത്തെ റോബർട്ട് കിയോസാക്കി ശരിവെക്കുമ്പോൾ ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്നത് സങ്കൽപ്പിക്കാനാവാത്ത കുതിപ്പായിരിക്കും. രാജ്യാന്തര വിപണിയിൽ ഒരു ഔൺസ് എന്നത് 31.1 ഗ്രാം സ്വർണമാണ്. ഇത് പ്രകാരം കണക്കാക്കിയാൽ ഒരു ഗ്രാം സ്വർണത്തിന്റെ വില മാത്രം ഏകദേശം 1,125 ഡോളറാകും. നിലവിലെ വിനിമയ നിരക്കിൽ (ഒരു ഡോളറിന് 84 രൂപയോളം) ഒരു ഗ്രാം സ്വർണത്തിന് ഇന്ത്യയിൽ 94,500 രൂപയോളമാകും വില. അതായത്, എട്ട് ഗ്രാം വരുന്ന ഒരു പവൻ സ്വർണത്തിന്റെ അടിസ്ഥാന വില മാത്രം 7,56,000 രൂപയ്ക്ക് മുകളിലെത്തും! ഇതിനോടൊപ്പം സർക്കാർ നികുതികളും പണിക്കൂലിയും കൂടി ചേരുമ്പോൾ വിപണിയിൽ ഒരു പവൻ സ്വർണം വാങ്ങാൻ 8 ലക്ഷം രൂപയോളം നൽകേണ്ടി വരും.












Click it and Unblock the Notifications