ആദ്യം എറിഞ്ഞുവീഴ്ത്തി.. പിന്നെ അടിച്ചെടുത്തു; ആദ്യചിരി ഇന്ത്യയുടേത്
മൊഹാലി: അഫ്ഗാനിസ്ഥാനെതിരായ ടി 20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയ തുടക്കം. ഒന്നാം ടി 20യില്‍ ഇന്ത്യ അഫ്ഗാനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 158 റണ്‍സാണ് എടുത്തത്. വിജയലക്ഷ്യം ഇന്ത്യ 17.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്കായി ശിവം ദുബെ അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു.
40 പന്തില്‍ 60 റണ്‍സെടുത്ത ശിവം ദുബെ അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തി. ജിതേഷ് ശര്‍മ്മ (31), തിലക് വര്‍മ (26), ശുഭ്മാന്‍ ഗില്‍ (23), റിങ്കു സിംഗ് (16*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തിയ അതേസമയം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നിരാശപ്പെടുത്തി. റണ്‍സൊന്നുമെടുക്കാതെയായിരുന്നു രോഹിതിന്റെ മടക്കം. 28 ന് രണ്ട് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ ശിവം ദുബെയുടെ പ്രകടനമാണ് രക്ഷിച്ചത്.

മൂന്നാം വിക്കറ്റില്‍ തിലക് വര്‍മ്മക്കൊപ്പം 44 റണ്‍സിന്റെയും നാലാം വിക്കറ്റില്‍ ജിതേഷ് ശര്‍മ്മക്കൊപ്പം 45 റണ്‍സിന്റെയും വിലപ്പെട്ട കൂട്ടുകെട്ടാണ് ശിവം ദുബെ പടുത്തുയര്‍ത്തിയത്. അഞ്ചാം വിക്കറ്റില്‍ റിങ്കു സിംഗിനൊപ്പമുള്ള അപരാജിത കൂട്ടുകെട്ടില്‍ 42 റണ്‍സും ആറ് വിക്കറ്റ് ജയവും ശിവം ദുബെ സമ്മാനിച്ചു. അഫ്ഗാനിസ്ഥാനായി മുജീബുര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഒമര്‍സായി ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാനിസ്ഥാനായി ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ 50 റണ്‍സാണ് റഹ്‌മാനുള്ള ഗുര്‍ബാസും (23) ഇബ്രാഹിം സര്‍ദാനും (25) പടുത്തുയര്‍ത്തിയത്. എന്നാല്‍ പിന്നീട് ഇന്ത്യ തിരിച്ചടിച്ചു. ടീം സ്‌കോറില്‍ 50 ല്‍ നില്‍ക്കെ തന്നെ ഇരുവരേയും അഫ്ഗാന് നഷ്ടമായി. പിന്നീട് വന്ന റഹ്‌മത്ത് ഷാ മൂന്ന് റണ്‍സിന് പുറത്തായതോടെ 57 ന് മൂന്ന് എന്ന നിലയില്‍ അഫ്ഗാന്‍ തകര്‍ച്ച മണത്തു.
മൂന്നാം വിക്കറ്റില്‍ ഒമര്‍സായിയും (29) മുഹമ്മദ് നബിയും (42) ചേര്‍ന്ന നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് അഫ്ഗാനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. ഇരുവരും ചേര്‍ന്ന് 68 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. സര്‍ദാന്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി അക്‌സര്‍ പട്ടേലും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.












Click it and Unblock the Notifications