IPL 2023: ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത..!!; വിരമിക്കാന്‍ ആലോചിച്ചിട്ടില്ലെന്ന് ധോണി
ഐപിഎല്‍ 2023-ലെ കലാശപ്പോരിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് യോഗ്യത നേടിയിരിക്കുകയാണ്. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് പരാജയപ്പെടുത്തിയതോടെ ആണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തങ്ങളുടെ പത്താമത്തെ ഫൈനലിന് യോഗ്യത നേടിയിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ പ്ലേ ഓഫ് പോലും കാണാതെ പുറത്ത് പോയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഈ സീസണില്‍ വന്‍ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്.
ഈ സീസണ്‍ ആരംഭിച്ചത് തൊട്ട് എല്ലാവരുടേയും കണ്ണ് മഹേന്ദ്രസിംഗ് ധോണിയിലേക്കാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ച മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലിനോടും വിട പറയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നിലവിലെ സീസണില്‍ തന്നെ നിരവധി തവണ മഹേന്ദ്ര സിംഗ് ധോണി ഈ ചോദ്യം അഭിമുഖീകരിച്ചും കഴിഞ്ഞു. ഇന്ന് ഫൈനലിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് യോഗ്യത നേടിയപ്പോഴും വിരമിക്കല്‍ സംബന്ധിയായ ചോദ്യം ധോണിയെ തേടിയെത്തി.

കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെയായിരുന്നു ധോണിയുടെ വിരമിക്കലിനെ കുറിച്ച് ചോദിച്ചത്. 'ഇനി ചെപ്പോക്കില്‍ വന്ന് കളിക്കുമോ?' എന്നായിരുന്നു ഹര്‍ഷ ഭോഗ്ലെ മത്സര ശേഷം മഹേന്ദ്ര സിംഗ് ധോണിയോട് ചോദിച്ചത്. ഒടുവില്‍ വിരമിക്കല്‍ സംബന്ധിയായ എല്ലാ ഊഹാപോഹങ്ങള്‍ക്കും എംഎസ് ധോണി ഉത്തരം നല്‍കിയിരിക്കുകയാണ്. ഹര്‍ഷ ഭോഗ്ലെയുടെ ചോദ്യത്തിന് പ്രത്യക്ഷ മറുപടിയല്ലെങ്കിലും പെട്ടെന്ന് വിരമിക്കില്ല എന്ന സൂചനയാണ് ധോണി നല്‍കിയിരിക്കുന്നത്.
ഐപിഎല്‍ ഈ സീസണ്‍ അവസാനിച്ചതിന് ശേഷം തന്റെ കരിയറിനെ കുറിച്ച് പെട്ടെന്ന് തീരുമാനമെടുക്കില്ല എന്ന് ധോണി വ്യക്തമാക്കി. അക്കാര്യത്തെ കുറിച്ച് എനിക്ക് അറിയില്ല. ഏതായാലും എനിക്ക് മുന്നില്‍ തീരുമാനമെടുക്കാന്‍ എട്ടോ ഒമ്പതോ മാസമുണ്ട്. ഐപിഎല്‍ മിനി ലേലം ഡിസംബറില്‍ ആയിരിക്കും. പിന്നെ എന്തിനാണ് ആ തലവേദന ഇപ്പോള്‍ തന്നെ ഏറ്റെടുക്കേണ്ടത് എന്നും ധോണി ചോദിച്ചു.
സിഎസ്‌കെക്ക് വേണ്ടി ഞാന്‍ എപ്പോഴും ഉണ്ടാകും. കളിക്കാന്‍ ഫോം ഇല്ലെങ്കിലും പുറത്ത് എവിടെയെങ്കിലും ഇരിക്കും എന്നാണ് ധോണി പറഞ്ഞത്. ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഉയര്‍ത്തിയ 7 വിക്കറ്റ് നഷ്ടത്തില്‍ 172 എന്ന ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 157 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. തോറ്റെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിന് ഫൈനലിലേക്കുള്ള വഴി അടഞ്ഞിട്ടില്ല. എലിമിനേറ്റര്‍ ഒന്നിലെ വിജയിയെ പരാജയപ്പെടുത്തിയാല്‍ ഗുജറാത്തിന് ഇനി ഫൈനലില്‍ എത്താം.












Click it and Unblock the Notifications