ഇനി എല്ലാം ദൈവത്തിന്റെ കൈയ്യില്‍, വിജയത്തോടെ അവസാനിപ്പിച്ച് രാജസ്ഥാന്‍, പ്ലേഓഫ് ഉറപ്പില്ല
ദില്ലി: ഐപിഎല്ലില്‍ ഇന്നത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 4 വിക്കറ്റ് വിജയം. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ അവസാന ഓവറില്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് വിജയിച്ചത്. ചേസിംഗില്‍ തുടക്കത്തില്‍ തന്നെ ജോസ് ബട്‌ലറെ ടീമിന് നഷ്ടമായി. നേരിട്ട നാലാം പന്തില്‍ റണ്‍സൊന്നുമെടുക്കാതെയാണ് താരം പുറത്തായത്.
പിന്നീട് യശസ്വി ജെയ്‌സ്വാള്‍(50) ദേവ്ദത്ത് പടിക്കല്‍(51) ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ദേവ്ദത്ത് 30 പന്തിലാണ് അര്‍ധ സെഞ്ച്വറി തികച്ചത്. അഞ്ച് ഫോറും മൂന്ന് സിക്‌സറും താരം അടിച്ചു. ജെയ്‌സ്വാളിന്റെ ഇന്നിംഗ്്‌സില്‍ എട്ട് ബൗണ്ടറിയുണ്ടായിരുന്നു.

അതേസമയം സഞ്ജു സാംസണ്‍(2) മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കില്‍ ഷിംറോണ്‍ ഹെറ്റ്മയര്‍(46) നിര്‍ണായക ഇന്നിംഗ്‌സ് കളിച്ചതോടെ ജയം ഉറപ്പിക്കുകയായിരുന്നു. റിയാന്‍ പരാഗും(20) മികച്ച സംഭാവന നല്‍കി. ഹെറ്റ്മയര്‍ 28 പന്തില്‍ നാല് ബൗണ്ടറിയും മൂന്ന് സിക്‌സറും അടിച്ചാണ് 46 റണ്‍സെടുത്തത്.
പരാഗിന്‍റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സറും ഒരു ബൗണ്ടറിയുമുണ്ടായിരുന്നു. അവസാന ഓവറിന്റെ നാലാം പന്തില്‍ ധ്രുവ് ജുറല്‍ സിക്‌സറടിച്ചാണ് മത്സരം വിജയിപ്പിച്ചത്. അതേസമയം വിജയത്തോടെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിപ്പിച്ചെങ്കിലും പ്ലേഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാന് സാധിച്ചില്ല. പഞ്ചാബ് നിരയില്‍ റബാദ് രണ്ട് വിക്കറ്റെടുത്തു. സാം കറന്‍, അര്‍ഷ്ദീപ് സിംഗ്, നഥാന്‍ എല്ലിസ്, രാഹുല്‍ ചാഹര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
നേരത്തെ തകര്‍ച്ചയോടെ തുടങ്ങിയ പഞ്ചാബിനെ മികച്ച സ്‌കോറിലെത്തിച്ചത് ശക്തമായ മധ്യനിരയാണ്. ഒറ്റ അര്‍ധ സെഞ്ച്വറി പോലും അവരുടെ ഇന്നിംഗ്‌സിലുണ്ടായില്ല. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ പതിവ് പോലെ തന്നെ തകര്‍ച്ചയായിരുന്നു പഞ്ചാബില്‍ നിന്നുണ്ടായത്.
രണ്ട് റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിംഗിനെ ആദ്യ ഓവറില്‍ തന്നെ രാജസ്ഥാന് നഷ്ടമായി. അഥര്‍വ തായ്‌ഡെ(19), ശിഖര്‍ ധവാന്‍(17) എന്നിവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും അധികം മുന്നോട്ട് പോകാനായില്ല.
ശിഖര്‍ ധവാന്‍ 12 പന്തിലാണ് 17 റണ്‍സടിച്ചത്. ഒരു സിക്‌സറും രണ്ട് ബൗണ്ടറിയുമടിച്ചു. തായ്‌ഡെയുടെ ഇന്നിംഗ്‌സില്‍ മൂന്ന് ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു. കഴിഞ്ഞ കളിയില്‍ തിളങ്ങിയ ലിയാം ലിവിംഗ്‌സ്റ്റണ്‍(9) ഇത്തവണ നിരാശപ്പെടുത്തി. മൂന്ന് വിക്കറ്റുകള്‍ തുടരെ വീണതോടെ നാലിന് 50 എന്ന നിലയിലായിരുന്നു പഞ്ചാബ്.
പിന്നീടാണ് മത്സരം പഞ്ചാബ് ഏറ്റെടുത്തത്. ജിതേഷ് ശര്‍മ(44) സാം കറന്‍(49), ഷാരൂഖ് ഖാന്‍(41) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് വമ്പന്‍ സ്‌കോര്‍ പഞ്ചാബിന് സമ്മാനിച്ചത്. ജിതേഷായിരുന്നു വെടിക്കെട്ടി തുടക്കമിട്ടത്. 28 പന്തില്‍ മൂന്ന് വീതം സിക്‌സറും ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ജിതേഷിന്റെ ഇന്നിംഗ്‌സ്.
സാം കറന്‍ 31 പന്തില്‍ 49 റണ്‍സുമായി പുറത്താവാതെ നിന്നു. നാല് ബൗണ്ടറിയും രണ്ട് സിക്‌സറും താരം അടിച്ചു. ഷാരൂഖ് 23 പന്തിലാണ് 41 റണ്‍സടിച്ചത്. നാല് ബൗണ്ടറിയും രണ്ട് സിക്‌സറും പറത്തി. രാജസ്ഥാന്‍ ബൗളര്‍മാരില്‍ സെയ്‌നി മൂന്ന് വിക്കറ്റെടുത്തു. സാംപയ്ക്കും, ബൂള്‍ട്ടിനും ഓരോ വിക്കറ്റ് ലഭിച്ചു.












Click it and Unblock the Notifications