മുംബൈയെ കണ്ട് പഠിക്കണം, എന്തൊരു സ്ഥിരത! വല്ലാത്തൊരു ടീം, തോറ്റുതുടങ്ങുന്നത് ഇതാദ്യമല്ല
ഇന്നലെ ആദ്യ മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടത് ആറ് റണ്‍സിനാണ്. രോഹിത് ശര്‍മ്മയെ മാറ്റി ഹര്‍ദിക് പാണ്ഡ്യയെ സ്ഥിരം ക്യാപ്റ്റനാക്കിയ മുംബൈ ഇന്ത്യന്‍സ് ജയത്തിന് തൊട്ടടുത്ത് വെച്ചാണ് ഇടറി വീണത്. ഇതോടെ ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ തോറ്റ് തുടങ്ങുന്നു എന്ന 'ചീത്തപ്പേര് നിലനിര്‍ത്താനും' മുംബൈ ഇന്ത്യന്‍സിനായി.
ആദ്യ മത്സരം തോറ്റ് കൊണ്ട് തുടങ്ങുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി മുംബൈ ഇന്ത്യന്‍സിന്റെ ശീലം. ഒന്നും രണ്ടും സീസണല്ല. ഐപിഎല്ലിലെ 17 സീസണുകളില്‍ 13 ലും ആദ്യ കളി തോറ്റ് കൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് തുടങ്ങുന്നത്. 2008 ലെ ഉദ്ഘാടന സീസണിലാണ് ഈ തോല്‍വിയുടെ പരമ്പര ആരംഭിച്ചത്. എന്നാല്‍ പിന്നീട് 2009 മുതല്‍ 2012 വരെ ആദ്യ കളിയില്‍ മുംബൈ ജയം രുചിച്ചു.

അതിന് ശേഷം ഇന്ന് വരെ ആദ്യ കളിയില്‍ മുംബൈ ഇന്ത്യന്‍സ് ജയമറിഞ്ഞിട്ടില്ല. 2013 ല്‍ തുടങ്ങിയ പരാജയതുടക്കത്തിന്റെ ഏറ്റവും ഒടുവിലത്തെതാണ് ഇന്നലെ കഴിഞ്ഞത് എന്ന് മാത്രം. എന്നാല്‍ ആദ്യ കളി തോറ്റ് തുടങ്ങിയ 2013 ന് ശേഷമാണ് രോഹിതിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ മുംബെ ഇന്ത്യന്‍സ് തങ്ങളുടെ ഷെല്‍ഫിലുള്ള അഞ്ച് കിരീടങ്ങളും നേടിയത് എന്നതാണ് മറ്റൊരു ചരിത്രം.
അതിനാല്‍ തന്നെ ദൈവത്തിന്റെ പോരാളികള്‍ തോറ്റുതുടങ്ങുന്നത് അഹങ്കാരമൊഴിവാക്കാനാണ് എന്ന സിനിമാ ഡയലോഗാണ് മുംബൈ ആരാധകരുടെ തുറുപ്പുചീട്ട്. ഒരു സീസണ്‍ ഓപ്പണറിലെ അവരുടെ അവസാന വിജയം ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 2012 ല്‍ അവരെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചതാണ്. അതേസമയം ഇന്നലത്തെ തോല്‍വിയില്‍ നിരാശയില്ല എന്നാണ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രതികരണം.
ഇനിയും 13 മത്സരങ്ങള്‍ ബാക്കിയുണ്ട് എന്നും നിരാശപ്പെടേണ്ടതില്ല എന്നുമാണ് ഹര്‍ദിക് പറയുന്നത്. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഹര്‍ദികിന് സാധിച്ചില്ല. മൂന്നോവറില്‍ 30 റണ്‍സ് വഴങ്ങിയ ഹര്‍ദികിന് ബാറ്റെടുത്തപ്പോള്‍ 3 പന്തില്‍ 11 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. മാര്‍ച്ച് 27 ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെയാണ് ഇനി മുംബൈ ഇന്ത്യന്‍സ് നേരിടേണ്ടത്.
മുംബൈയുടെ താരമായിരുന്ന ഹര്‍ദിക് 2022 ലാണ് ആ സീസണിലെ തുടക്കക്കാരായ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് ചേക്കേറിയത്. ഗുജറാത്തിന് കന്നി സീസണില്‍ തന്നെ ഹര്‍ദിക് കിരീടം സമ്മാനിക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ഗുജറാത്ത് ഫൈനലില്‍ എത്തിയതും ഹര്‍ദികിന് കീഴിലായിരുന്നു. ഈ വര്‍ഷത്തെ മെഗാ ലേലത്തിലാണ് മുംബൈ ഹര്‍ദികിനെ ടീമില്‍ എത്തിച്ചത്.












Click it and Unblock the Notifications