സൂര്യകുമാര്‍ വന്നാല്‍ മുംബൈയുടെ പ്രശ്‌നം തീരും.. വെറുതെയല്ല, കാരണങ്ങളിതാ
ഈ സീസണ്‍ ഐപിഎല്ലില്‍ ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളും തോറ്റ ടീമാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളോടാണ് പരാജയപ്പെട്ടത്. ഹര്‍ദിക് പാണ്ഡ്യ എന്ന പുതിയ ക്യാപ്റ്റന് കീഴില്‍ അമ്പേ പരാജയപ്പെടുകയാണ് മുംബൈ ഇന്ത്യന്‍സ്. നാളെ ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് മുംബൈയുടെ നാലാമത്തെ മത്സരം.
നാല് കളിയില്‍ ഒരു ജയം മാത്രമുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് മുംബൈയ്ക്ക് മുകളില്‍ ഒമ്പതാം സ്ഥാനത്താണ്. സൂപ്പര്‍താരം സൂര്യകുമാര്‍ യാദവ് നാളെ കളിക്കും എന്നതാണ് മുംബൈ ക്യാംപിലെ ആശ്വാസം. പരിക്കിനെ തുടര്‍ന്ന് ഏറെ നാളായി വിശ്രമത്തിലായിരുന്ന സൂര്യകുമാര്‍ യാദവ് ആദ്യ മൂന്ന് മത്സരങ്ങളിലും കളിച്ചിരുന്നില്ല. ലോകത്തിലെ ഒന്നാം നമ്പര്‍ ടി20 ബാറ്ററാണ് സൂര്യകുമാര്‍ യാദവ്.

ഡിസംബറില്‍ ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മൂന്നാം ടി20ക്കിടെ സൂര്യകുമാര്‍ യാദവിന്റെ കണങ്കാലിന് പരിക്കേറ്റിരുന്നു. പിന്നീട് ഹെര്‍ണിയ ബാധിച്ചതിനാല്‍ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തേണ്ടി വന്നു. ഇത് അദ്ദേഹത്തിന്റെ തിരിച്ചുവരവ് വൈകിപ്പിക്കാന്‍ കാരണമായി. മുംബൈ ബാറ്റിംഗ് നിരയിലേക്ക് സൂര്യകുമാര്‍ യാദവ് തിരിച്ചുവരുന്നത് വലിയ കരുത്ത് തന്നെയാണ്.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മോശം ഫോമോടെയാണ് കഴിഞ്ഞ സീസണില്‍ സൂര്യകുമാര്‍ യാദവ് ഐപിഎല്‍ 2023-ല്‍ എത്തിയത്. എന്നാല്‍ 16 കളികളില്‍ നിന്ന് 181.14 സ്ട്രൈക്ക് റേറ്റില്‍ 605 റണ്‍സ് നേടി സൂര്യ വിമര്‍ശകരുടെ വായടപ്പിച്ചു. താരത്തിന്റെ ഏറ്റവും മികച്ച സീസണുമായിരുന്നു ഇത്. അഞ്ച് അര്‍ധസെഞ്ചുറികളും ഒരു സെഞ്ച്വറിയും 33-കാരന്‍ നേടി.
ബൗളിംഗില്‍ വലിയ പോരായ്മ ഉണ്ടായിരുന്നിട്ടും ക്വാളിഫയര്‍ 2 വരെ പോകാന്‍ മുംബൈയെ സഹായിച്ചത് സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്‌സായിരുന്നു. ഈ സീസണില്‍ സൂര്യകുമാര്‍ യാദവിന്റെ പരിചയ സമ്പത്ത് മുംബൈയ്ക്ക് കൂടിയേ തീരൂ. മുംബൈ ഇന്ത്യന്‍സ് അവരുടെ ആദ്യ മൂന്ന് മത്സരങ്ങളില്‍ അവരുടെ ബാറ്റിംഗ് ഓര്‍ഡര്‍ മാറ്റിമറിച്ചിരുന്നു. ഇതിന് കാരണം സൂര്യയുടെ അഭാവം സൃഷ്ടിച്ച ശൂന്യതയാകാം.
നമാന്‍ ധിറിനെ മൂന്നാം നമ്പറില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഡെവാള്‍ഡ് ബ്രെവിസ്, തിലക് വര്‍മ്മ, ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവരെപ്പോലുള്ളവര്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മധ്യനിരയില്‍, ഒരുപക്ഷേ നമ്പര്‍ 3-ല്‍ പോലും സ്ഥിരത നല്‍കാന്‍ സൂര്യകുമാര്‍ യാദവിന് കഴിയും. താരത്തിന്റെ സാന്നിധ്യം യുവതാരങ്ങളുടെ ജോലിഭാരം കുറയ്ക്കുകയും രോഹിത് ശര്‍മ്മയെയും ഹാര്‍ദിക് പാണ്ഡ്യയെയും പോലുള്ള സീനിയര്‍മാര്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യും.
ടി20 ക്രിക്കറ്റിലെ സൂര്യകുമാര്‍ യാദവിന്റെ ഔട്ട്പുട്ടുമായി പൊരുത്തപ്പെടാന്‍ വളരെ കുറച്ച് കളിക്കാര്‍ക്ക് മാത്രമേ കഴിയൂ. മൈതാനത്തിന്റെ എല്ലാ വശങ്ങളിലേക്കും പന്തടിച്ചിടാനുള്ള കഴിവാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു, രാജസ്ഥാന്‍ റോയല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരോട് മുംബൈ ജയിച്ചതിന്റെ സൂര്യകുമാര്‍ യാദവിനെ ടീം എത്രത്തോളം ആശ്രയിക്കുന്നു എന്നതിന് ഉദാഹരണമാണ്.












Click it and Unblock the Notifications