ഐപിഎല്‍ ദുബായിലേക്ക് മാറ്റുമോ...? ഒടുവില്‍ അക്കാര്യം സ്ഥിരീകരിച്ച് ബിസിസിഐ
വരാനിരിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റ് പൂര്‍ണമായും ഇന്ത്യയില്‍ തന്നെ നടക്കും എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ക്രിക്ക്ബസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഐപിഎല്ലിന്റെ രണ്ടാം പാദ മത്സരങ്ങള്‍ യുഎഇയില്‍ നടന്നേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതാണ് ജയ് ഷാ തള്ളിയിരിക്കുന്നത്.
ഈ സീസണിന്റെ ഒന്നാം പാദ മത്സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമെ ഇതുവരെ പുറത്ത് വിട്ടിട്ടുള്ളൂ. മാര്‍ച്ച് 22 നാണ് ഐപിഎല്‍ 2024 ആരംഭിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. ഏപ്രില്‍ ഏഴ് വരെയുള്ള ഷെഡ്യൂളാണ് സംഘാടകര്‍ പുറത്ത് വിട്ടിരിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് ഒന്നാം പാദത്തിലെ അവസാന മത്സരം.

ചില ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതായും ബിസിസിഐ അതിനുള്ള ഓപ്ഷനുകള്‍ ആരായുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതാണ് ജയ് ഷാ തള്ളിക്കളഞ്ഞിരിക്കുന്നത്. ബി സി സി ഐ രണ്ടാം പാദ ഷെഡ്യൂള്‍ ഉടന്‍ പുറത്തിറക്കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ഒന്നാം പാദത്തില്‍ ആകെ 22 മത്സരങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.
ടൂര്‍ണമെന്റിന്റെ രണ്ടാം പാദം ആതിഥേയത്വം വഹിക്കുന്നതിനുള്ള സാധ്യതകള്‍ പര്യവേക്ഷണം ചെയ്യാന്‍ ബി സി സി ഐ ഉദ്യോഗസ്ഥരില്‍ ചിലര്‍ നിലവില്‍ ദുബായിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇന്നലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചത്. ഏപ്രില്‍ 19 ന് ആരംഭിക്കുന്ന ഏഴ് ഘട്ടങ്ങളായുള്ള തിരഞ്ഞെടുപ്പില്‍ ജൂണ്‍ നാലിനാണ് ഫലം പ്രഖ്യാപിക്കുക.
2019 ലെ പൊതു തിരഞ്ഞെടുപ്പ് സമയത്തും ഐപിഎല്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെയായിരുന്നു സംഘടിപ്പിച്ചിരുന്നത്. ഇത്തവണ തിരഞ്ഞെടുപ്പ് തീയതികളെ സംബന്ധിച്ച വ്യക്തത ലഭിച്ചാല്‍ ഇത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളും എന്നും ഇന്ത്യയില്‍ നിന്ന് വേദി മാറ്റാതിരിക്കാന്‍ പരമാവധി ശ്രമിക്കും എന്നും ഐപിഎല്‍ ഗവേണിംഗ് ബോഡി പ്രസിഡന്റ് അരുണ്‍ ധുമല്‍ പറഞ്ഞിരുന്നു.
നേരത്തെ കൊവിഡ് കാലത്ത് ഐപിഎല്ലിന്റെ 2020, 2021 സീസണുകള്‍ ദുബായില്‍ ആയിരുന്നു സംഘടിപ്പിച്ചിരുന്നത്. ദുബായ്, അബുദാബി, ഷാര്‍ജ എന്നീ വേദികളിലായിരുന്നു മത്സരം.












Click it and Unblock the Notifications