'ശ്രീശാന്ത് രക്ഷപ്പെട്ടത് ആ ഒരൊറ്റ കാരണത്താലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍; 'നിരപരാധിയെന്ന് വിധിച്ചിട്ടില്ല'
മുംബൈ: ഐപിഎല്‍ വാതുവെപ്പ് കേസില്‍ മലയാളി താരം ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലമാണ് എന്ന് മുന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ നീരജ് കുമാര്‍. ഇന്ത്യന്‍ കായികരംഗത്തെ അഴിമതിക്കെതിരെ നിയമം കൊണ്ടുവരുന്നതില്‍ അധികൃതര്‍ ഗൗരവമില്ലായ്മയാണ് കാണിച്ചത് എന്നും അതിനാലാണ് ഒത്തുകളിയുടെ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ശ്രീശാന്തിനെപ്പോലെ ഒരാള്‍ രക്ഷപ്പെടാന്‍ കാരണമായത് എന്നും അദ്ദേഹം പറഞ്ഞു.
ഐപിഎസ് ഓഫീസറായി 37 വര്‍ഷം സേവനമനുഷ്ഠിച്ച നീരജ് കുമാര്‍ ഡല്‍ഹി പൊലീസിന്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം സ്പെഷ്യല്‍ സെല്‍ ശ്രീശാന്തിനെയും രാജസ്ഥാന്‍ റോയല്‍സിലെ സഹതാരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെയും അറസ്റ്റ് ചെയ്തത്. കേസില്‍ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.

ഒടുവില്‍ 2020 സെപ്റ്റംബറില്‍ അവസാനിച്ച ഏഴ് വര്‍ഷത്തെ സസ്‌പെന്‍ഷനായി ബിസിസിഐ ശിക്ഷ കുറക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍, ക്രിക്കറ്റിലെ അഴിമതിയോ പൊതുവെ സ്‌പോര്‍ട്‌സിലെ അഴിമതിയോ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ ഒരു നിയമവുമില്ല എന്ന് നീരജ് കുമാര്‍ പറഞ്ഞു. 'സിംബാബ്വെ പോലുള്ള ഒരു രാജ്യത്തിന് പോലും പ്രത്യേക നിയമമുണ്ട്. ഓസ്ട്രേലിയയിലും ന്യൂസിലാന്റിലും ഉണ്ട്,' നീരജ് കുമാര്‍ പറഞ്ഞു.
കായിക രംഗത്തെ അഴിമതി വിചാരണ ചെയ്യുന്നതിനുള്ള ഏറ്റവും വലിയ തടസം നിയമത്തിന്റെ അഭാവമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ ചെയ്യുന്ന പല കാര്യങ്ങളും ജുഡീഷ്യല്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമല്ല. ഉദാഹരണത്തിന്, ഒത്തുകളി സമയത്ത് ആളുകള്‍ വഞ്ചിക്കപ്പെട്ടു എന്ന് ഞങ്ങള്‍ പറഞ്ഞാല്‍ കോടതി വഞ്ചിക്കപ്പെട്ട ഒരാളെ കാണിക്കൂ, അത് ഹാജരാക്കൂ എന്ന് പറയും,' അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ 2013 മുതല്‍ കായികരംഗത്തെ ദുരുപയോഗം തടയുന്നതിനുള്ള നിയമം പ്രവര്‍ത്തിക്കുന്നുണ്ട്. 2018-ല്‍ ലോക്സഭയില്‍ അവതരിപ്പിച്ച പ്രിവന്‍ഷന്‍ ഓഫ് സ്‌പോര്‍ട്ടിംഗ് ഫ്രോഡ് ബില്‍ (2013) പ്രകാരം ഫിക്‌സിംഗ് ഉള്‍പ്പെടെയുള്ള കായിക തട്ടിപ്പുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്ക് അഞ്ച് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കും. ജസ്റ്റീസ് മുകുള്‍ മുദ്ഗല്‍ തയ്യാറാക്കിയ ബില്‍ ഒത്തുകളി തടയുന്നതിനുള്ള മികച്ച മാര്‍ഗമായി കാണപ്പെട്ടിരുന്നു.
വാതുവെപ്പില്‍ ഏര്‍പ്പെടുന്ന ആര്‍ക്കും 200 രൂപ പിഴയോ മൂന്ന് മാസം തടവോ ലഭിക്കാവുന്ന 1867-ലെ പൊതു ചൂതാട്ട നിയമത്തിന് പകരമായിരുന്നു അത്. ഐപിഎല്‍ വാതുവെപ്പ് കേസില്‍ പൊലീസിന്റെ പ്രവര്‍ത്തനത്തെ കോടതി പ്രശംസിച്ചിരുന്നുവെന്നും പ്രത്യേക സെല്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്ന് ജഡ്ജി പരാമര്‍ശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ നിയമത്തിന്റെ അഭാവത്തില്‍ ശിക്ഷ വിധിക്കാന്‍ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
കേരള ഹൈക്കോടതിയില്‍ നിന്ന് ഇളവ് ലഭിച്ചെങ്കിലും ശ്രീശാന്ത് നിരപരാധിയാണെന്ന് കോടതി പറഞ്ഞിട്ടില്ലെന്നും നീരജ് പറഞ്ഞു. 2020 ലെ സസ്‌പെന്‍ഷന്‍ കാലാവധിക്ക് ശേഷം ശ്രീശാന്ത് കളിക്കളത്തില്‍ തിരിച്ചെത്തിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പ് കേരളത്തിനായി രഞ്ജി ട്രോഫി പോലും കളിച്ചിട്ടുണ്ട്. ശ്രീശാന്ത് ഇപ്പോള്‍ വിവിധ ലെജന്‍ഡ്സ് ലീഗുകളില്‍ കളിക്കുന്നു.
അതേസമയം ശ്രീശാന്തിനെ വെറുതെവിട്ട നടപടി തങ്ങള്‍ ചോദ്യം ചെയ്തിട്ടുണ്ട് എന്നും ആ കേസ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയിലാണ് എന്നും നീരജ് കുമാര്‍ ചൂണ്ടിക്കാട്ടി. കൊവിഡ് കാരണം തുടക്കത്തില്‍ കാര്യമായി മുന്നോട്ട് പോയില്ല. എന്നാല്‍ ഇപ്പോള്‍ കുറച്ച് ഹിയറിംഗുകള്‍ നടന്നിട്ടുണ്ട് വിധി വിപരീതമായാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2000 ലെ ഒത്തുകളില്‍ ഉള്‍പ്പെട്ട മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനെതിരായ കേസ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചില്ല എന്നും നീരജ് കുമാര്‍ കരുതുന്നു. അസ്ഹറുദ്ദീന്‍ കേസ് അതിന്റെ യുക്തിസഹമായ നിഗമനത്തിലെത്താന്‍ അനുവദിച്ചിരുന്നെങ്കില്‍ ചില വലിയ പേരുകള്‍ തുറന്നുകാട്ടപ്പെടുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications