ഫാബ് ഫോറില്‍ ഇനി കോലി മാത്രം; എലൈറ്റ് ഗ്രൂപ്പില്‍ ഇടം നേടി വില്യംസണും
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയതോടെ ന്യൂസിലാന്റ് താരം കെയ്ന്‍ വില്യംസണ്‍ എലൈറ്റ് ഗ്രൂപ്പില്‍. ടെസ്റ്റില്‍ 30 സെഞ്ച്വറി നേടിയവരുടെ പട്ടികയിലാണ് വില്യംസണ്‍ ഇടം നേടിയിരിക്കുന്നത്. 259 പന്തില്‍ 112 റണ്‍സാണ് വില്യംസണ്‍ നേടിയത്. ടെസ്റ്റില്‍ മുപ്പതോ അതില്‍ കൂടുതല്‍ സെഞ്ച്വറികളോ നേടിയ 16-ാമത്തെ താരമാണ് കെയ്ന്‍ വില്യംസണ്‍.
ഇതോടെ സമകാലിക ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍ എന്നറിയപ്പെടുന്നവരില്‍ വിരാട് കോലിക്ക് മാത്രമാണ് 30 ക്ലബില്‍ ഇടം നേടാനാകാത്തത്. വിരാട് കോലിക്ക് നിലവില്‍ 113 മത്സരങ്ങളില്‍ നിന്ന് 29 സെഞ്ച്വറികളാണ് ഉള്ളത്. ഓസീസ് താരം സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് താരം ജോ റൂട്ട് എന്നിവരാണ് ഫാബ് ഫോറിലെ മറ്റ് രണ്ട് താരങ്ങള്‍. സ്റ്റീവ് സ്മിത്തിന് 32 സെഞ്ച്വറികളും ജോ റൂട്ടിന് 30 സെഞ്ച്വറികളും ഉണ്ട്.

ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ ഡൊണാള്‍ഡ് ബ്രാഡ്മാനെയും വിരാട് കോലിയെയും മറികടന്നാണ് വില്യംസണ്‍ എലൈറ്റ് ക്ലബില്‍ എത്തിയത്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മുന്നില്‍. 200 മത്സരങ്ങളില്‍ നിന്ന് 51 സെഞ്ച്വറി അടിച്ചുകൂട്ടിയ സച്ചിന്‍ ഈ ഫോര്‍മാറ്റില്‍ 50 ലധികം സെഞ്ച്വറി നേടിയ ഒരേയൊരു ബാറ്ററായി തുടരുന്നു.
166 മത്സരങ്ങളില്‍ നിന്ന് 45 സെഞ്ചുറികള്‍ നേടിയ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസാണ് സച്ചിന് തൊട്ടുപിന്നില്‍. 168 മത്സരങ്ങളില്‍ നിന്ന് 41 സെഞ്ചുറികളുമായി ഓസീസ് ബാറ്റിംഗ് ഇതിഹാസം റിക്കി പോണ്ടിംഗ് മൂന്നാം സ്ഥാനത്താണ്. ശ്രീലങ്കയുടെ മുന്‍ കീപ്പര്‍-ബാറ്റര്‍ കുമാര്‍ സംഗക്കാര 134 മത്സരങ്ങളില്‍ നിന്ന് 38 സെഞ്ച്വറികളുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്.
ടീം ഇന്ത്യയുടെ നിലവിലെ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് (164 മത്സരങ്ങളില്‍ നിന്ന് 36 സെഞ്ച്വറി) ആണ് അഞ്ചാം സ്ഥാനത്ത്. യൂനിസ് ഖാന്‍ (പാകിസ്ഥാന്‍), സുനില്‍ ഗവാസ്‌കര്‍ (ഇന്ത്യ), ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്), മഹേല ജയവര്‍ധന (ശ്രീലങ്ക) എന്നിവര്‍ക്ക് 34 ടെസ്റ്റ് സെഞ്ചുറികള്‍ വീതമുണ്ട്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിന് 161 ടെസ്റ്റില്‍ നിന്ന് 33 സെഞ്ച്വറികളാണ് ഉള്ളത്.
സ്റ്റീവ് വോയും 168 മത്സരങ്ങളില്‍ നിന്ന് 32 സെഞ്ച്വറി നേടിയിട്ടുണ്ട്. നിലവില്‍, വില്യംസണെ കൂടാതെ മാത്യു ഹെയ്ഡന്‍, ജോ റൂട്ട്, ശിവ്‌നാരൈന്‍ ചന്ദര്‍പോള്‍ എന്നിവരും 30 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്.












Click it and Unblock the Notifications