കയാക്കിങ് കാണണോ കോഴിക്കോട്ടേക്ക് വന്നോളീ, അടിച്ചുകേറി വന്ന് അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ്
കായികപ്രേമികളെ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് നിങ്ങളുടെ പ്രിയപ്പെട്ടതാണോ? എങ്കില്‍ വേഗം കോഴിക്കോട്ടേക്ക് വണ്ടി കയറിക്കോ? കാത്തിരിക്കുന്ന കയാക്കിങ് റിവര്‍ ഫെസ്റ്റിവലാണ്. ജൂലായ് 25 മുതലാണ് റിവര്‍ ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. ഒരേസമയം ടൂറിസവും അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സും സമന്വയിപ്പിച്ചാണ് കോടഞ്ചേരി പഞ്ചായത്തും ടൂറിസം വകുപ്പും ചേര്‍ന്ന് ഇവ സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റാണിതെന്ന് കയാക്കിങ്ങിന്റെയും അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സിന്റെയും ചുമതലയുള്ള സിഇഒ ബിനു കുര്യാക്കോസ് വണ്‍ ഇന്ത്യ മലയാളത്തിനോട് പറഞ്ഞു. ടൂറിസം വകുപ്പുമായി ചേര്‍ന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതും ബിനുവാണ്. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള നിരവധി കയാക്കേഴ്‌സ് കോടഞ്ചേരിയില്‍ വ്യക്തിഗത ഇനത്തിലാണ് മത്സരിക്കുന്നത്.

കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി, കൊടിയത്തൂര്‍, പുതുപ്പാടി, ഓമശ്ശേരി, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമായിട്ടാണ് കയാക്കിങ് സംഘടിപ്പിക്കുന്നത്. പ്രധാനമായും വൈറ്റ് വാട്ടര്‍ കയാക്കിങ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ടൂര്‍ണമെന്റ് നടത്തുന്നത്. ഇത് പത്താമത്തെ എഡിഷനാണ്. അതുകൊണ്ട് ഏറെ പ്രത്യേകതകളുണ്ട്. ഉത്സവ മേളത്തോടെയാണ് ഈ അഡ്വഞ്ചര്‍ സ്‌പോര്‍ട്സ് സംഘടിപ്പിക്കുന്നത്.
ഇത്തവണയും വന്‍ ജനകീയ പങ്കാളിത്തം തന്നെയാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം ഇരുപതില്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര റൈഡര്‍മാരെയും നൂറിലധികം ദേശീയ കയാക്കര്‍മാരെയുമാണ് പ്രതീക്ഷിക്കുന്നതെന്ന് ബിനു കുര്യാക്കോസ് പറഞ്ഞു. അതേസമയം എട്ട് രാഷ്ട്രങ്ങളില്‍ നിന്നുള്ള 11 അന്താരാഷ്ട്ര കയാക്കര്‍മാര്‍ പങ്കാളിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇവരുടെ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
സാഹസികതയ്ക്ക് കോടഞ്ചേരി ബെസ്റ്റാ
ഇരുവഴിഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി കയാക്കിങ് അക്കാദമികള്‍ പരിശീലനവും നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരില്‍ റിവര്‍ റാഫ്റ്റിംഗ് ഉദ്ഘാടനം ചെയ്തത്. ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും മണ്‍സൂണ്‍ കാലം മുഴുവന്‍ റിവര്‍ റാഫ്റ്റിങ്ങ് പൊതുജനങ്ങള്‍ക്കായി ഉണ്ടാവുമെന്ന് പാഡില്‍ മോങ്ക്‌സ് ഡയറക്ടര്‍ വിശ്വാസ് രഥ് അറിയിച്ചു. കോടഞ്ചേരിയില്‍ ജല്ലിഫിഷിന്റെതടക്കം റിവര്‍ റാഫ്റ്റിങ്ങിന് രണ്ട് ടീമായി.

വിദേശ രാജ്യങ്ങളിലും, കുളുവിലും മണാലിയിലുമെല്ലാം കണ്ട റിവര്‍ റാഫ്റ്റിംഗ് ഇനി നമ്മുടെ സ്വന്തം കോഴിക്കോട്ടും കാണാന്‍ സാധിക്കും. ധൈര്യമുള്ള മനസ്സുണ്ടായാല്‍ കിടിലന്‍ എക്‌സ്പീരിയന്‍സ് തന്നെ ഇതിലൂടെ ലഭിക്കും. പക്ഷേ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഉണ്ടാവില്ല. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങളും, സുരക്ഷാ മാനദണ്ഡങ്ങളും നിര്‍ബന്ധമാക്കിയിട്ടുള്ള 31 ഇവന്റുകളില്‍ ഒന്നാണ് റിവര്‍ റാഫ്റ്റിംഗ് എന്ന്് ബിനു കുര്യക്കോസ് വണ്‍ ഇന്ത്യ മലയാളത്തിനോട് സ്ഥിരീകരിച്ചു.
റാഫ്റ്റിനൊപ്പം രണ്ട് കയാക്കേഴ്‌സ് എപ്പോഴും എമര്‍ജന്‍സി സപ്പോര്‍ട്ടായി കൂടെയുണ്ടാവും. എല്ലാ യാത്രക്കാരും ലൈഫ് ജാക്കറ്റും ഹെല്‍മെറ്റും ധരിച്ചിരിക്കണം. ഇവര്‍ക്കൊപ്പം റാഫ്റ്റില്‍ പരിചയസമ്പന്നനായ ഒരു റാഫ്റ്ററുമുണ്ടായിരിക്കും. അതേമസമയം നിരക്കുകളും കുറച്ചിട്ടുണ്ട്. നേരത്തെ രണ്ട് കിലോമീറ്റര്‍ റാഫ്റ്റിംഗിന് 1800 രൂപയായിരുന്നു. ആറ് ടൂറിസ്റ്റുകളെയാണ് ഉള്‍പ്പെടുത്താനാവുക. ഇപ്പോള്‍ അത് 1200 രൂപ മാത്രമാണ്.












Click it and Unblock the Notifications