'അന്ന് രോഹിതിനെ ഇന്ത്യൻ ആരാധകർ തന്നെ അധിക്ഷേപിച്ചു..'; വെളിപ്പെടുത്തലുമായി പ്രവീൺ കുമാർ
ഇന്ത്യൻ ക്രിക്കറ്റിൽ അധികമാർക്കും മറക്കാനാവാത്ത ഒരു താരമാണ് പ്രവീൺ കുമാർ. ഇന്ത്യൻ പേസർമാർ നന്നേ ബുദ്ധിമുട്ടിയിരുന്ന ഒരു കാലത്ത് തന്റെ കൃത്യമായ ലൈനും, ലെങ്തും കൊണ്ട് ബാറ്റർമാരെ വിറപ്പിച്ച, പന്ത് ഏത് വശത്തേക്കും സ്വിങ് ചെയ്യിക്കാൻ കെൽപ്പുള്ള പ്രവീൺ കുമാറിന്റെ ബൗളിംഗ് ആരും മറന്നിട്ടുണ്ടാവില്ല. ഒരു കാലത്ത് സഹീർ ഖാൻ മാത്രമായിരുന്നു ഇന്ത്യയുടെ പേസ് നിരയിലെ ആശ്രയം.
അവിടെക്കായിരുന്നു പ്രവീണിന്റെ വരവ്.വേഗത കുറവാണെങ്കിലും ബാറ്റർമാരെ കറക്കി വീഴ്‌ത്താൻ ശേഷിയുള്ള പന്തുകളായിരുന്നു താരത്തിന്റേത്. നിരവധി മത്സരങ്ങളിൽ പ്രവീൺ കുമാർ തന്റെ മാസ്‌മരിക പ്രകടനം പുറത്തെടുത്ത് ടീമിന് ജയം സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ താരം ജീവിതത്തിലെ അനുഭവങ്ങൾ പങ്കുവച്ച് രംഗത്ത് വരികയാണ്.

ഇന്ത്യയുടെ ക്യാപ്റ്റനും, ഇതിഹാസ ബാറ്റർമാരിൽ ഒരാളുമായ രോഹിത് ശർമ്മയെ കുറിച്ചും താരം സംസാരിക്കുകയുണ്ടായി. 2012 കാലത്ത് രോഹിത് ശർമ്മയ്ക്ക് ഇന്ത്യൻ ആരാധകരിൽ നിന്ന് തന്നെ അപമാനം നേരിടേണ്ടി വന്ന സന്ദർഭവും പ്രവീൺ കുമാർ ഓർത്തെടുക്കുന്നു.
"ഞാൻ ആരുമായും വഴക്കിട്ടിട്ടില്ല. ഞങ്ങൾ മൂവരും, ഞാനും രോഹിത് ശർമ്മയും മനോജ് തിവാരിയും അവിടെ ഉണ്ടായിരുന്നു. ഞങ്ങൾ നെറ്റ്സിൽ ആയിരുന്നു. മെൽബണിൽ ആണെന്ന് കരുതുന്നു. ഞങ്ങളുടെ തന്നെ ആരാധകർ ഞങ്ങളെ അധിക്ഷേപിച്ചു. രോഹിത് ശർമ്മയെ അധിക്ഷേപിക്കുന്ന ഇന്ത്യൻ ആരാധകരായിരുന്നു അവർ. അദ്ദേഹത്തിന്റെ ക്ഷമ നശിച്ചിരുന്നു, അദ്ദേഹം അവർക്ക് നേരെ പ്രതികരിച്ചു, ഞാനും ഒപ്പം ചേർന്നു. ഞങ്ങളെ അധിക്ഷേപിച്ചത് നമ്മുടെ സ്വന്തം ആളുകളാണെന്ന് ഞാൻ നിങ്ങളോട് പറയുന്നു." പ്രവീൺ കുമാർ ലാലൻടോപിന് നൽകിയ ദുരനുഭവം പങ്കുവച്ചു.
ആഭ്യന്തര ക്രിക്കറ്റിൽ കളിച്ചിരുന്ന നാളുകളിൽ നിന്ന് തനിക്ക് അറിയാവുന്ന വിരാട് കോഹ്‌ലിയെക്കുറിച്ചും പ്രവീൺ സംസാരിച്ചു. കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്‌റ്റാർ ബാറ്ററെ വിജയിപ്പിക്കുന്ന ഘട്ടങ്ങൾ എന്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
"മഹാനായ മനുഷ്യൻ. റൺസ് സ്‌കോർ ചെയ്യാൻ അവനറിയാം. അതുകൊണ്ടാണ് അവൻ ഇത്രയും ഉയരങ്ങളിൽ എത്തിയിരിക്കുന്നത്. അവന്റെ ശാരീരികമായ കഠിനാധ്വാനം, ശരിയായ ഭക്ഷണക്രമം-അവനത് നന്നായി അറിയാം. അവൻ എന്റെ ഇളയ സഹോദരനാണ്" പ്രവീൺ കൂട്ടിച്ചേർത്തു.
ഗംഭീറിനെ കുറിച്ച് ചോദിച്ചപ്പോഴും അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു. "അദ്ദേഹം മുതിർന്നതാണ്, അദ്ദേഹം എന്റെ ചേട്ടനെ പോലെയാണ്" പ്രവീൺ മറുപടി പറഞ്ഞു. കോഹ്‌ലിയും ഗംഭീറും തമ്മിലുള്ള ഗ്രൗണ്ടിലെ വാക്കേറ്റത്തെക്കുറിച്ച് പരാമർശിച്ചെങ്കിലും പ്രവീൺ ചോദ്യത്തോട് പെട്ടെന്ന് പ്രതികരിക്കുകയും വിഷയത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്‌തു. "ചേട്ടൻ ഇളയവനെ ശകാരിക്കുന്നതിൽ പ്രത്യേകിച്ച് കാര്യമില്ല. മൂത്തയാളാണ്, അവനെ ശാസിക്കാം." പ്രവീൺ വ്യക്തമാക്കി.












Click it and Unblock the Notifications