വിമര്‍ശകരൊക്കെ ഒന്നങ്ങോട്ട് മാറിക്കോ? സംഹാര താണ്ഡവമാടി സഞ്ജു സാംസണ്‍; ഒരോവറില്‍ പറത്തിയത് 5 സിക്‌സ്
ഹൈദരാബാദ്: സ്ഥിരതയില്ല, അവസരം മുതലാക്കുന്നില്ല എന്നുള്ള വിമര്‍ശനങ്ങളൊക്കെ മാറ്റിവെക്കാം. സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി തന്റെ പ്രതിഭ തെളിയിച്ചിരിക്കുകയാണ്. ടി20 ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറിയാണ് ഹൈദരാബാദ് സ്റ്റേഡിയത്തില്‍ സഞ്ജു സാംസണ്‍ കുറിച്ചത്. 47 പന്തില്‍ 111 റണ്‍സാണ് സഞ്ജു കുറിച്ചത്.
ഇന്ത്യ നിശ്ചിത ഇരുപതോറവറില്‍ സഞ്ജുവിന്റെ കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് അടിച്ചത്. ടെസ്റ്റ് കളിക്കുന്ന ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യന്‍ ടീം ടി20യില്‍ കുറിച്ചിരിക്കുന്നത്. സഞ്ജു സാംസണിനൊപ്പം സൂര്യകുമാര്‍ യാദവും തകര്‍ത്താടിയാണ് ഇത്ര വലിയ സ്‌കോറിലെത്തിയത്.

സഞ്ജുവിനെ മൂന്നാം ടി20യില്‍ കളിപ്പിക്കില്ല എന്ന് വരെ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെ നിന്നാണ് താരം ഇന്നത്തെ സൂപ്പര്‍ താരമായിരിക്കുന്നത്. 40 പന്തിലായിരുന്നു സഞ്ജു സെഞ്ച്വറി കുറിച്ചത്. ബംഗ്ലാദേശിനെതിരെ ടി20 പരമ്പര നേരത്തെ തന്നെ ഇന്ത്യ സ്വന്തമാക്കിയതാണ്. എന്നാല്‍ അവസാന മത്സരത്തില്‍ സഞ്ജുവും ഇന്ത്യന്‍ ടീമും താണ്ഡവമാടുകയായിരുന്നു.
മത്സരത്തില്‍ 25 ഫോറുകളും 22 സിക്‌സറുകളുമാണ് പിറന്നത്. പതിയെ തുടങ്ങിയ ശേഷം സഞ്ജു പിന്നീട് കത്തിക്കയറുകയായിരുന്നു. സ്‌ട്രെയിറ്റ് ബൗണ്ടറിയടിച്ചാണ് സഞ്ജു സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള പരമ്പരയില്‍ തന്റെ ആദ്യ ഏകദിന സെഞ്ച്വറിയും സഞ്ജു നേടിയിരുന്നു.
ഒരോവറില്‍ അഞ്ച് സിക്‌സറുകളും മത്സരത്തില്‍ സഞ്ജു പറത്തി. ടി20യില്‍ തന്റെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് സഞ്ജു കുറിച്ചത്. 47 പന്തില്‍ 117 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ബംഗ്ലാദേശ് സ്പിന്നര്‍ റിഷാദ് ഹുസൈന്റെ ഒരോവറിലെ അഞ്ച് പന്തുകളാണ് സഞ്ജു സിക്‌സറിന് പറത്തിയത്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ പത്താം ഓവറിലായിരുന്നു ഈ വെടിക്കെട്ട് അരങ്ങേറിയത്.
14ാം ഓവറില്‍ മുസ്തഫിസുറിന്റെ പന്തിലാണ് സഞ്ജു പുറത്താവുന്നത്. ആദ്യ 10 പന്തില്‍ 20 റണ്‍സ് എന്ന നിലയിലായിരുന്നു സഞ്ജു. സൂര്യകുമാര്‍ യാദവ് ഒപ്പമെത്തിയതോടെ താരം ഗിയര്‍ മാറ്റുകയായിരുന്നു. ബംഗ്ലാദേശിന്റെ പേസര്‍മാരെയും അതുപോലെ സ്പിന്നര്‍മാരെയും ഒരുപോലെ സഞ്ജു നേരിടുകയും ചെയ്തു.
ടോസ് നേടിയ സൂര്യകുമാര്‍ യാദവ് മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മത്സരത്തില്‍ ജയിച്ചാല്‍ പരമ്പര തൂത്തുവാരാന്‍ ഇന്ത്യക്ക് സാധിക്കും. നേരത്തെ 2-0ന് ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ബംഗ്ലാദേശി ഓള്‍റൗണ്ടര്‍ മഹമ്മൂദുള്ളയുടെ അവസാന ടി20 മത്സരം കൂടിയാണിത്. 22 പന്തിലാണ് സഞ്ജു തന്റെ അര്‍ധ സെഞ്ച്വറി കുറിച്ചത്. എന്നാല്‍ അതിലും വേഗത്തിലായിരുന്നു സഞ്ജു സെഞ്ച്വറി തികച്ചത്. പിന്നീടുള്ള 50 റണ്‍സെടുക്കാന്‍ വെറും 18 പന്തുകളാണ് താരം എടുത്തത്.
തസ്‌കിന്‍ അഹമ്മദിന്റെ ഒരോവറില്‍ നാല് ബൗണ്ടറിയും സഞ്ജു അടിച്ചു. 9 ബൗണ്ടറിയും 8 സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി. 35 പന്തില്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയുടെ പേരിലാണ് ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയുടെ റെക്കോര്‍ഡുള്ളത്. 45 പന്തില്‍ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവിനെ മറികടക്കാനും സഞ്ജുവിനായി.












Click it and Unblock the Notifications