സഞ്ജുവിന്റെ ഭാവി തീരുമാനമായോ ? സൂര്യകുമാറിനെ കൈവിടാതെ ബിസിസിഐ, ആ കടുത്ത തീരുമാനം പ്രഖ്യാപിച്ചു
ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനം നേരിടുന്ന സൂര്യകുമാർ യാദവിന് കൂടുതൽ അവസരങ്ങൾ നൽകി ബിസിസിഐ. ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ സൂര്യകുമാർ യാദവ് ടീമിനെ നയിക്കും. ലോകകപ്പ്, ഏഷ്യാ കപ്പ് തുടങ്ങിയ വൻ ടൂർണമെന്റുകളിൽ നിന്ന് മാറ്റി നിർത്തിയ സഞ്ജു സാംസണ് ഇക്കുറിയും അവസരം നൽകാൻ ബിസിസിഐ തയ്യാറായില്ല.
ലോകകപ്പ് ഫൈനൽ ഉൾപ്പെടെയുള്ള നിർണായക ഘട്ടങ്ങളിൽ മികവ് തെളിയാക്കാതെ പോയ സൂര്യകുമാർ യാദവിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ വിമർശനം ശക്തമായിരുന്നു. സൂര്യകുമാറിന് പകരം സഞ്ജുവിനെ ടീമിൽ എടുക്കണമെന്ന് ആരാധകർ മുറവിളി കൂട്ടുകയും ചെയ്‌തിരുന്നു. ഇതിനിടയിലാണ് ടി20 ടീമിന്റെ ക്യാപ്റ്റനായുള്ള സൂര്യയുടെ നിയമനം.

അതേസമയം, ടി20 ക്രിക്കറ്റിൽ നിലവിലെ ലോക ഒന്നാം നമ്പർ ബാറ്ററാണ് സൂര്യകുമാർ യാദവ്. അതിനാലാണ് താരത്തെ ഈ ഫോർമാറ്റിൽ ടീമിൽ ഉൾപ്പെടുത്തിയതെന്നാണ് ഒരുവിഭാഗം ആരാധകരുടെ അഭിപ്രായം. സഞ്ജുവിനെ പുറത്തിരുത്താനുള്ള കാരണമായി പറയുന്നതാവട്ടെ താരത്തിന്റെ ടി20യിലെ സ്ഥിരത ഇല്ലായ്‌മയാണ്.
എന്നാൽ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ ബിസിസിഐ ഈ പതിവ് തെറ്റിച്ചു. ഏകദിനത്തിൽ കൂടുതൽ റെക്കോർഡുണ്ടായിരുന്ന, കണക്കുകളിൽ വ്യക്തമായ മുൻതൂക്കം ഉണ്ടായിരുന്ന സഞ്ജുവിനെ മാറ്റി നിർത്തിയാണ് സൂര്യയെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നിട്ടും വിചാരിച്ച പ്രകടനം നടത്താൻ സൂര്യകുമാറിന് കഴിഞ്ഞില്ല.
ലോകകപ്പ് ഫൈനലിൽ ഇന്ത്യ തകർച്ച നേരിടുന്ന ഘട്ടത്തിലാണ് സൂര്യകുമാർ ക്രീസിലെത്തിയത്. എന്നാൽ താരത്തിന് വേണ്ട രീതിയിൽ ഇന്നിംഗ്‌സ് ബിൽഡ് ചെയ്യാൻ കഴിഞ്ഞില്ല. ഫിനിഷർ റോളിൽ കളിക്കുന്ന സൂര്യകുമാർ സ്കോറിംഗ് വേഗത ഉയർത്തുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാൽ 28 പന്തിൽ വെറും 18 റൺസെടുത്ത താരം ഒരു ബൗണ്ടറി മാത്രമാണ് നേടിയത്.
ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. തുടർന്ന് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്ത നടപടി ചൂണ്ടിക്കാട്ടി ആരാധകർ സമൂഹ മാധ്യമങ്ങളിൽ വിമർശനം ആരംഭിക്കുകയും ചെയ്‌തു. സൂര്യയേക്കാൾ ശരാശരിയും, സ്ട്രൈക്ക് റേറ്റും ഉണ്ടായിരുന്നിട്ടും സഞ്ജുവിനെ തഴഞ്ഞതെന്തിനായിരുന്നു എന്നാണ് ആരാധകരുടെ ചോദ്യം.
നിലവിലെ സാഹചര്യത്തിൽ ഋഷഭ് പന്ത് മടങ്ങി വരാൻ വൈകുമെന്ന് ഉറപ്പായ സ്ഥിതിക്ക് സഞ്ജു സാംസണും, ഇഷാൻ കിഷനും ടീമിലെ സ്ഥാനത്തിന് വേണ്ടി പോരാടും എന്നാണ് കരുതുന്നത്.
എന്നാൽ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ ഇഷാൻ കിഷനാണ് പ്രധാന വിക്കറ്റ് കീപ്പർ. രണ്ടാം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമ്മയെ ഉൾപ്പെടുത്തിയപ്പോൾ സഞ്ജുവിനെ പരിഗണിച്ചില്ല. ഇതോടെ സഞ്ജുവിന്റെ ഭാവി എന്താണെന്ന ചോദ്യമാണ് ഉയരുന്നത്.












Click it and Unblock the Notifications