ദ്രാവിഡിന്റെ ഉപദേശത്തിനും പുല്ലുവില.. ഇഷന്‍ കിഷന്റെ ഉള്ളിലിരിപ്പ് എന്ത്? സഞ്ജുവിന് വഴി തെളിയുമോ?
യുവതാരം ഇഷന്‍ കിഷന്റെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഭാവി അനിശ്ചിതത്വത്തില്‍ തുടരുന്നു. ഓസ്ട്രേലിയക്കെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങള്‍ക്ക് ശേഷം ഇഷാന്‍ കിഷന്‍ ടീമില്‍ ഇടം നേടിയിട്ടില്ല. ഇടവേള വേണം എന്ന് സ്വയം ആവശ്യപ്പെട്ടത് പ്രകാരം ഇഷന്‍ കിഷന്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ജാര്‍ഖണ്ഡിന്റെ ഇപ്പോള്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങളും അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്.
മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇഷന്‍ കിഷനോട് രഞ്ജി ട്രോഫി മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ദ്രാവിഡിന്റെ ഉപദേശങ്ങള്‍ അവഗണിച്ച് ഇഷന്‍ കിഷന്‍ ഇപ്പോള്‍ സ്വതന്ത്രമായി പരിശീലിക്കുകയാണ്. നിലവില്‍ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറായുള്ള കെഎസ് ഭരതിന്റെ മോശം ഫോമിന്റെ പശ്ചാത്തലത്തില്‍ ടീമിലേക്ക് തിരിച്ചെത്താനുള്ള സുവര്‍ണാവസരമായിരുന്നു ഇത്.

അതേസമയം ഇഷന്‍ കിഷനുമായി അച്ചടക്ക പ്രശ്നങ്ങളൊന്നുമില്ലെന്നാണ് രാഹുല്‍ ദ്രാവിഡ് ഉറപ്പുനല്‍കുന്നത്. എന്നാല്‍ ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. ചിലര്‍ താരത്തിന്റെ മാനസിക തളര്‍ച്ചയെ സംശയിക്കുന്നു. മറ്റുചിലര്‍ ഇഷാന്‍ കിഷന്റെ ഫ്രാഞ്ചൈസി ക്രിക്കറ്റിന് മുന്‍ഗണന നല്‍കുന്നുണ്ടോ എന്ന് സംശയിക്കുന്നു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ പരിക്ക് മാറി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയതോടെ ഇഷന്‍ കിഷന് ടീമില്‍ സ്ഥാനം നഷ്ടമായിരുന്നു.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇഷന്‍ കിഷന് പകരം ജിതേഷ് ശര്‍മ്മയെ ടീമിലെടുത്തിരുന്നു. ഇതെല്ലാം താരത്തെ ചൊടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. ടീമില്‍ സ്ഥിരം സ്ഥാനം നേടാനാകുന്നില്ല എന്നതാണ് ഇഷന്‍ കിഷന്‍ നേരിടുന്ന വെല്ലുവിളി. നിലവില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കൊപ്പം സ്വകാര്യമായി പരിശീലനം നടത്തുകയാണ് ഇഷന്‍ കിഷന്‍. ടി 20 ലോകകപ്പ് സെലക്ഷനില്‍ നിര്‍ണായകമായ ആഭ്യന്തര ക്രിക്കറ്റിനോടുള്ള താരത്തിന്റെ അവഗണനയില്‍ സെലക്ടര്‍മാര്‍ അതൃപ്തരാണ്.
അതിനാല്‍ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ജിതേഷ് ശര്‍മ്മയോ സഞ്ജു സാംസണോ തിരഞ്ഞെടുക്കപ്പെട്ടേക്കാം. പരിശീലകന്റേയും ബി സി സി ഐയുടേയും നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നതിലൂടെ കിഷന്‍ തന്റെ അവസരങ്ങളെ അപകടത്തിലാക്കിയേക്കാം. ഇന്ത്യക്കായി രണ്ട് ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള ഇഷന്‍ കിഷന്‍ ഒരു അര്‍ധ സെഞ്ച്വറി അടക്കം 78 റണ്‍സാണ് നേടിയിട്ടുള്ളത്.
27 ഏകദിനത്തില്‍ നിന്ന് ഒരു ഡബിള്‍ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും അടക്കം 933 റണ്‍സ് നേടിയിട്ടുണ്ട്. 32 ടി 20 യില്‍ നിന്ന് ആറ് അര്‍ധസെഞ്ച്വറികളോട് 796 റണ്‍സും നേടിയിട്ടുണ്ട്. 91 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 15 അര്‍ധ സെഞ്ച്വറികളോടെ 2324 റണ്‍സാണ് സമ്പാദ്യം.












Click it and Unblock the Notifications