ജോഹന്നാസ്ബർഗിലെ കണ്ണീരിന് പകരം ചോദിക്കാൻ ഇന്ത്യ; ഇരുപത് വർഷത്തിന് ശേഷം ഫൈനലിൽ മുഖാമുഖം
ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഓസീസ് ഫൈനലിന് യോഗ്യത നേടിയതോടെ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനലിനാണ് കളമൊരുങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസ്‌ട്രേലിയ പിന്നീട് ലോകകപ്പിലെ തങ്ങളുടെ അപ്രമാദിത്തം ഊട്ടിയുറപ്പിക്കുന്ന പ്രകടനവുമായാണ് തിരിച്ചെത്തിയത്. ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം ഓസീസിനെതിരെ ആയിരുന്നു എന്നതാണ് കൗതുകം.
ഇപ്പോഴിതാ ടൂർണമെന്റിലെ അവസാന മത്സരവും അവർക്കെതിരെ ആയത് ഒരുപക്ഷെ യാദൃശ്ചികമായിരിക്കാം. ലോകകപ്പിൽ തോൽവി അറിയാതെ വന്ന രോഹിത്തിനും കൂട്ടർക്കും പക്ഷേ കാര്യങ്ങൾ എളുപ്പമാവില്ല എന്നുറപ്പാണ്. കാരണം നാല് വർഷം മുഴുവൻ മോശം പ്രകടനം കാഴ്‌ചവെച്ചാലും ലോകകപ്പ് വേദിയിലെത്തുമ്പോൾ അങ്ങേയറ്റം പോരാട്ടവീര്യം പുറത്തെടുക്കുന്ന ടീമാണ് ഓസീസ്.

കൂടാതെ ലോകകപ്പുകളിൽ പ്രകടനങ്ങളിൽ അവരെ വെല്ലാൻ മറ്റൊരു ടീമില്ല. അഞ്ച് തവണയാണ് കംഗാരുക്കൾ വിശ്വകിരീടത്തിൽ മുത്തമിട്ടത്. അതിൽ ഒരെണ്ണം ഇന്ത്യയെ തകർത്തായിരുന്നു. നവംബർ 19 ഞായറാഴ്‌ച അഹമ്മദാബാദിൽ ഫൈനലിന് വേണ്ടി ഒരുങ്ങുമ്പോൾ ഇന്ത്യയെ വേട്ടയാടുന്നതും ആ തോൽവിയാണു. 2003 ലോകകപ്പിൽ ഇന്ത്യയുടെ കണ്ണീര് വീഴ്ത്തിയാണ് ഓസീസ് കിരീടം കൈക്കലാക്കിയത്.
ജൊഹന്നാസ്ബർഗിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ റിക്കി പോണ്ടിങ്ങിന്റെ തകർപ്പൻ സെഞ്ചുറിയുടെ ബലത്തിൽ കൂറ്റൻ സ്‌കോർ പടുത്തുയർത്തി. കേവലം രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 359 റൺസാണ് അവർ സ്‌കോർ ബോർഡിൽ ചേർത്തത്. മറുപടി ബാറ്റിങിന് ഇറങ്ങിയ പക്ഷേ ഇന്ത്യയ്ക്ക് മാമ്മത്ത് ലക്ഷ്യത്തിന് മുൻപിൽ അടിപതറി.
ഒടുവിൽ ഇന്ത്യ 39.2 ഓവറിൽ ലക്ഷ്യത്തിന് 125 റൺസ് അകലെ വീണപ്പോൾ വീരേന്ദർ സെവാഗിന്റെ അത്യുഗ്രൻ ഇന്നിംഗ്‌സ് കാണികൾക്ക് നൊമ്പരമായി. സെവാഗ് റണ്ണൗട്ടാവും വരെ ഇന്ത്യയ്ക്ക് ജയ പ്രതീക്ഷ ഉണ്ടായിരുന്നു എന്നതാണ് വാസ്‌തവം. അന്ന് ഓസീസ് തങ്ങളുടെ മൂന്നാം ലോക കിരീടം നേടി ചരിത്രം സൃഷ്‌ടിച്ചപ്പോൾ ഇന്ത്യയ്ക്ക് കണ്ണീരോടെ മടങ്ങാനായിരുന്നു വിധി.
കൃത്യം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു ലോകകപ്പ് ഫൈനലിൽ ഇന്ത്യയും ഓസ്‌ട്രേലിയയും പരസ്‌പരം ഏറ്റുമുട്ടുമ്പോൾ ആ ചരിത്രം തിരുത്തിയെഴുതാനാവും രോഹിതിന്റെയും കൂട്ടരുടെയും ശ്രമം. ഒരുപരിധി വരെ അവസാന ലോകകപ്പ് കളിക്കുന്നവരാണ് രോഹിതും, കോഹ്ലിയും എന്നതിനാൽ തന്നെ പുതിയ കാലത്തെ ഇതിഹാസങ്ങൾക്ക് അർഹമായ യാത്രയയപ്പ് നൽകാൻ ടീം ഒന്നായി അണിചേരുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications