ഷമി ഭായ് പൊളിയാണ്, കിവീസിന്റെ കണക്കുപുസ്തകം അടച്ച് ഇന്ത്യ ഫൈനലില്‍, 70 റണ്‍സിന്റെ കൂറ്റന്‍ വിജയം
മുംബൈ: ലോകകപ്പിലെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. 2011ന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ ഫൈനലാണിത്. കിവീസിനെ 70 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 398 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് മികവുറ്റ പോരാട്ടമാണ് നടത്തിയത്. എന്നാല്‍ ടീമിന് വിചാരിച്ചത് പോലെയുള്ള തുടക്കമായിരുന്നില്ല ലഭിച്ചത്. ഡെവണ്‍ കോണ്‍വേ(13) രചിന്‍ രവീന്ദ്ര(13) എന്നിവരെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് ബ്രേക് ത്രൂ സമ്മാനിച്ചത്.
രണ്ട് ഓപ്പണര്‍മാരും ഇന്ത്യയുടെ ബൗളിംഗിനെ കൃത്യമായി നേരിടാനാവാതെ സമ്മര്‍ദത്തിലാവുകയായിരുന്നു. എന്നാല്‍ ഡാരില്‍ മിച്ചല്‍(134) കെയിന്‍ വില്യംസണ്‍(69) എന്നിവരുടെ പ്രകടനത്തില്‍ തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ ഇവര്‍ കടന്നാക്രമിച്ചപ്പോള്‍ മത്സരം കൈവിട്ടെന്ന് കരുതിയിരുന്നു. രണ്ടിന് 39 എന്ന നിലയില്‍ ടീമിനെ മുന്നോട്ട് നയിച്ച ഇവര്‍ 181 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. മിച്ചലായിരുന്നു കൂടുതല്‍ അപകടകാരി. 119 പന്തില്‍ ഏഴ് സിക്‌സറും, ഒന്‍പത് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്‌സ്.

വില്യംസണിന്റെ ഇന്നിംഗ്‌സില്‍ എട്ട് ബൗണ്ടറിയും ഒരു സിക്‌സറുമുണ്ടായിരുന്നു. ടോം ലാഥം(0) വില്യംസണ്‍ എന്നിവര്‍ ഒരോവറില്‍ പുറത്തായതോടെ കിവീസ് അനാവശ്യ സമ്മര്‍ദത്തിലേക്ക് വീഴുകയായിരുന്നു. ഗ്ലെന്‍ ഫിലിപ്പ്‌സ്(41) പൊരുതി നോക്കിയിരുന്നു. നാല് ഫോറും രണ്ട് സിക്‌സറും താരം അടിച്ചു. എന്നാല്‍ പിന്നീട് വന്നവരെല്ലാം നിരാശപ്പെടുത്തി. മിച്ചല്‍ പുറത്തായതോടെ കളി കിവീസ് കൈവിടുകയായിരുന്നു. ഏഴ് വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് ഈ വിജയം സമ്മാനിച്ചത്. ബുംറ, സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ വിരാട് കോലിയുടെയും, ശ്രേയസ് അയ്യരുടെയും സെഞ്ച്വറികളാണ് ഇന്ത്യയെ ഇത്ര വലിയ സ്‌കോറിലേക്ക് നയിച്ചത്. ടോസ് നേടിയ ഇന്ത്യ രണ്ടാമതൊന്ന് ആലോചിക്കാതെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ(47)യുടെ വെടിക്കെട്ടോടെയായിരുന്നു തുടക്കം. കിവീസ് ബൗളര്‍മാരെ കടന്നാക്രമിച്ച രോഹിത് അതിവേഗമാണ് സ്‌കോര്‍. 29 പന്തില്‍ 4 ബൗണ്ടറിയും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. ശുഭ്മാന്‍ ഗില്‍ ഒപ്പം മികച്ച പിന്തുണ നല്‍കി. 8.2 ഓവറില്‍ 71 റണ്‍സായിരുന്നു രോഹിത് പുറത്താവുമ്പോള്‍ ഇന്ത്യക്കുണ്ടായിരുന്നത്.
രോഹിത് പുറത്തായ ശേഷമായിരുന്നു വിരാട് കോലിയുടെ ഷോ(117) കരിയറിലെ 50ാം സെഞ്ച്വറിയാണ് വിരാട് കുറിച്ചത്. പതിയെ ഇന്നിംഗ്‌സ് ആരംഭിച്ച ശേഷം അതിവേഗം സ്‌കോര്‍ ചെയ്താണ് കോലി സെഞ്ച്വറിയിലേക്ക് കുതിച്ചത്. വാംഖഡെ കാത്തിരുന്ന സെഞ്ച്വറിയാണ് വിരാട് സമ്മാനിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന നേട്ടമാണ് വിരാട് മറികടന്നത്. 113 പന്തില്‍ 9 ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.
അതേസമയം ഇടയ്ക്ക് ശുഭ്മാന്‍ ഗില്‍(80) പരിക്കേറ്റ് മടങ്ങിയതോടെയാണ് ശ്രേയസ് അയ്യര്‍ എത്തിയത്. വെടിക്കെട്ടായിരുന്നു പിന്നീട് നടന്നത്. 70 പന്തില്‍ എട്ട് സിക്‌സറും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിംഗ്‌സ്. അയ്യരും സൂര്യകുമാര്‍ യാദവും പുറത്തായ ശേഷം ഗില്‍ ക്രീസില്‍ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ 20 പന്തില്‍ 39 റണ്‍സടിച്ച കെഎല്‍ രാഹുലായിരുന്നു ഇന്നിംഗ്‌സ് ഫിനിഷ് ചെയ്തത്. അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും താരം അടിച്ചു. കിവീസ് ബൗളര്‍മാര്‍ ടിം സൗത്തി മൂന്ന് വിക്കറ്റെടുത്തു. എന്നാല്‍ നൂറ് റണ്‍സാണ് പത്തോവറില്‍ വഴങ്ങി. ശേഷിച്ച വിക്കറ്റ് ട്രെന്‍ഡ് ബൂള്‍ട്ടിനാണ്. 86 റണ്‍സ് താരം വഴങ്ങി.












Click it and Unblock the Notifications