ലോകകപ്പ് 2023: ഗില്ലിന്റെ ആരോഗ്യനിലയെക്കുറിച്ച് ദ്രാവിഡ് പറഞ്ഞത് കേട്ടോ!? ആരാധകര്‍ ആശങ്കയില്‍
ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 ല്‍ നാളെ ഇന്ത്യ ആദ്യ പോരാട്ടത്തിന് ഇറങ്ങുകയാണ്. അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. സൂപ്പര്‍ സണ്‍ഡേ പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരത്തില്‍ ഇന്ത്യ പക്ഷെ ഇപ്പോള്‍ പ്രതിരോധത്തിലാണ്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ അനാരോഗ്യമാണ് ഇന്ത്യയെ വലട്ടുന്നത്. താരത്തിന് കടുത്ത പനി ബാധിച്ചതിനാല്‍ കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല.
ശുഭ്മാന്‍ ഗില്ലിന് ഡെങ്കിപ്പനിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ നാളെ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായേക്കില്ല എന്നത് ഏറെക്കുറെ ഉറപ്പാണ്. എന്നാല്‍ ടീം വൃത്തങ്ങള്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഇതുവരെ നല്‍കിയിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പത്രസമ്മേളനത്തിനിടെ പറഞ്ഞ വാക്കുകളാണ് ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റുന്നത്.

നാളെ ഓസീസിനെതിരായ മത്സരത്തിന് ശുഭ്മാന്‍ ഗില്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമോ എന്നത് രാഹുല്‍ ദ്രാവിഡ് സ്ഥിരീകരിക്കുന്നില്ല എന്നതാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. എന്നാല്‍ ഗില്ലിന്റെ സാധ്യതയും അദ്ദേഹം പൂര്‍ണമായി തള്ളിക്കളയുന്നില്ല. ഗില്‍ ഇന്ന് അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ ടീം ദിവസേന അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട് എന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
'നമുക്ക് മുന്നില്‍ 36 മണിക്കൂര്‍ സമയമുണ്ട്. മെഡിക്കല്‍ ടീം എന്ത് തീരുമാനമാണ് എടുക്കുന്നതെന്ന് നമുക്ക് നോക്കാം. ഇന്നും നാളേയും അദ്ദേഹത്തിന്റെ നില എങ്ങനെയാണെന്ന് വിലയിരുത്തും. മെഡിക്കല്‍ ടീം ഇതുവരെ അവനെ ഒഴിവാക്കിയിട്ടില്ല,' രാഹുല്‍ ദ്രാവിഡ് പറഞ്ഞു. അതേസമയം ഓസ്‌ട്രേലിയ്‌ക്കെതിരെ മാത്രമല്ല ലോകകപ്പ് തന്നെ ശുഭ്മാന്‍ ഗില്ലിന് നഷ്ടമായേക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
ഡെങ്കിപ്പനിക്ക് രണ്ടാഴ്ച വരെ വിശ്രമം വേണമെന്നിരിക്കെ പ്രാഥമിക റൗണ്ടിലെ പ്രധാന മത്സരങ്ങളില്‍ ശുഭ്മാന്‍ ഗില്‍ പുറത്തിരിക്കേണ്ടി വന്നാല്‍ ഇന്ത്യയുടെ മുന്നോട്ട് പോക്കിനെ സാരമായി ബാധിക്കും. സമീപ വര്‍ഷങ്ങളില്‍ ഏകദിനത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ശുഭ്മാന്‍ ഗില്‍ കാഴ്ച വെക്കുന്നത്. ഈ വര്‍ഷം ഗില്‍ 20 മത്സരങ്ങളില്‍ നിന്ന് 72.35 ശരാശരിയില്‍ 1230 റണ്‍സ് നേടിയിട്ടുണ്ട്.
വിരാട് കോഹ്ലിക്കും രോഹിത് ശര്‍മ്മക്കുമൊപ്പം ഇന്ത്യയുടെ ബാറ്റിംഗ് പ്രതീക്ഷകളത്രയും ശുഭ്മാന്‍ ഗില്ലിലാണ്. കഴിഞ്ഞ മാസത്തെ ഏഷ്യാ കപ്പില്‍ ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 302 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ ആണ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായത്. ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധസെഞ്ചുറികളും ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കിയിരുന്നു. അതേസമയം ഗില്ലിന് പകരം നാളെ ഇഷന്‍ കിഷനായിരിക്കും രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.












Click it and Unblock the Notifications