ഈഡനില്‍ ജഡേജയുടെ കറക്കിയേറ്, ചേസിംഗില്‍ ദക്ഷിണാഫ്രിക്കയുടെ കഥ കഴിഞ്ഞു; ഇന്ത്യക്ക് 243 റണ്‍സ് ജയം
കൊല്‍ക്കത്ത: ലോകകപ്പിലെ ഏറ്റവും നിര്‍ണായകമായ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി ഇന്ത്യ. 243 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ 327 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 83 റണ്‍സിനാണ് പുറത്തായത്. ക്രിക്കറ്റിന്റെ പറുദീസയായ ഈഡന്‍ ഗാര്‍ഡനില്‍ സമ്പൂര്‍ണ ഇന്ത്യന്‍ ആധിപത്യമാണ്. ബാറ്റിംഗിലും, ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരുപോലെ ഇന്ത്യ തിളങ്ങി.
ഇതോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. അവസാന മത്സരം തോറ്റാലും ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമാവില്ല. ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം വിജയമാണിത്. നേരത്തെ തന്നെ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയും സെമി ഉറപ്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഒരു താരത്തിന് പേരിനൊത്ത പ്രകടനം കാഴ്ച്ചവെക്കാനായില്ല. ക്വിന്റണ്‍ ഡികോക്ക്(5) പുറത്തായത് മുതല്‍ പ്രോട്ടീസ് തകര്‍ന്ന് തുടങ്ങിയിരുന്നു.

ടെമ്പ ബാവുമ(11) റാസി വാന്‍ഡര്‍ ഡസ്സന്‍(13) എയ്ഡന്‍ മാക്രം(9) ക്ലാസന്‍(1) ഡേവിഡ് മില്ലര്‍(11) എന്നിങ്ങനെ ഫോമിലുള്ള താരങ്ങളെല്ലാം ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പരാജയപ്പെട്ടു. രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടുന്നതില്‍ ഒരു താരം പോലും മികവ് കാണിച്ചില്ല. ജഡേജയും കുല്‍ദീപ് യാദവും ചേര്‍ന്നുള്ള സ്പിന്‍ സഖ്യം ഏഴ് വിക്കറ്റുകളാണ് എടുത്തത്. മുഹമ്മദ് ഷമിക്ക് രണ്ടും മുഹമ്മദ് സിറാജിന് ശേഷിച്ച ഒരു വിക്കറ്റും ലഭിച്ചു.
നേരത്തെ തന്റെ 49ാം സെഞ്ച്വറി കുറിച്ചിരുന്നു വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 സെഞ്ച്വറിയെന്ന നേട്ടത്തിന് ഒപ്പമെത്തിയിരിക്കുകയാണ് താരം. ഏറ്റവും ഗംഭീരമായ ഇന്നിംഗ്‌സാണ് കോലി കാഴ്ച്ചവെച്ചിരിക്കുന്നത്. 121 പന്ത് നേരിട്ട കോലി 101 റണ്‍സുമായി മത്സരത്തില്‍ പുറത്താവാതെ നിന്നു. പത്ത് ബൗണ്ടറിയും കോലിയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.
നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചില്ല. ആദ്യം ബാറ്റ് ചെയ്യുന്നവര്‍ കൂടുതല്‍ ജയിച്ച ചരിത്രമാണ് ഈഡന്‍ ഗാര്‍ഡന്‍സിലുള്ളത്. വെടിക്കെട്ടോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. രോഹിത് ശര്‍മ(40)യായിരുന്നു തുടക്കമിട്ടത്. 24 പന്തില്‍ ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ച് രോഹിത് മടങ്ങുമ്പോള്‍ 5.5 ഓവറില്‍ 62 റണ്‍സ് എത്തിയിരുന്നു.
അധികം വൈകാതെ(23) ശുഭ്മാന്‍ ഗില്ലും മടങ്ങി. നാല് ബൗണ്ടറിയും ഒരു സിക്‌സറും താരം അടിച്ചിരുന്നു. ഗില്‍ മടങ്ങുമ്പോള്‍ ഇന്ത്യ നല്ല നിലയിലായിരുന്നു. പിന്നീടാണ് വിരാട് കോലിയും ശ്രേയസ് ഒത്തുച്ചേര്‍ന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ശ്രേയസ് 87 പന്തില്‍ 77 റണ്‍സടിച്ചു. കോലിയും ശ്രേയസും പതിയെയാണ് തുടങ്ങിയത്. പിന്നീട് മത്സരത്തിന്റെ ഗിയര്‍ മാറ്റുകയായിരുന്നു. അയ്യര്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ചു.
തുടക്കത്തിലെ സ്‌കോറിംഗ് നോക്കുമ്പോള്‍ ഇന്ത്യ 400 റണ്‍സ് നേടുമെന്ന് കരുതിയിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ സ്പിന്നര്‍മാര്‍ നന്നായി പന്തെറിയുകയായിരുന്നു.സൂര്യകുമാര്‍ യാദവ്(14 പന്തില്‍ 22) സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. രവീന്ദ്ര ജഡേജയും മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്തു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ പത്തോവറില്‍ 30 റണ്‍സ് മാത്രം വഴി ഒരു വിക്കറ്റെടുത്ത കേശവ് മഹാരാജാണ് ഏറ്റവും തിളങ്ങിയത്. കഗിസോ റബാദ പത്തോവറില്‍ 48 റണ്‍സിന് ഒരു വിക്കറ്റെടുത്തു. മാര്‍ക്കോ യാന്‍സന്‍,ലുങ്കി എങ്കിഡി, തബ്രീസ് ഷംസി എന്നിവരെല്ലാം ഓരോ വിക്കറ്റെടുത്തു.












Click it and Unblock the Notifications